സ്നേഹം വിളമ്പുന്ന വീട്ടിൽ

[avatar user=”Sheen” size=”120″ align=”right”]Sheen Palakkuzhy[/avatar]

മാമാ… വിശക്കുന്നു…!

“മാ…മാ…!” എന്നൊരു നീളമുള്ള വിളിയിൽ ആ മെസ്ഹാൾ മുഴുവനും ഒരു നിമിഷത്തേക്ക് നിശബ്ദമായി. ഉച്ചഭക്ഷണം വിളമ്പാൻ തിരക്കിട്ട് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന എല്ലാവരും ഒരു നിമിഷം തലയുയർത്തി നോക്കി. പിന്നെ ഒരു ഒന്നും സംഭവിക്കാത്ത പോലെ, ചെറുപുഞ്ചിരിയോടെ തങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലികൾ തുടർന്നു.

“മാമാ… വിശക്കുന്നു…!” നട്ടുച്ച നേരത്ത്, ആദ്യമായി കേൾക്കുന്നവരുടെ ചങ്കുലയ്ക്കുന്ന ഒരു നിലവിളിയോടെ, ആ ഭക്ഷണശാലയിലക്ക് കടന്നു വന്നത് അഹമ്മദ് സുൾഫിയെന്ന തമിഴുനാടുകാരൻ ചെറുപ്പക്കാരനായിരുന്നു. നിരാലംബർക്കു വേണ്ടി നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന സ്നേഹവീട്ടിലെ ഇരുപത്തി മൂന്നു വയസ്സു മാത്രമുള്ള ഇളമുറക്കാരൻ! പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരും ഏറ്റെടുക്കാനില്ലാതെ അധികൃതർ അവനെ സ്നേഹവീട്ടിലെത്തിച്ചതാണ്. പ്രാർത്ഥനാ മുറിയിൽ ഉച്ചഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥന തീരുംമുമ്പേ കന്യാസ്ത്രീയമ്മയുടെ കണ്ണുവെട്ടിച്ചു മുങ്ങിയതാണവൻ! അവന്റെ പതിവു കുസൃതികളിലൊന്ന്!

വയറിൽ തൊട്ട്, ‘വിശക്കുന്നു’ എന്ന് കിണുങ്ങിക്കൊണ്ടു നിന്ന അവനെ സ്നേഹവീടിന്റെ കുടുംബനാഥനായ ജോഷ്വാച്ചൻ കൈപിടിച്ചൊരു സീറ്റിലിരുത്തി. പിന്നെ ഭക്ഷണപ്പൊതികൾ ഒരുക്കിവച്ചു കൊണ്ടിരുന്ന നസ്രത്ത് ഹോം സ്കൂളിലെ കുട്ടികളെ ചൂണ്ടി ‘ഭക്ഷണം ഉടനെത്തും’ എന്ന് വാൽസല്യത്തോടെ അവനു പറഞ്ഞു കൊടുത്തു. അത്രയും മതിയായിരുന്നു അവന്! മുഖത്തു വിടർന്ന സന്തോഷമുള്ള ചിരിയോടെ, ഒരു ചെറിയ കുഞ്ഞിനെപ്പോലെ അവൻ അച്ചന്റെ ശരീരത്തിലേക്കു ചാഞ്ഞു.

അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞ് മറ്റുള്ളവർ എത്തിത്തുടങ്ങി. ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ എത്തിപ്പിടിക്കാനുള്ള തിരക്കാണ്. അതിനിടയിൽ ചിലർ മെസ്ഹാളിനു പകരം ഡോർമെട്രികളിലേക്ക് വഴിതെറ്റി നടന്നു. മന:പൂർവ്വമല്ല, ഭക്ഷണത്തിന്റെ കാര്യം മറന്നു പോയതാണ്! ചിലർ ബാത്ത്റൂമിലേക്ക്. ചിലർ പച്ചക്കറിത്തോട്ടത്തിലേക്ക്. മറ്റു ചിലരാകട്ടെ വരുന്ന വഴി വരാന്തയിൽത്തന്നെയിരുന്ന് കൊച്ചുവർത്തമാനങ്ങൾ തുടങ്ങി. എന്നാൽ ജോഷ്വാച്ചന്റെ ഘനഗാംഭീര്യമാർന്ന ശബ്ദം മുഴങ്ങിയതോടെ വഴിതെറ്റിയ കുഞ്ഞാടുകളെല്ലാം അനുസരണയോടെ മെസ്ഹാളിലേക്കു നടന്നു. ഇടയന്റെ സ്വരഭേദങ്ങൾ കുഞ്ഞാടുകൾക്കു നല്ലവണ്ണമറിയാം.

