ദൈവത്തെപ്പോലെ ഒരു സിസ്റ്റര്‍ – പാട്‌നയുടെ സൈക്കിള്‍ ദീദി

സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസ്‌

തന്റെ കാല്‍തൊട്ട് വന്ദിക്കാനൊരുങ്ങിയ ഒരു നാല് വയസ്സുകാരി പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് ചേര്‍ത്ത് നിര്‍ത്തി സിസ്റ്റര്‍ സുധ ഇങ്ങനെ പറഞ്ഞു, ”എന്റെ കാല്‍തൊട്ട് വന്ദിക്കേണ്ട. നാം ഒരേപോലെയാണ്.” മെലിഞ്ഞ ശരീരത്തിലെ കരുണയും കരുത്തുമുള്ള ഈ പെണ്‍ശബ്ദമാണ് സിസ്റ്റര്‍ സുധാ വര്‍ഗീസ്.  ബീഹാറില്‍ ചെന്ന് സുധാ വര്‍ഗ്ഗീസ് എന്ന പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ക്കും മനസ്സിലായെന്ന് വരില്ല. എന്നാല്‍ ‘സൈക്കിള്‍ ദീദി’ എന്ന പേര് പറയുമ്പോള്‍  അവരുടെ മുഖങ്ങളില്‍ ആദരവും സ്‌നേഹവും വിരിയുന്നത് കാണാം. എലികളെ തിന്നുന്ന മനുഷ്യരെ നേടിയെടുക്കാന്‍ അവരോടൊപ്പം എലികളെ തിന്ന ചരിത്രമുണ്ട് സിസ്റ്റര്‍ സുധാ വര്‍ഗീസിന്.

ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ നില്‍ക്കുന്ന അനേകം സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാറിലെ ജാംസട്ട് ഗ്രാമത്തിന്  സിസ്റ്റര്‍ സുധ സൈക്കിള്‍ ദീദിയാണ്. ആ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്ന പേരാണിത്. വാഹന സൗകര്യമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സൈക്കിളില്‍ സഞ്ചരിച്ചായിരുന്നു ദീദി എത്തിയിരുന്നത്. അങ്ങനെ സൈക്കിളില്‍ വരുന്ന സിസ്റ്റര്‍ സുധ ഗ്രാമീണര്‍ക്ക് സൈക്കിള്‍ ദീദിയായി.

ആദ്യനിയമനം

സുധാ വര്‍ഗ്ഗീസ് എന്ന പേരില്‍ തന്നെ ഒരു മലയാളിത്തമുണ്ട്. കേരളത്തില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സ്വദേശിയാണ് സുധാ വര്‍ഗ്ഗീസ് എന്ന സിസ്റ്റര്‍ സുധ. 1965-ല്‍  നോത്രദാം സന്യാസ സഭയില്‍ ചേര്‍ന്നാണ് തന്റെ ഇഷ്ടമേഖലയായ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് സിസ്റ്റര്‍ സുധ എത്തിച്ചേരുന്നത്. ബീഹാറിലെ ഗ്രാമത്തിലേക്കായിരുന്നു സിസ്റ്റര്‍ സുധയുടെ ആദ്യനിയമനം. അവിടത്തെ കത്തോലിക്കാ സഭാ സ്‌കൂളില്‍ അധ്യാപികയായി തുടക്കം. തീരെ പാവപ്പെട്ടവരായിരുന്നു അവിടത്തെ ഗ്രാമവാസികള്‍. കൂടുതലും മഹാദളിത് വിഭാഗത്തില്‍ പെട്ടവര്‍. പ്രാഥമിക വിദ്യാഭാസം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു ഇവരുടേത്. ഏറ്റവും പാവപ്പെട്ടവരുടെ വിഭാഗത്തിലേക്ക് സിസ്റ്റര്‍ സുധയുടെ ശ്രദ്ധ തിരിയാന്‍ അധിക സമയം വേണ്ടിവന്നില്ല. ജോലി  ഉപേക്ഷിച്ച് അവര്‍ക്കിടയില്‍ സേവനം ചെയ്യാന്‍ തീരുമാനിച്ചു. അനവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ ഇക്കാലത്ത് സിസ്റ്റര്‍ സുധയ്ക്ക് കടന്നുപോകേണ്ടതായി വന്നു. ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. അവര്‍ മാത്രമല്ല, ചില മുസഹറുകളും പരാത്തി ഉയര്‍ത്തി.

മുസാഹിര്‍ വിഭാഗം

ബീഹാറിലെ മഹാദളിത് സംഘടനയായ വിഭാഗമാണ് മുസാഹിര്‍. ഗ്രാമത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് അറിയാതിരുന്ന മുസാഹിര്‍ വിഭാഗം സിസ്റ്റര്‍ സുധയിലൂടെ പുറംലോകത്തെ അറിഞ്ഞു. ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ചു വാങ്ങാനും ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്താനും പഠിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി അതായത് ഇരുപത്തിയൊന്നു വര്‍ഷമായി സിസ്റ്റര്‍ സുധ സൈക്കിള്‍ ദീദിയായി മഹാദളിത് വിഭാഗമായ മുസാഹിര്‍ ഗ്രാമവാസികള്‍ക്കിടയിലുണ്ട്.

