നല്ല രക്ഷകർത്താവാകാൻ അഭ്യസിക്കേണ്ട ചില ശീലങ്ങൾ

1. മക്കൾ നമ്മുടെ മാത്രം സ്വന്തമല്ല

മക്കൾ തങ്ങളുടെ മാത്രം സ്വന്തമാണെന്നാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാൽ മക്കൾ ദൈവം തന്ന ദാനമാണ്. തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിൽ നിറവേറപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി പ്രാർത്ഥിക്കുന്നവരുമാണ് പല മാതാപിതാക്കളും. പക്ഷേ ദൈവം ദാനമായി തന്ന മക്കളെ ദൈവഹിതപ്രകാരം വളർത്താൻ പല മാതാപിതാക്കളും മറന്നുപോകുന്നു.

മക്കൾ എന്റേതു മാത്രമാണെന്ന് വാശി പിടിക്കരുത്. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും മക്കളിലൂടെ നിറവേറപ്പെടാൻ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ദൈവഹിതം പൂർത്തിയാകാനും ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

2. മക്കളുടെ കഴിവുകൾ തിരിച്ചറിയാനും അഭിനന്ദിക്കാനും സാധിക്കട്ടെ

സാധാരണയായി മറ്റുള്ളവരെ അഭിനന്ദിക്കുന്ന ഒരു ശീലം നമുക്കില്ലെങ്കിൽ ആ ശീലം വളർത്തിയെടുക്കുക. നമ്മുടെ മക്കളെ അഭിനന്ദിച്ചുകൊണ്ടാകട്ടെ തുടക്കം. മറ്റുള്ളവരുടെ നല്ല കഴിവുകളെ വിലയുള്ളതായി കാണുന്നവരാകാം. അതോടൊപ്പം തന്നെ അവരെ അഭിനന്ദിക്കാനും നമുക്ക് സാധിക്കണം.

മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞു അവരെ അഭിനന്ദിക്കുകയും ചെയ്യുക. മുതിർന്നു കഴിയുമ്പോൾ നല്ല മക്കളായിത്തീരാൻ അത് അവരെ സഹായിക്കും.

3. ഓരോ കുട്ടിയുമായും വ്യക്തിപരമായി അൽപം സമയം ചിലവഴിക്കുക

മാതാപിതാക്കൾ പലപ്പോഴും തിരക്കേറിയ ജീവിതത്തിലായിരിക്കും. അതിനാൽ പലപ്പോഴും മക്കളെ വേണ്ടവിധം ശ്രദ്ധിക്കാൻ സാധിച്ചെന്നു വരില്ല. ഒന്നിലധികം മക്കളുള്ള കുടുബത്തിൽ എല്ലാവർക്കും പ്രത്യേകം സമയം മാതാപിതാക്കൾ കൊടുക്കുന്നത് നല്ലതാണ്. പഠനം, ദൈവവുമായിട്ടുള്ള ബന്ധം, കൂട്ടുകാർ എന്നിവയെക്കുറിച്ചൊക്കെ ഈ സമയം സംസാരിക്കാം. അതിനായി പ്രത്യേകം സമയം ചിലവഴിക്കാം.

4. ക്ഷമാശീലം അഭ്യസിക്കാം

ക്ഷമ ചോദിക്കുന്നതിനും മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനും ഒക്കെയുള്ള ഒരു പരിശീലനം മാതാപിതാക്കൾ മക്കൾക്ക് ദൈനംദിന ജീവിതത്തിലൂടെ നൽകുവാൻ പരിശ്രമിക്കാം. കുടുബത്തിൽ നിന്നും സ്വീകരിക്കുന്ന നല്ല മാതൃകകൾ നമ്മെ നല്ല വ്യക്തികളാക്കും. അതിനാൽ മക്കൾക്ക് നല്ല ശീലങ്ങൾ അഭ്യസിക്കാനുള്ള വേദികളാക്കി കുടുബങ്ങളെ മാറ്റുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.