ക്രിസ്തുമസ് ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു

ക്രിസ്തുമസ് ദിനത്തിൽ ഈസ്റ്റേൺ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബെനി നഗരത്തിലെ ഇഷാംഗോ റെസ്റ്റോറന്റിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. സഖ്യകക്ഷി ജനാധിപത്യ സേന (എഡിഎഫ്) ആണ് ആക്രമണത്തിനു പിന്നിൽ. വൈകുന്നേരം ഏഴു മണിക്കായിരുന്നു സംഭവം.

“ഇത് ഭീകരപ്രവർത്തനമാണ്. നോർഡ്-കിവു, ഇറ്റൂരി പ്രവിശ്യകളിൽ എഡിഎഫ് നടത്തിവരുന്ന ഹീനമായ അതിക്രമങ്ങളുടെ ഭാഗമാണ് ഇത്. ക്രിസ്തുമസ് ദിനത്തിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. കാരണം ഗ്രാമങ്ങളിൽ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന സംഭവങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മെയ്, ജൂൺ മാസങ്ങളിലാണ് ബെനി പട്ടണത്തിൽ അവസാനമായി ഇത്തരം ഭീകരാക്രമണങ്ങൾ നടന്നത്. അവിടെ അക്രമികൾ പള്ളികളിലും ബോംബുകൾ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് സേന അത് തടയുകയായിരുന്നു. ജൂണിൽ, ഒരു പള്ളിയുടെ വളപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു” – ബെനിയിലെ ഐസിസി -യുടെ വക്താവ് പറഞ്ഞു.

നോർഡ്-കിവു പ്രവിശ്യയുടെ വടക്കു ഭാഗത്താണ് ബെനി സ്ഥിതി ചെയ്യുന്നത്. 2021 -ൽ നൂറുകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഇസ്ലാമിസ്റ്റ് ഭീകരസംഘടനയാണ് എഡിഎഫ് . ക്രിസ്തുമസ് ദിനത്തിലെ ആക്രമണത്തെ ബെനി രൂപതയിലെ ആംഗ്ലിക്കൻ ബിഷപ്പ് അപലപിച്ചു. ഈ ആക്രമണത്തെ ബലപ്രയോഗത്തിലൂടെ അനുയായികളെ ഉണ്ടാക്കാൻ ദുർബലമായ കലാപകാരികൾ നടത്തുന്ന ഭീരുത്വപ്രവർത്തനമാണെന്ന് ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.