വത്തിക്കാന്റെ അംഗീകാരത്തോടെ സ്മാര്‍ട്ട് റോസറി

ഐഒഎസിലും ആന്‍ഡ്രോയിഡ് ആപ്പിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് റോസറി (ജപമാല) ലോഞ്ച് ചെയ്തു. വത്തിക്കാന്റെ അംഗീകാരത്തോടെയാണ് മാറുന്ന കാലത്തിന് ഇണങ്ങും വിധം രൂപകല്പന ചെയ്തിരിക്കുന്ന സ്മാര്‍ട്ട് റോസറി എത്തിയിരിക്കുന്നത്. 109 ഡോളറാണ് വില.

നിസംഗതയുടെയും അനീതിയുടെയും ലോകത്തില്‍, ദാരിദ്ര്യവും അവകാശ നിഷേധവും കൊടികുത്തി വാഴുന്ന കാലഘട്ടത്തില്‍ ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പാവപ്പെട്ടവരോടും അപരിചിതരോടും വ്യത്യസ്തമായ സംസ്‌കാരങ്ങളോടും ആധ്യാത്മികതയോടും മതപാരമ്പര്യങ്ങളോടും നാം അനുരഞ്ജനപ്പെടണം. നമ്മുടെ ഭൂമിയോടും വനങ്ങളോടും നദികളോടും സമുദ്രങ്ങളോടും സൗഹൃദം സ്ഥാപിക്കണം’ വത്തിക്കാന്‍ പ്രസ്സിനെ പ്രതിനിധീകരിച്ച് ഫാ. ഫ്രെഡറിക്ക് ഫൊര്‍നോസ് എസ് ജെ പറഞ്ഞു.

‘ജപമാല സുവിശേഷം മറിയത്തോടൊത്ത് ധ്യാനിക്കുന്ന മനോഹരമായ ആത്മീയ പാരമ്പര്യമാണ്. ലളിതവും എളിയതുമായ പ്രാര്‍ത്ഥനയാണത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സ്മാര്‍ട്ട് ജപമാല ആക്ടിവേറ്റ് ചെയ്യുന്നത് കുരിശു വരച്ചു കൊണ്ടാണ്, അത് ആപ്പുമായി സിങ്ക് ചെയ്ത്, ക്ലിക്ക് ടു പ്രേ റോസറിയിലൂടെ ഉപയോക്താവിന്റെ പുരോഗതി അളക്കാം. ജപമാല രഹസ്യങ്ങളെ കുറിച്ചുള്ള വിഷ്വലുകളും ഓഡിയോ ധ്യാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഘടിപ്പിച്ചിട്ടുള്ള, വെള്ളത്തില്‍ വീണാല്‍ കേടാവാത്ത ഈ സ്മാര്‍ട്ട് ജപമാല ആമസോണില്‍ ലഭ്യമാണ്. മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ നെറ്റ്വര്‍ക്കായ ക്ലിക്ക് ടു പ്രേ വഴി ഇത് ലഭ്യമാണ്.