തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

ലത്തീൻ സഭയിൽ സെപ്റ്റംബർ മൂന്നാം തീയതി മഹാനായ വി. ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു (540 – 604). എ.ഡി. 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിന്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസംനീയമാണ്. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

തുമ്മലിനു ശേഷം ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’, ‘നല്ല ആരോഗ്യം’ തുടങ്ങി പല സംജ്ഞകളും പാശ്ചാത്യലോകത്തും ‘ഈശോ’, ‘അമ്മേ’ തുടങ്ങിയ നാമങ്ങൾ മലയാളികളായ കത്തോലിക്കരുടെ ഇടയിലും സർവ്വസാധാരണമാണ്. ഇതെങ്ങനെ രൂപപ്പെട്ടു, എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന ശൈലി പഴയനിയമത്തിൽ നിന്നും ആദിമ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും വരുന്നതാണ്. സംഖ്യയുടെ പുസ്തകത്തിൽ ഈ ആശംസ നാം കാണുന്നു, “കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ” (സംഖ്യ 6:24). “ദൈവം നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ” എന്ന വാക്യം ആദിമ ക്രൈസ്തവരുടെ ആരാധനക്രമത്തിൽ സർവ്വസാധാരണയായി ഉപയോഗിക്കുന്ന ആശംസയായിരുന്നു.

ഏഴാം നൂറ്റാണ്ട് മുതലാണ് ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന ശൈലി തുമ്മലുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണമാണ് ഈ ശൈലി ഉപയോഗിക്കാൻ തുടങ്ങിയത്. യൂറോപ്പിലാകമാനം പ്ലേഗ് പടർന്നുപിടിച്ചിരുന്ന സമയത്താണ് (എ.ഡി. 590) മഹാനായ ഗ്രിഗറി ഒന്നാമൻ, മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. തുമ്മൽ വഴി ആയിരുന്നു പ്ലേഗിന്റെ വൈറസ് പ്രധാനമായും പടർന്നിരുന്നത്. അതിനാൽ എ.ഡി. 600 ഫെബ്രുവരി 6 -ന് അദ്ദേഹം പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ, ആരു തുമ്മിയാലും ദൈവത്തിന്റെ സംരക്ഷണം യാചിച്ചുകൊണ്ട് ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന് ആശംസിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മറ്റൊരു പാരമ്പര്യമനുസരിച്ച്, തുമ്മുമ്പോൾ ഒരു മനുഷ്യൻ പെട്ടെന്ന് പിശാചിന്റെ പ്രലോഭനങ്ങൾക്കു വഴങ്ങുമെന്നു കരുതിയിരുന്നു, അതിൽ നിന്നു രക്ഷ നേടാനായി ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്നു മറ്റുള്ളവർ ആശംസിച്ചിരുന്നു.

എന്തു തന്നെയായാലും രോഗമോ, സഹനങ്ങളോ വരുമ്പോൾ ദൈവനാമം വിളിച്ച് ആശംസ നേരുന്നത് സൗഖ്യദായകവും നല്ല പാരമ്പര്യവുമാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.