ഇഴഞ്ഞു കയറുന്ന പാമ്പുകൾ

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍

“അമ്മച്ചിയേ, പാമ്പ് പാമ്പ്…” പറമ്പിൽ എല്ലായിടത്തും കാണുന്ന “അരണയെ” കുറിച്ച് അല്പം വാചാലനായി വിവരിക്കാൻ ആ കുട്ടി പ്ലാൻ ഇടുമ്പോളാണ് മതിലിന്റെ അപ്പുറത്ത് നിന്നും, ഒരു പാമ്പ് അരണയെ വിഴുങ്ങാൻ ചീറിവന്നത്. ഇതുകണ്ട് കരഞ്ഞ് ജീവനും കൊണ്ടോടുന്ന ഈ ധൈര്യശാലിയുടെ വീഡിയോ ആണ് ഇന്നലെ വൈറൽ ആയത്. ഒത്തിരി ചിരിപ്പിച്ച ഒരു വീഡിയോ… എല്ലായിടത്തും ഇഴഞ്ഞു കയറുന്ന പാമ്പുകളെ കൊണ്ടു തോറ്റല്ലോ, എന്റെ ദൈവമേ !!!

ഇപ്പോൾ പാമ്പുകൾ വാർത്താമാധ്യമങ്ങളിൽ ഇടംപിടിക്കുന്ന കാലമാണ്. ശരിക്കും പറഞ്ഞാൽ പാമ്പിനെ ആർക്കാണ് പേടിയില്ലാത്തത്‌ !!! പാമ്പ് എന്നു കേട്ടാൽ മതി, പിന്നെ ഓടുന്ന വഴിയിൽ പുല്ലുപോലും കിളിക്കില്ല, അത്രയ്ക്കു പേടിയാ മിക്കവർക്കും, എനിക്കും (ഇത് വായിക്കുന്ന നിങ്ങൾക്കും പേടിയുണ്ടെന്ന്, എനിക്ക് മനസിലായി !!!)

ഒരിക്കൽ ജാർഖണ്ഡിൽ വച്ച്, ഒരു വില്ലേജ് സന്ദർശനത്തിനിടെ ഞാന്‍ ഭക്ഷണം കഴിച്ചപ്പോൾ, അത് പാമ്പിന്റെ ഇറച്ചിയാണെന്ന് അറിയാതെ സ്വാദോടെ കഴിച്ചുപോയത് ഓർക്കുന്നു. ക്ഷമിക്കണം കേസ് ആക്കരുത് !! എന്തോ, ചെറുപ്പം മുതലേ പാമ്പിനെക്കുറിച്ചു കേൾക്കുമ്പോൾ തിന്മയുടെ, പിശാചിന്റെ ഒക്കെ പ്രതീകമായിട്ടാണ് കേട്ടിട്ടുള്ളത് ! അതായിരിക്കാം പാമ്പ് ഇത്ര വെറുക്കപ്പെട്ട, ഭയപ്പെട്ട വിഷജീവി ആയിത്തീർന്നത്.

എന്റെ ജീവിതത്തിൽ പാമ്പ് എന്നെ ഒത്തിരി പേടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുല്ലൂരാൻ പാറ റിട്രീറ്റ് സെന്ററിൽ ഒരു മാസം ശുശ്രൂഷ ചെയ്ത സമയത്ത് ഒരു രാത്രി, ധ്യാനക്കാർക്കുള്ള കുർബാന കഴിഞ്ഞ് മുറിയിൽ വന്നുകയറുമ്പോൾ, മുറിക്കുള്ളിൽ വലിയ, വിഷമുള്ള ഒരു പാമ്പ് നീണ്ടുകിടക്കുന്നു. എന്റെ അലറൽ കേട്ട് അവിടെയുണ്ടായിരുന്ന അച്ചന്മാരും ശുശ്രൂഷകരുമെല്ലാം ഓടിക്കൂടി ആ പാമ്പിനെ തല്ലിക്കൊന്നു. ആ നാളുകളിൽ ഞാൻ എവിടെ പോയാലും, വഴിയിൽ വച്ച് പലപ്രാവശ്യം പാമ്പിനെ കാണുന്നത് പതിവായി. ഒടുവിൽ എന്റെ വീട്ടിൽ അവധിക്കു പോയപ്പോൾ, ഞാന്‍ കിടന്നുറങ്ങിയ മുറിയില്‍ ഓടിന്റെ ഇടയിലൂടെ മൂർഖൻ പാമ്പ് ഇറങ്ങിവന്നു പേടിപ്പിച്ചപ്പോൾ… പിന്നെ ഞാൻ ഒന്നും നോക്കിയില്ല, ഉടനെ, ഗീവ്വർഗീസ് പുണ്യളന് ഒരു നേർച്ചയും നേർന്നു, ധ്യാനകേന്ദ്രത്തിലെ അച്ചനെക്കൊണ്ട് തലയ്ക്കു പിടിച്ചു പ്രാർത്ഥിപ്പിച്ചു. അതിൽ പിന്നെയാണ് എന്റെ വഴികളിൽ പാമ്പ് അപ്രത്യക്ഷമായി തുടങ്ങിയത്.