ഇത് സ്നേഹവീടാണ്! മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനം എട്ടു വർഷങ്ങൾക്കു മുമ്പ്, നിരാലംബരായ ആളുകൾക്കു വേണ്ടി നാലാഞ്ചിറയിൽ ആരംഭിച്ച ഭവനം. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ജീവകാരുണ്യ പദ്ധതികളിലൊന്ന്.

തെരുവിൽ നിന്നു കിട്ടിയവരും വീട്ടുകാർ കൈയ്യൊഴിഞ്ഞവരും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ബന്ധുക്കൾ ഉപേക്ഷിച്ചവരും ഭിന്നശേഷിക്കാരും ഒക്കെയായ നൂറിലധികം സഹോദരൻമാർ ഒരുമിച്ചു വസിക്കുന്ന ഒരു കുഞ്ഞു വീടാണിത്! സ്നേഹവീടെന്നല്ലാതെ എന്താണിതിനെ വിളിക്കുക!

നസ്രത്ത് ഹോമിലെ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്നു തയ്യാറാക്കിയ ഉച്ചഭക്ഷണപ്പൊതികളുമായി ഒരു നേരത്തെ അന്നം പങ്കിടാൻ കുട്ടികൾക്കൊപ്പം കഴിഞ്ഞ ദിനങ്ങളിലൊന്നിൽ സ്നേഹവീട്ടിൽ എത്തുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല, അന്നം എന്ന വാക്കിന് ഇത്രയേറെ ആഴമുണ്ടാവുമെന്ന്!

വാട്ടിയ തൂശനിലത്തുമ്പിൽ ഒരമ്മയുടെ സ്നേഹം ചേർത്തു പൊതിഞ്ഞെടുത്ത ആവിപറക്കുന്ന ചോറും കറികളും എത്ര ആദരവോടെയാണ് അവർ സ്വീകരിച്ചത്. ദൈവത്തെ മുന്നിൽ കണ്ടാലെന്ന പോലെ ചിലർ അതിനു മുന്നിൽ കരങ്ങൾ കൂപ്പി പ്രാർത്ഥിക്കുകയാണ്. പൊതിയഴിക്കാൻ പോലും ശങ്കിച്ച് മറ്റു ചിലർ! ചിലരുടെ കണ്ണുകൾ നനയുന്നുണ്ട്. ചിലർ വലിയ ഹൃദയ വ്യഥയനുഭവിക്കുന്നുണ്ട്. തിളങ്ങുന്ന കണ്ണുകളോടെ ചിലർ. ശരീരത്തിന്റെ ആർത്തികളെ പ്രതിരോധിക്കാൻ ആവതില്ലാതെ ആർത്തിപൂണ്ട് നിസ്സഹായരായിപ്പോകുന്ന മറ്റു ചിലർ.

നൂറു ജീവിതങ്ങൾ! നൂറനുഭവങ്ങൾ! നൂറു ഭാവങ്ങൾ! നൂറു പ്രതികരണങ്ങൾ! ഒരു നേരത്തെ അന്നം ഓർമ്മിപ്പിക്കുന്നത് ഒരായിരം കാര്യങ്ങളാണ്.

തെരുവിൽ കുപ്പത്തൊട്ടികളിൽ നായ്ക്കൾക്കൊപ്പം കടിപിടി കൂടി, ഒരിക്കലെങ്കിലും ഒരു നേരത്തെ അന്നം സമ്പാദിച്ചിട്ടുള്ള ഒരാൾക്ക് കണ്ണീരോടും കൃതജ്ഞതയോടും കൂടിയല്ലാതെ എങ്ങനെ സ്നേഹം മണക്കുന്ന ആ പൊതിച്ചോറിനു മുന്നിലിരിക്കാനാവും!