1986-ലാണ് സിസ്റ്റര്‍ സുധ  മുസാഹിര്‍ വിഭാഗക്കാര്‍ മാത്രമുള്ള ജംസട്ട് ഗ്രാമത്തിലെത്തുന്നത്. ആ സമയത്ത് അവിടത്തെ വിദ്യാലയങ്ങളെല്ലാം ജന്മിമാരുടെ കൈവശമായിരുന്നു. താഴ്ന്ന ജാതിയിലും വിഭാഗത്തിലും പെട്ടവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍ സിസ്റ്റര്‍ സുധ സൈക്കിളുമായി അവര്‍ക്കിടയിലേക്കിറങ്ങി. പ്രാഥമിക അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കി. പ്രത്യേകിച്ച് പെണ്‍വിദ്യാഭ്യാസത്തിന്റെ ആവശ്യകത. 1987-ല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി നാരിഗുജ്ഞന്‍ എന്ന സംഘടനയ്ക്ക് സിസ്റ്റര്‍ സുധ രൂപം നല്‍കി. ദളിത് വിഭാഗക്കാരുടെ കേസുകള്‍ ഏറ്റെടുത്ത് നടത്താന്‍ വേണ്ടി  1987-ല്‍ നിയമ ബിരുദം നേടി. ചൂഷണം ചെയ്യപ്പെടാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ ജനിച്ചത് എന്ന വിശ്വാസത്തിലായിരുന്നു ജംസട്ട് ഗ്രാമവാസികള്‍. അവരുടെ ആ ചിന്താഗതി മാറ്റുകയാണ് സിസ്റ്റര്‍ സുധ ആദ്യം ചെയ്തത്. ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികഅതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഇവര്‍ക്ക് ജംസട്ട് ഗ്രാമം വിട്ട് പോകേണ്ടതായി വന്നു.

പാഠങ്ങള്‍ മാത്രമല്ല തൊഴിലും

പിന്നീട് പാട്‌ന കേന്ദ്രീകരിച്ചായിരുന്നു സിസ്റ്റര്‍ സുധയുടെ പ്രവര്‍ത്തനങ്ങള്‍. നാരിഗുഞ്ചന്‍ സംഘടന വിപുലമാക്കി. പെണ്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു. അതേപോലെ അമ്മമാര്‍ക്ക് വേണ്ടി മാതാ സമിതി എന്ന സംഘടനയും രൂപീകരിച്ചു. മുസാഹിര്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ തന്നെ താമസിച്ച് സ്‌കൂള്‍ പാഠങ്ങള്‍ മാത്രമല്ല തൊഴിലും പഠിച്ചു. ചെറിയ കുട്ടികള്‍ക്കായി ആനന്ദ് ശിക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അങ്കണവാടികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരായിരുന്നു മുസാഹിര്‍ കുട്ടികള്‍. ഇപ്പോള്‍ 40 ലധികം ആനന്ദ ശിക്ഷാ കേന്ദ്രങ്ങളുണ്ട്.

ഗ്രാമവാസികളുടെ ദൈവം

ബീഹാര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കൂടുതല്‍ നാരിഗുഞ്ചന്‍ സ്‌കൂളുകള്‍ ആരംഭിക്കാനും ദീദിക്ക് സാധിച്ചു. മദ്യമായിരുന്നു മുസാഹിര്‍ വിഭാഗത്തിലെ മറ്റൊരു ദുരിതം. അതൊരു പരിധിവരെ നിര്‍ത്തലാക്കാന്‍ സിസ്റ്റര്‍ സുധയ്ക്ക് കഴിഞ്ഞു. ശൈശവ വിവാഹങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഇല്ലാതായ പാട്‌നയിലെ ഗ്രാമവാസികള്‍ക്ക് സിസ്റ്റര്‍ സുധ ദൈവതുല്യയാണ്.

ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്‌നേഹവും ഏറ്റുവാങ്ങിയ സിസ്റ്റര്‍ സുധ എന്ന സൈക്കിള്‍ ദീദിയെ 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതുപോലെ 2012 മുതല്‍ 2015 വരെ ബീഹാറിലെ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷ ആയിരുന്നു സിസ്റ്റര്‍ സുധ. ഇത്തരത്തില്‍ ദൈവത്തെ മനുഷ്യരിലൂടെ സ്‌നേഹിക്കുന്ന അധികമാരും അറിയാത്ത ത്യാഗപൂര്‍ണ്ണമായ അരിക് ജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്.  അവരെ അറിയേണ്ടതും അംഗീകരിക്കേണ്ടതും നമ്മുടെ കടമയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.