പൗരോഹിത്യത്തിന്റ ശക്തി അന്ന് ശരിക്കു മനസ്സിലായി! അതേ, കർത്താവ് ആശീർവാദം നൽകിയവരല്ലേ പുരോഹിതർ, ദൈവനാമത്തിൽ അവർ കരമുയർത്തിയാൽ മാറിപ്പോകാത്ത ഒരു പ്രതിസന്ധിയും ഇല്ല. “ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകലശക്തികളുടെയും മീതെ ചവിട്ടിനടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല” (ലൂക്ക 10:19). ഏതെങ്കിലും പാമ്പുകൾ നിന്റെ വഴികളിലുണ്ടെങ്കിൽ ഒരു പുരോഹിതന്റെ ആശീർവാദം മേടിച്ചോളൂ.

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഉത്രാ കൊലക്കേസ്

സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്, ചതിച്ചുകൊന്ന ദാരുണമായ കൊലയ്ക്ക് കേരളസമൂഹം സാക്ഷ്യം വഹിക്കുന്ന കാലമല്ലേ ഇത്. കൂടുതൽ പറഞ്ഞ് അപമാനിക്കുന്നില്ല. എങ്കിലും സുഹൃത്തേ, ദൈവനാമത്തിൽ താലിചാർത്തിയ നിന്റെ പ്രിയപ്പെട്ടവളെ കുരുതി കൊടുക്കാൻ നിന്നെ പ്രേരിപ്പിച്ചത് എന്തായിരുന്നു?  ഒരുതരി പൊന്നിനു വേണ്ടിയാണോ നീ, പൊന്നായി കാണേണ്ടവളെ ക്രൂരമായി കൊല്ലാൻ പദ്ധതിയിട്ടത്?

ഏതോ പാമ്പ് പിടുത്തക്കാരൻ തന്റെ അറിവ് പങ്കുവെച്ചു: “പാമ്പ് കടിച്ചാൽ ഒരു വ്യക്തി എത്ര ഉറക്കത്തിലാണെങ്കിലും എഴുന്നേൽക്കും.” എങ്കിൽ അവളെ തളർത്തിയത് എന്തായിരിക്കും? ഇത്രയും നാൾ ഒരുമിച്ചു ജീവിച്ച തന്റെ ഭർത്താവ്, കൈയിൽ ഒരു പാമ്പുമായി നിന്ന് പലയാവർത്തി അവളെ കടിപ്പിച്ചപ്പോൾ അവൾ തകർന്നുപോയിട്ടുണ്ടാകും. ഒരുപക്ഷേ, വിഷം തന്റെ ശരീരത്തിൽ പടർന്നിറങ്ങുമ്പോൾ അവൾ കെഞ്ചി, കാലുപിടിച്ച്, കേണപേഷിച്ചിട്ടുണ്ടാകും.. “ചേട്ടാ എന്നെ കൊല്ലരുത്, എനിക്ക് ജീവിച്ചു കൊതി തീർന്നില്ല.. നമ്മുടെ കുഞ്ഞ്, അവനെ ലാളിച്ചു മതിയായില്ല,.. ചേട്ടനെ മാത്രം ഹൃദയത്തിൽ പേറിയ എന്റെ താലിച്ചരട് പൊട്ടിച്ചെറിയാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത്?”

