സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ് കാരുണ്യത്തിന്‍റെ സേവകർ: മാര്‍ ആലഞ്ചേരി

സുവിശേഷചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സേവനങ്ങളിലൂടെ സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ് കാരുണ്യത്തിന്‍റെ ശുശ്രൂഷകരായി തിളങ്ങുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.  സ്‌നേഹഗിരി മിഷനറി സമൂഹത്തിന്‍റെ സുവര്‍ണ്ണജൂബിലി സമാപനത്തോടനുബന്ധിച്ച് ഇന്നലെ, പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കാരുണ്യം നല്‍കുന്നതില്‍ ശ്രദ്ധയുള്ളവരും സ്‌നേഹം പ്രാവര്‍ത്തികമാക്കുന്നവരുമാണ് സ്‌നേഹഗിരി സന്യാസിനീ സമൂഹം. ആളുകളുടെ ജീവിതാവസ്ഥകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേഷിതര്‍ക്ക് സാധിക്കണം. ഇങ്ങനെ ഇറങ്ങിച്ചെല്ലുമ്പോള്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടാകും. ജാഗ്രതയോടെ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച്‌ കാരുണ്യം ചെയ്യണം. ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ രീതിയില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹബലിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേൽ, മാര്‍ ആന്‍റണി കരിയിൽ, മാര്‍ ജോസഫ് കൊല്ലംപറമ്പിൽ, മാര്‍ ജേക്കബ് മുരിക്കൻ, മാര്‍ എഫ്രേം നരികുളം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് പാരീഷ്ഹാളില്‍ ചേര്‍ന്ന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രതിബദ്ധത കൂടുതലാവശ്യമുള്ള മേഖലകളിലേയ്ക്ക് കടന്നുവന്ന് ശുശ്രൂഷ ചെയ്ത് യേശുവിന്‍റെ സന്ദേശം പ്രവൃത്തിപഥത്തിലെത്തിക്കുകയാണ് സ്‌നേഹഗിരി സമൂഹം ചെയ്യുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.