മാധ്യമങ്ങളേ, നിങ്ങള്‍ കണ്ടതല്ല സന്യാസം!

സുനീഷ നടവയല്‍

സെക്കന്റുകളെ പോലും വിഭജിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്റെ മുമ്പിലേയ്ക്ക്, ഇപ്പോൾ നടക്കുന്നതെന്തും വാർത്തയാക്കുന്ന ഒരു കൂട്ടം മാധ്യമ സംസ്കാരത്തിന്റെ ആകെത്തുകയായി മാറിക്കൊണ്ടിരിക്കുകയാണ് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്താധാരകളും. കൺതുറന്നിരിക്കുന്ന ജനങ്ങളുടെ ചിന്തകളിലേയ്ക്ക്, അവരറിയാതെ നിറച്ചുവയ്ക്കുന്ന വിവരശേഖരത്തിന്റെ ആഴവും വ്യാപ്തിയും അളന്നു തിട്ടപ്പെടുത്തുവാൻ അസാധ്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, എന്തും വാർത്തയാക്കുവാനും വളച്ചൊടിക്കുവാനുമുള്ള വക്രദൃഷ്ടിയെ ഇന്ന് പൊതുസമൂഹം അറിഞ്ഞോ അറിയാതെയോ തങ്ങളുടെ വിശ്വാസത്തിന്റെ മാഗ്നാകാർട്ടയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പറയുന്നതും കാണിക്കുന്നതുമല്ല, അതിനുമപ്പുറത്ത് എന്തൊക്കെയോ ചില യാഥാർത്ഥ്യങ്ങളോ കാഴ്ചപ്പാടുകളോ ഉണ്ട് എന്ന ബോധ്യമോ വീണ്ടുവിചാരമോ ഉണ്ടാകാൻ ഇടവരാത്തവണ്ണം, വിശ്വാസ്യതയുടെ മയക്കുമരുന്ന് വാക്കുകളിൽ നിറച്ച്, ബുദ്ധിയിൽ കുത്തിവയ്ക്കുന്ന സമൂഹത്തിന്റെ വികസനത്തിന്റെയും അറിവിന്റെയും ആരക്കാലുകൾ സ്വയം തിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇത്തരം മാധ്യമങ്ങൾ സ്വയം വിമർശനത്തിനൊരുങ്ങുന്നത് നല്ലതാണ്.

ആഘോഷിക്കുവാൻ വാർത്തകൾ തിരഞ്ഞു നടക്കുമ്പോൾ, കൈയ്യിൽ കിട്ടിയതിനെ തോലുരിഞ്ഞ് ഉള്ളിലുള്ളതെല്ലാം പുറത്തെടുത്ത് കാഴ്ചക്കാരെ രസിപ്പിക്കുന്ന രീതിയിൽ വാക്കുകളിൽ ആവശ്യത്തിലേറെ രുചിക്കൂട്ടുകൾ ചേർത്തു വിളമ്പുമ്പോൾ, വിവേകശാലികളെന്നു നടിക്കുന്നവർക്കു പോലും സത്യവും മിഥ്യയും തിരിച്ചറിയുവാൻ പ്രയാസം തോന്നും .അതുകൊണ്ടു തന്നെ അത്തരമൊരു ബൂമിങ്ങിനു പിന്നാലെ കവണയും കല്ലുകളുമായി നടക്കുന്ന ഒരു കൂട്ടം യുക്തിവാദികളെയും നമുക്ക് കാണുവാൻ സാധിക്കും. അത്തരത്തിൽപ്പെട്ട ഒരു വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ചർച്ച ചെയ്യുന്ന, സന്യസ്തർക്കെതിരെയുള്ള പരാമർശങ്ങൾ.

എന്തുകൊണ്ട് കത്തോലിക്കാ സഭയെ മാത്രം ലക്ഷ്യം വെയ്ക്കുന്നു എന്ന ചോദ്യം ചില കാര്യങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. നാടിന്റെ നെടുംതൂണുകളായ വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സാംസ്‌കാരിക സംഘടനകൾ, കേന്ദ്രങ്ങൾ എന്നിവയുടെ കൈവശാവകാശക്കാർ എന്ന ഖ്യാതി നമുക്കുണ്ട് . അതുകൊണ്ടു തന്നെ വിശ്വാസപരമായ കാര്യങ്ങൾ മാത്രമാണ് ഒരു മതത്തിന്റെ അടിസ്ഥാനം എന്ന് വരുത്തിത്തീർത്ത് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ സഭയ്ക്ക് ആവശ്യമുണ്ടോ എന്നും, ഇതൊക്കെ ഉള്ളതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നതുമെന്നുള്ള വശങ്ങൾ പറഞ്ഞ് സാധാരണ വിശ്വാസികളുടെ മനസിൽ പോലും നെഗറ്റീവായ കാഴ്ചപ്പടുകള്‍ ഉണ്ടാക്കിയെടുക്കുന്നു. ഇതിനു പിന്നിലെ വർഗ്ഗീയതയെ നാം മനസ്സിലാക്കിയില്ലെങ്കിൽ നാളെ നമ്മുടെ വീടുകളിൽ പോലും കയറിവന്ന് മതപരിവർത്തനത്തിനു വേണ്ടിയുള്ള ലഘുലേഖകൾ വിതരണം ചെയ്യുവാൻ ഇത്തരക്കാർ മടിക്കുകയില്ല.

