കുട്ടികളിൽ നന്ദിയുള്ള മനസ് രൂപപ്പെടുത്താൻ ആറ് വഴികൾ

നന്ദിയുള്ള ഒരു മനസ് ഉണ്ടായിരിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമെല്ലാം നിരവധി നന്മകൾ ദിവസവും ലഭിക്കുന്നുണ്ട്. എന്നാൽ, അതിനെല്ലാം ദൈവത്തിനോടോ, മറ്റുള്ളവരോടോ നന്ദി പറയാൻ അവർക്ക് സാധിക്കുന്നുണ്ടോ? അത്തരമൊരു ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ചെറുപ്പത്തിലേ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. കുടുംബത്തിൽ അഭ്യസിപ്പിക്കാൻ പറ്റിയ ചില മാർഗ്ഗങ്ങൾ ഇതാ…

1. ‘നന്ദി’ പറയുന്നതിനെക്കുറിച്ച് സംസാരിക്കുക

‘നന്ദി’ എന്ന വാക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. മാത്രമല്ല, ഈ വാക്ക് അർത്ഥം മനസിലാക്കാതെ ഉപയോഗിച്ചാലും കേൾക്കുന്നവർക്ക് ഇത് പ്രോത്സാഹനത്തിന്റെ വാക്കുകൾ കൂടിയാണ്. ‘നന്ദി’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കുട്ടികൾക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കാം. അവർ നന്ദി പറയുമ്പോൾ എന്ത് കാരണം കൊണ്ടാണ് നന്ദി പറയുന്നത് എന്നും അവർക്ക് മനസിലാക്കി കൊടുക്കണം. നന്ദിയുള്ളവരാകാൻ പിന്നീട് അതവരെ സഹായിക്കും.

2. സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുക

പല മാതാപിതാക്കളും തങ്ങളുടെ പണം മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു: സമ്പാദിക്കാൻ, മറ്റുള്ളവരെ സഹായിക്കാൻ, ചെലവ് ചെയ്യാൻ ഒക്കെയാണത്. ഏത് കാരണത്തിനു വേണ്ടിയാണ് തങ്ങളുടെ പണം നൽകാൻ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കാൻ കുട്ടികളെ അനുവദിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരെ സഹായിക്കാൻ സ്വയം തീരുമാനങ്ങളെടുക്കാൻ കുട്ടികൾക്ക് ചെറുപ്പത്തിലേ പരിശീലനം നൽകുക.

3. ലോകത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവബോധം നൽകുക

നമ്മിൽ പലരും ‘ആഫ്രിക്കയിൽ പട്ടിണി കിടക്കുന്ന കുട്ടികളുണ്ട്’ എന്ന് കേട്ടിട്ടുണ്ട്. ആഫ്രിക്കയിലും മറ്റും കഴിയുന്ന പാവപ്പെട്ടവരായ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനും അവരോട് സഹാനുഭൂതിയും സ്നേഹവും വളർത്തിയെടുക്കാനും ശ്രമിക്കുക. അങ്ങനെ കുഞ്ഞുങ്ങളിൽ സ്വയം നന്ദിയുള്ള ഒരു മനോഭാവം രൂപപ്പെടും.

4. കുടുംബത്തിന്റെ കാര്യമായി സേവനത്തെ മാറ്റുക

ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലുമുണ്ടെങ്കിൽ, മറ്റുള്ളവരെ സഹായിക്കാൻ ആ അവസരം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ? കുടുംബത്തിൽ എല്ലാവരും ഒന്നിച്ച് മറ്റുള്ളവരെ സഹായിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുകയും അത് ജീവിതത്തിന്റെ ഭാഗമാക്കാൻ പരിശ്രമിക്കുകയും ചെയ്യുക.

5. ഒരു പോസിറ്റീവ് റോൾ മോഡൽ ആകുക

മാതാപിതാക്കൾ സ്ഥിരമായി പരാതിപ്പെടുന്നവരും അതൃപ്തിയുള്ളവരുമാണെങ്കിൽ കുട്ടികൾ നന്ദിയുള്ളവരാകാൻ പ്രയാസമാണ്. അതിനാൽ പ്രചോദനത്തിന്റെ ഉറവിടമാകുകയും അതൃപ്തിക്കു പകരം നന്ദിയുടെ വികാരം പ്രചരിപ്പിക്കുകയും ചെയ്യുക. മാതാപിതാക്കൾ വീടുകളിൽ കുട്ടികൾക്ക് ഒരു പോസിറ്റീവ് റോൾ മോഡൽ ആകുക.

6. ദൈവത്തിന് നന്ദി പറയുക

ഏറ്റവും പ്രധാനമായി, ദൈവം നൽകിയ ജീവിതത്തിന്നും നന്ദി പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കുക, ഉറങ്ങുന്നതിനു മുൻപ് പ്രാർത്ഥിക്കുക, എഴുന്നേൽക്കുമ്പോൾ പ്രാർത്ഥിക്കുക എന്നിങ്ങനെയുള്ള ശീലങ്ങൾ വളർത്തിയെടുക്കുക. അങ്ങനെ ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പ്രകാശിപ്പിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.