അപ്രതീക്ഷിത മഞ്ഞു വീഴ്ചയെ ആഘോഷമാക്കി റോമന്‍ നിവാസികള്‍ 

അപ്രതീക്ഷിതമായ മഞ്ഞു വീഴ്ച്ചയെ ആഘോഷത്തിന്റെ അവസരമാക്കി മാറ്റിയിരിക്കുകയാണ് റോമിലെ ആളുകള്‍. തിങ്കളാഴ്ച രാവിലെയാണ് കനത്ത മഞ്ഞുപാളികള്‍ റോമിന്റെ തെരുവുകളെ നിശ്ചലമാക്കിയത്. മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് സ്കൂളുകളും ഗതാഗതവും താല്‍ക്കാലികമായി  നിര്‍ത്തിവെച്ചു. കൂടാതെ വത്തിക്കാൻ മ്യൂസിയവും മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും അടച്ചിട്ടു. സെന്റ് പീറ്റേഴ്സ് ബസലിക്ക മാത്രമാണ് തീർത്ഥാടകർക്കായി തുറന്നു കൊടുത്തത്.

സാധാരണ ഗതിയില്‍ ചൂടുകാപ്പിയുമായി വീടുകള്‍ക്ക് ഉള്ളില്‍ കഴിഞ്ഞു കൂടാറുള്ള ആളുകള്‍ അതില്‍ നിന്ന് വ്യത്യസ്തമായി സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിന്റെ സമീപത്തെത്തുകയും വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ചിലര്‍ മഞ്ഞുകട്ടകള്‍ എറിഞ്ഞു കളിച്ചു. മറ്റുചിലര്‍ ചില രൂപങ്ങള്‍ നിര്‍മ്മിച്ചു. ചിലരുടെ ശ്രദ്ധ മഞ്ഞു മനുഷ്യന്മാരെ ഉണ്ടാക്കുന്നതിലായിരുന്നു. കന്യസ്ത്രികളും വൈദികരും വൈദിക വിദ്യാര്‍ഥികളും ഈ ആവേശത്തിൽ പങ്കുചേർന്നു.

 റോം നഗരത്തിലെ മിക്ക കെട്ടിടങ്ങളും മഞ്ഞില്‍ കുളിച്ചു നിന്നിരുന്നു. മഞ്ഞില്‍ കുളിച്ചു  നിന്നിരുന്ന സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ താഴികക്കുടവും മറ്റും ക്യാമറയിലാക്കുവാന്‍ നിരവധി ആളുകളാണ് എത്തിയിരുന്നത്. റോമില്‍ മഞ്ഞുവീഴ്ച അപൂര്‍വമായ ഒന്നാണ്. 2012 ൽ ആണ് അവസാനമായി മഞ്ഞുവീഴ്ച ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.