ചർച്ച് ബിൽ നിയമം നടപ്പിൽ വരുത്തില്ലായെന്ന ഉറപ്പ് ഉണ്ടെങ്കിൽ പോലും, മറ്റു കാര്യങ്ങൾ പൊതുജനസമക്ഷം അവതരിപ്പിച്ച് സഭയ്‌ക്കെതിരായുള്ള തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കുവാൻ നാം ശ്രമിക്കണം. ആരെയും പരസ്യമായി അപഹസിക്കുമ്പോൾ നോക്കിനിന്ന് അടക്കം പറയുകയും കൈയ്യടിക്കുകയും  ചെയ്യുന്ന നമുക്ക്, നമ്മെത്തന്നെ അവഹേളിക്കുമ്പോൾ അല്ലെങ്കിൽ നമ്മിലൊരു വിഭാഗത്തിനെ തേജോവധം ചെയ്യുന്നത് നോക്കിനിൽക്കുമ്പോൾ, വലിയ താമസമില്ലാതെ നമ്മുടെയെല്ലാം കഴുത്തിൽ കത്തി വയ്ക്കപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. അവഹേളനത്തിന്റെ ആരാച്ചാർമാർക്ക് കൈയ്യടിക്കാതെ, ഒന്നായി നിന്ന്‌ ശക്തി തെളിയിച്ചാൽ ഒരാൾ പോലും നമ്മിലൊരുത്തരുടേയും നേരേ വിരൽ ചൂണ്ടുവാൻ ധൈര്യം കാണിക്കില്ല.

മനഃപ്പൂർവ്വം കലുഷിതമാക്കിത്തീർക്കുവാൻ ശ്രമിക്കുന്ന ഒരു ഏടാണ് കത്തോലിക്കാ സഭയും സന്യാസവും വിശ്വാസജീവിതവും. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നൂലിഴകളിലെ കണ്ണികളിലൊന്നിന് ബലക്ഷയം വന്നു എന്ന് വരുത്തിത്തീർക്കുവാൻ ശ്രമിക്കുന്ന ചില പരോക്ഷ ശക്തികളുടെ പിന്നാമ്പുറ കാഴ്ചകളിലേയ്ക്ക് പലപ്പോഴും നമ്മുടെയൊന്നും കണ്ണുകൾ പായാറില്ല. അതുകൊണ്ടു തന്നെ യാഥാർത്ഥ്യം എന്തെന്ന് മറച്ചുവയ്ക്കപ്പെടുകയോ, സങ്കല്പികമായ ഒരു മറയിട്ട് അതിലെ ‘ചിലതുകളെ’ മാത്രം കാഴ്ചക്കാർക്ക് തുറന്നുവച്ചു കൊടുക്കുകയും ചെയ്യുന്നതല്ല യഥാർത്ഥത്തിൽ മാധ്യമ ധർമ്മം എന്നു പറയുന്നത്.