ഒരു നൂറു ചോറ്റുപൊതികൾ ഒരുമിച്ചഴിക്കുമ്പോൾ ആ അന്തരീക്ഷത്തെ കീഴടക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദ്യമായ ഗന്ധം, ഓർമ്മകൾ ഒരു തരിയെങ്കിലും ബാക്കിയുള്ളവരെ ഒരു പഴയ കാലത്തിലേക്കു വിളിച്ചുണർത്താതിരിക്കുമോ?

ഒരു മേശമേൽ, വിളമ്പിവച്ച ഒരുപിടി ചോറിനു മുന്നിലിരിക്കുമ്പോൾ, ഭൂതകാലം എത്ര നഷ്ടപ്പെട്ടവരാണെങ്കിലും, നെറ്റിയിലെ വിയർപ്പു കൊണ്ട് അന്നം സമ്പാദിച്ചു തന്ന ഒരപ്പനെ ഓർമ്മിക്കാതിരിക്കുമോ? വാൽസല്യത്തിന്റെ അപ്പം സ്നേഹത്തീയിൽ ചുട്ടെടുത്തു നാവിൽ വച്ചു തന്ന ഒരമ്മയെക്കുറിച്ചു ചിന്തിക്കാതിരിക്കുമോ?

ഈ ആഹാരത്തിനു മുന്നിലിരിക്കുമ്പോൾ, അവരെ സംബന്ധിച്ച് ഇത് ഉദരത്തിന്റെ വിശപ്പുകൾ മാത്രം ശമിപ്പിക്കുന്ന ഒന്നല്ല. അദൃശ്യമായൊരു കരുതൽ, സ്നേഹം, അലിവ്, സംരക്ഷണം, ആനന്ദം, ഒക്കെയനുഭവിക്കുന്നുണ്ട് ഈ പാവങ്ങൾ! ആരൊക്കെയോ തങ്ങൾക്കുണ്ടെന്ന തോന്നലുണ്ടാകുന്നുണ്ട്. ജീവിതത്തോട് കൂടുതൽ സ്നേഹമുണ്ടാകുന്നുണ്ട്. തങ്ങൾ തോറ്റു പോയവരാണെന്നുള്ള മിഥ്യാബോധങ്ങൾ അകലുന്നുണ്ട്. തങ്ങളും മനുഷ്യരാണെന്ന ചിന്തയിലേക്ക് അവരും വളരാൻ തുടങ്ങുന്നുണ്ട്!

ആളും ആരവങ്ങളും നിലച്ച്, അതിഥികൾ വിട പറഞ്ഞ്, നമ്മുടെ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ഭക്ഷണമേശകളിൽ നിന്ന് നിലംപതിച്ച് ചവറ്റുകുട്ടകളിലേക്ക് തുടച്ചു നീക്കപ്പെടുന്ന അപ്പക്കഷ്ണങ്ങൾ കൊണ്ടു മാത്രം അനേകരുടെ വിശപ്പകറ്റാനാവില്ലേ? ഒരു തരി വറ്റു പോലും പാഴായിപ്പോവാതെ വിശക്കുന്നവന്റെ നാവിൽ സ്നേഹത്തോടെ എത്തിക്കാൻ നമുക്കുള്ള കടമകൾ എത്രയെളുപ്പത്തിലാണ് നാം മറന്നു പോകുന്നത്.

അന്നം, അതു കൊടുക്കുന്നവന്റെ ഔദാര്യത്തേക്കാൾ വിശക്കുന്നവന്റെ അവകാശമല്ലേ?

തിരക്കുകൾക്കിടയിൽ, ഒരിറ്റു സമയം കണ്ടെത്തി, കുചേലന്റെ പാഥേയം പോലെ, ഒരു പിടിച്ചോറിനൊപ്പം നിങ്ങളുടെ സ്നേഹം പൊതിഞ്ഞെടുത്ത്, ഒരു ദിവസം സ്നേഹവീട് സന്ദർശിക്കുമോ?

ഡയറക്ടർ,
ആർച്ചുബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീട്,
ബനഡിക്ട് നഗർ, നാലാഞ്ചിറ പി. ഒ.,
തിരുവനന്തപുരം- 695 015
ഫാ. ജോഷ്വാ കന്നീലേത്ത് 9847122245,
ഫാ. സാമുവൽ പാറവിള 9645408681

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.