അവളുടെ കണ്ണീരിനു മുമ്പിൽ അവൻ നിർനിമേഷനായി നിലകൊണ്ട്, ഇത്രയും നാൾ തനിക്ക് വച്ചുവിളമ്പി തന്നു എന്ന പരിഗണന പോലും കൊടുക്കാതെ, പൈശാചികമായി, ക്രൂരമായി അവളെ മരണത്തിലേയ്ക്ക് തള്ളിവിട്ടു. ഒടുവിൽ എന്ത് നേടി? ഇനിയുള്ള ജീവിതം തിന്നും കുടിച്ചും സുഖിക്കാം എന്നു കരുതിയ നിന്റെ ജീവിതം ഇനി ജയിലിന്റെ ഇരുണ്ട അഴികളിലേയ്ക്കു മാറി. ഇനി നിന്റെ ജീവിതാവസ്ഥ.. കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും?

ഇന്ന് മിക്ക മനുഷ്യരും വിഷപ്പാമ്പിനേക്കാൾ കൊടിയ വിഷമുള്ള ഉഗ്രജീവികളായി മാറുന്നു. വിദ്വേഷവും പകയും ചതിയും നാശവും കൊലപാതക ചിന്തയുമായി ജീവിക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ എപ്പോഴും  “ചില പാമ്പുകൾ ഇഴഞ്ഞു കയറുന്നുണ്ട്.” പലരുടെയും നാശത്തിനു കാരണമായിത്തീരാവുന്ന ചില പാമ്പുകൾ !!!

പണ്ട് ഏദെൻ തോട്ടത്തിൽ ഒരു പാമ്പ് വരുത്തിവച്ച വിനകൾ, വിശുദ്ധ ഗ്രന്ഥത്തിൽ നന്നായി എഴുതിവച്ചിട്ടുണ്ട്. “പാമ്പിനെ നമ്മൾ വെറുതെ സംശയിച്ചു, സത്യത്തിൽ ഹവ്വയെ കൊല്ലാൻവേണ്ടി ഏദെൻ തോട്ടത്തിൽ ആദം കൊണ്ടിട്ടതാണ് ആ പാമ്പ് എന്ന് CBI കണ്ടു പിടിച്ചു” എന്ന് ട്രോളന്മാർ ദൈവവചനത്തെ കളിയാക്കി ജനത്തെ ചിരിപ്പിച്ചുവെങ്കിലും പാമ്പ് മൂലം പറുദീസ നഷ്ടപ്പെട്ട മനുഷ്യൻ ഇന്നും തുടർക്കഥ മെനയുന്നു, എന്തൊരു വിരോധാഭാസം. പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന്‌ അപകടം വന്നാല്‍ ആര്‍ക്ക്‌ അനുകമ്പ തോന്നും? (പ്രഭാ. 12:13) പാമ്പുകളുമായുള്ള സഹവാസം വേണ്ട എന്നു തന്നെയാണ് അതിന്റ അർത്ഥം!!

സുഹൃത്തേ, നിന്റെ ജീവിതത്തിൽ ഇഴഞ്ഞുകയറാൻ നീ അനുവദിക്കുന്ന പാമ്പുകൾ ഉണ്ടോ? തിന്മയുടെ, പാപത്തിന്റെ, അനീതിയുടെ, മ്ലേച്ഛതയുടെ, ലോകമോഹങ്ങളുടെ പാമ്പുകൾ. പാമ്പിനെ തന്റെ പാദത്തിനടിയിൽ ചവിട്ടിത്താഴ്ത്തിയ, പിശാചിന്റെ ശാശ്വത എതിരാളിയായ,  പാപത്തിന്റെ കണിക പോലും ഏശാത്ത പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് കൂട്ടുപിടിക്കാം. മരുഭൂമിയിൽ ഉയർത്തപ്പെട്ട സർപ്പത്തെപ്പോലെ, കാൽവരിയിൽ കുരിശിൽ ഉയർത്തപ്പെട്ട ക്രിസ്തുവിനെ നോക്കി നമുക്കും പ്രകാശിതരാകാം.

അതെ, പാമ്പ് ഒരു ചെറിയ ജീവിയൊന്നും അല്ലല്ലോ, വിഷജന്തു അല്ലേ, വിഷജന്തു.

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍ OCD

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.