നിരൂപണങ്ങളാകാം. വിമർശനങ്ങളുമാകാം. എങ്കിലും ഇതിനുമെല്ലാമപ്പുറത്തെ യാഥാർത്ഥ്യങ്ങളെ വരച്ചുകാണിക്കുവാൻ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ വളരാത്തതു കൊണ്ടാണോ അതോ, അതിനു പിന്നിലെ യഥാർത്ഥ കണ്ണുകളുടെ കാഴ്ചശക്തിയെ മറ്റെന്തിന്റെയൊക്കെയോ പേരിൽ അന്ധമാക്കിയതിനാലാണോ എന്ന ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ തുറന്നാൽ ഇന്ന് സന്യാസജീവിതം നയിക്കുന്നവരെല്ലാം ഏതോ വലിയ തെറ്റായ ജീവിതാന്തസ്സാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന ഒരു സന്ദേശമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. തുറന്നുവച്ചിരിക്കുന്ന ഒന്നോ രണ്ടോ ഉദാഹരണങ്ങൾ മാത്രമല്ല യഥാർത്ഥത്തിലുള്ള സന്യാസം എന്ന് മനസ്സിലാക്കുവാൻ നാം ആത്മീയപരമായി കുറച്ചുകൂടി വളരേണ്ടിരിയിരിക്കുന്നു. ക്രിസ്തു കാണിച്ചു തന്ന മാതൃകയിൽ പങ്കുവയ്ക്കലാണ് ഏതൊരു ജീവിതാന്തസ്സിന്റേയും ആധാരം. അതു മാത്രമാണ് അഭികാമ്യവും ആകർഷകവുമായി അത് മാറിയത്. സ്വന്തം പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചുകൊണ്ട് പിതാവ് കാണിച്ചുതന്ന ആദ്യ മാതൃകയാണ് പങ്കുവയ്ക്കൽ. സ്വജീവൻ ബലിയർപ്പിച്ചു കൊണ്ട് നിത്യരക്ഷ നേടിത്തന്ന പുത്രനായ യേശുക്രിസ്തു കാണിച്ചുതന്ന രണ്ടാമത്തെ മാതൃകയും പങ്കുവെയ്ക്കലിന്റെ സുവിശേഷമാണ് . ‘നിങ്ങളും ഇതുപോലെ ചെയ്യുവിൻ ‘ എന്ന് അവിടുന്ന് അന്ത്യ അത്താഴ വേളയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ, തങ്ങളുടെ ജീവിതാന്തസ്സ് കൊണ്ട് പങ്കുവയ്ക്കലിന്റെ മാതൃകകൾ ലോകത്തിനു കാണിച്ചു കൊടുക്കുന്നവനാണ് ഓരോ ക്രൈസ്തവനും. പങ്കുവയ്ക്കപ്പെടൽ എന്ന ചെറിയ ഒരു വാക്കിൽ ഒളിഞ്ഞു കിടക്കുന്നത് മഹത്തായ ഒരുപാട് മൂല്യങ്ങളാണ്.

‘സന്യാസ ഭവനങ്ങളിൽ വ്യക്തിജീവിതങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെപ്പോലും തിരസ്കരിക്കുന്നു; വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു’- എന്നൊക്കെയാണ് മാധ്യമ ഗുരുക്കന്മാരുടെ കണ്ടെത്തലുകൾ. സുഹൃത്തുക്കളേ, ഏതൊരു ജീവിതത്തിലും പ്രത്യേകിച്ച് സന്യാസത്തിൽ പങ്കുവയ്ക്കൽ, അനുസരണം എന്ന സനാതന മൂല്യങ്ങൾ വ്രതമായി ഏറ്റെടുക്കണമെങ്കിൽ തീരെ ചെറിയ ചങ്കൂറ്റമൊന്നുമല്ല വേണ്ടത്. തനിക്കുള്ളതെല്ലാം ഒരോ ചെറിയവർക്കുമുള്ളതാണെന്ന തിരിച്ചറിവുള്ള, സാധാരണയിൽ കവിഞ്ഞ വിശാലമായ മനസ്സും, ഓരോ വ്യക്തിയിലും ക്രിസ്തുവിനെ ദർശിക്കുവാനുള്ള ആത്മീയ ബോധ്യവുമുണ്ടെങ്കിൽ മാത്രമേ സന്യാസം എന്ന വ്രതത്തിന് അർത്ഥവും പൂർണ്ണതയും കൈവരികയുള്ളൂ. അതിനു സാധിക്കാത്തിടത്തോളം കാലം അവർ സന്യാസി / സന്യാസിനി എന്ന് വിളിക്കപ്പെടുവാൻ യോഗ്യരല്ല.

