സൊമാലിയ വരൾച്ചയുടെ പിടിയിൽ: സേവ് ദ ചിൽഡ്രൻ

സൊമാലിയയിൽ തുടരുന്ന കടുത്ത വരൾച്ചയിൽ രണ്ടരക്കോടിയിലധികം ആളുകൾ ബുദ്ധിമുട്ടുന്നു എന്ന് സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടന അറിയിച്ചു. വരൾച്ചാ അടിയന്തിരാവസ്ഥ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ, സോമാലിയയിലെ കുട്ടികളും മുതിർന്നവരുമായ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും ജലദൗർലഭ്യതയും മൂലം മരണഭീതിയിലാണെന്ന് സംഘടന വെളിപ്പെടുത്തി.

2021 വർഷത്തിന്റെ അവസാനത്തോടെ അഞ്ചു വയസിന് താഴെ മാത്രം പ്രായമുള്ള ഒന്നേകാൽ കോടിയോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവുമൂലമുള്ള ദുരിതങ്ങൾ അനുഭവിക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഈയൊരവസരത്തിൽ തങ്ങളാലാകുന്ന വിധത്തിൽ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ അന്താരാഷ്ട്രസംഘടന, തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ സഹായങ്ങൾ ആവശ്യപ്പെട്ടു.

സോമാലിയയിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനവും വരൾച്ചയുടെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആകെയുള്ള 74 ജില്ലകളിൽ 66 ജില്ലകളിലും കടുത്ത ജലദൗലഭ്യത അനുഭവപ്പെടുന്നുണ്ട്. കടുത്ത വരൾച്ചയിൽ ജലസ്രോതസ്സുകൾ വറ്റിയതുമൂലം കൃഷിവിളകൾ നഷ്ടപ്പെട്ടുവെന്നും, പലയിടങ്ങളിലും മൃഗങ്ങൾ ചത്തൊടുങ്ങുന്നുണ്ടെന്നും, റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി പ്രതികൂലസാഹചര്യങ്ങളിലും പിടിച്ചു നിൽക്കുന്നവരാണെങ്കിലും, നിലവിലെ വരൾച്ച അതിരൂക്ഷമാണെന്നും, അതിനെ തരണം ചെയ്യാൻ സാധാരണ ആളുകൾക്ക് അസാധ്യമാണെന്നും സോമാലിയയിലെ സേവ് ദ ചിൽഡ്രൻ ഡയറക്ടർ മുഹമ്മദ് മുഹമ്മദ് ഹസൻ പറഞ്ഞു.

അപകടകരമായ അവസ്ഥയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും 100 വർഷത്തിലേറെയായി പോരാടുന്ന അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രൻ, ഇപ്പോഴത്തെ പ്രതിസന്ധിയിൽ, വരൾച്ച ബാധിത സമൂഹങ്ങൾക്കും കുട്ടികൾക്കും ജലവും ഭക്ഷണവും നൽകുകയും, പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നുണ്ട്. നിലവിലെ കാലാവസ്ഥാ പ്രതിസന്ധിയിൽ സോമാലിയയിലെ കുട്ടികൾ കാരണക്കാരല്ലെന്നും, അന്തരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത്, കുട്ടികളുടെ സംരക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും സേവ് ദ ചിൽഡ്രൻ സോമാലിയ ഡയറക്ടർ മുഹമ്മദ് ഹസൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.