അഗ്നിബാധയാല്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മ

വിവിധ രാജ്യങ്ങളില്‍ അഗ്നിബാധയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മ. ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും റഷ്യ, ഗ്രീസ്, അല്‍ബേനിയ എന്നിവിടങ്ങളിലെ വിവിധ ക്രൈസ്തവ മതാദ്ധ്യക്ഷന്മാര്‍ക്കുമായി ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയുടെ ഇടക്കാല സെക്രട്ടറി ജനറലും റൊമാനിയയിലെ ഓര്‍ത്തഡോക്‌സ് വൈദികനുമായ ഫാ. ഇവാന്‍ സൗക്ക അയച്ച കത്തിലാണ് അവരുടെ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന അഗ്നിബാധകളില്‍ ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയുടെ പേരില്‍ അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കിയ ഈ സന്ദേശത്തില്‍, ഈ വര്‍ഷം ലോകമെമ്പാടുമുണ്ടായ തീപിടുത്തങ്ങള്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഉയര്‍ന്നതല്ല എന്ന് വ്യക്തമാണെങ്കിലും നിലവിലുള്ള തീപിടുത്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി വര്‍ദ്ധിച്ചുവരുന്ന തീവ്രപ്രതിഭാസങ്ങളുടെ ഭാഗമാണ് എന്നും ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മ രേഖപ്പെടുത്തി. അപകടങ്ങളില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകളില്‍ നിന്ന് തരണം ചെയ്യാനും പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയ ആളുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം.

നിലവില്‍ ലോകത്ത് അപകടകരമായ വിധത്തില്‍ അഗ്നിബാധയുള്ളത് ഗ്രീസ്, തുര്‍ക്കി, ഇറ്റലി, അല്‍ബേനിയ, റഷ്യ എന്നിവിടങ്ങളിലാണ്. കഴിഞ്ഞ ജൂലൈയില്‍ അമേരിക്കന്‍ ഐക്യനാടുകളിലുണ്ടായ തീപിടുത്തം അവിടെയുള്ള 12 സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നിരുന്നു. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ നാലു ലക്ഷം ഏക്കര്‍ ഭൂമിയിലാണ് തീ പടര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.