സന്യാസമെന്ന വെല്ലുവിളിയെ പ്രാര്‍ത്ഥന കൊണ്ട് ഏറ്റെടുത്തവർ, നിറഞ്ഞ മനസ്സോടെ അവർ ചെയ്യുന്ന ഏതൊരു കാര്യവും ഈ ലോകത്തിന്റെ നന്മയ്ക്കും വിശുദ്ധിക്കുമാണെന്നുള്ളതിൽ ആർക്കാണ് സംശയം. തങ്ങളുടെ വിളിക്കനുസൃതമായ ജീവിതം നയിക്കുവാൻ ഇന്നുവരെ ആർക്കും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടുണ്ടാകാനിടയില്ല. കാരണം, പാലിക്കപ്പെടാനാകാത്ത ഒരു നിയമസംഹിതയും ഇന്നുവരെ ആരും എവിടെയും എഴുതിച്ചേർത്തിട്ടില്ല. സമൂഹത്തിനു വേണ്ടി ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങൾ കൊട്ടിഘോഷിക്കപ്പെടുവാനാഗ്രഹിക്കാതെ, നിസ്വാർത്ഥമായി ആരാലും ശ്ലാഘിക്കപ്പെടാതെ, പ്രാത്ഥനയുടെ നിറവിൽ സ്വന്തം കരങ്ങളിൽ നൈർമ്മല്യത്തിന്റെ സുഗന്ധം പേറി പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അപരനിൽ ക്രിസ്തുവിനെ മാത്രം ദർശിക്കുന്ന ഒരുപാട് സന്യസ്തർ ഈ ഭൂമിയിൽ ഇന്നും ജീവിക്കുന്നു. തെരുവിൽ അലയുന്നവരെ കോരിയെടുത്ത് നെഞ്ചോടു ചേർത്ത് സ്നേഹവും പ്രാത്ഥനയുടെ ഊർജ്ജവും നൽകി ആശ്വാസമായി മാറുന്നവർ; ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് വ്രണങ്ങളും പുഴുക്കളുമരിക്കുന്ന ജീവച്ഛവങ്ങളെ അറപ്പോ വെറുപ്പോ കൂടാതെ പരിചരിക്കുന്ന നല്ല സമരിയക്കാരായ ഒരുപാട് സന്യസ്തർ. പ്രസവിച്ചില്ലെങ്കിലും മുലയൂട്ടിയില്ലെങ്കിലും അമ്മത്വമെന്ന മഹാസാഗരത്തെ ഹൃദയത്തിലും ജീവിതത്തിലും ആവാഹിച്ച ഒരായുസ്സിന്റെ വ്രതമായേറ്റെടുത്ത് അവന്റെയോ/ അവളുടെയോ കാവലാളായി പ്രാത്ഥനയുടെയും വിശുദ്ധ സ്നേഹത്തിന്റെയും ചിറകിൻ കീഴിൽ പൊതിഞ്ഞുപിടിക്കുന്ന ഒരുപാട് കാവൽമാലാഖാമാരുണ്ടിവിടെ.

ഏകാന്തതയിൽ കുരിശിന്റെ ചുവട്ടിൽ കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ച്, രാവിനെ പകലാക്കുന്ന ജീവിക്കുന്ന വിശുദ്ധരേ, നിങ്ങളുടെ വിശുദ്ധ ചിന്തകൾ പ്രാർത്ഥനാമലരുകളായി വിരിയപ്പെടുമ്പോൾ സഹനങ്ങളെയും വേദനകളെയും അവസാന മണിക്കൂറുകളിൽ ക്രൂശിതൻ അനുഭവിച്ച വിഷമതകളും ദുഃഖങ്ങളും അവഹേളനങ്ങളും ജീവിതകാലം മുഴുവൻ അനുഭവിച്ച് അവിടുത്തെ പാതയിൽ പുഞ്ചിരി മാത്രം കൈമുതലാക്കി കൈയ്യിൽ ജപമണികളും ഹൃദയത്തിൽ ക്രിസ്തുവിന്റെ മുഖദർപ്പണവും പേറി നടന്നുനീങ്ങുന്ന നിങ്ങളെ എന്നും ബഹുമാനത്തോടെയല്ലാതെ നോക്കിക്കാണുവാനാകുന്നില്ല. വിശുദ്ധിയുടെ വെള്ള വസ്ത്രത്തിൽ ഉത്ഥിതന്റെ ഉയർപ്പിലുള്ള വിശ്വാസത്തിന്റെ വെണ്മ മാത്രമേയുള്ളുവെന്ന് സ്വർഗ്ഗത്തിലെത്തിച്ചേരുന്ന നിങ്ങളുടെ നിലവിളികൾക്കുത്തരം തരുന്ന ദൈവത്തെപ്പോലെ തന്നെ ചിലപ്പോളെങ്കിലും വിശ്വാസത്തോടെ ഉയരങ്ങിലേയ്ക്ക് കരങ്ങളുയർത്തുന്ന ഞങ്ങൾക്കുമറിയാം. അനേകർക്ക് വെളിച്ചമാകുന്ന, ഹൃദയം തകർന്നവരുടെ അത്താണിയായ ‘അവനെ’ സ്വന്തമാക്കുവാൻ നിങ്ങൾ കാണിച്ച വെമ്പലിനെ ഞങ്ങൾ ആദരിക്കുന്നു, ബഹുമാനിക്കുന്നു. നിരാശയുടെ പടുകുഴിയിലാഴ്ന്നവർക്ക് കൈത്താങ്ങായ്, ഹൃദയം നുറുങ്ങിയവർക്ക് ആശ്വാസമായ്, സർവ്വോപരി സർവ്വവ്യാപിയായവന്റെ രൂപമായി മാറുവാൻ കഴിയട്ടെ ഓരോ സന്യസ്തർക്കും. പ്രാർത്ഥനാ മംഗളങ്ങൾ.

സുനീഷ നടവയല്‍