ബ്രാഹ്മണ്യത്തില്‍ നിന്ന് ക്രിസ്തീയതയിലേക്ക്- സിസ്റ്റര്‍ രാധാ കൃഷ്ണന്‍ അയ്യര്‍

സിസ്റ്റര്‍ രാധാ കൃഷ്ണന്‍ അയ്യര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അത്ഭുതം കൊണ്ട് കേള്‍വിക്കാര്‍ ഒരു നിമിഷം നിശ്ശബ്ദമായേക്കാം. രാധാ കൃഷ്ണന്‍ അയ്യര്‍ എന്ന ഈ പേരിന് പുറകില്‍ എങ്ങനെ കന്യാസ്ത്രീ എന്നര്‍ത്ഥമുള്ള സിസ്റ്റര്‍ വന്നു എന്നായിരിക്കാം അടുത്ത സംശയം. എന്നാല്‍ സംശയങ്ങള്‍ക്കൊന്നും ഇട നല്‍കാതെ കര്‍മ്മലീത്താ സഭയില്‍ തന്റെ നിത്യകന്യാവ്രതത്തിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് സിസ്റ്റര്‍ രാധ. ക്രിസ്തുമതത്തിലേക്ക് എത്തിയ അനേകരുടെ കഥകള്‍ നമുക്കറിയാം. എന്നാല്‍ ഹിന്ദുമതത്തിലെ ഉയര്‍ന്ന വിഭാഗമെന്ന് കരുതപ്പെടുന്ന ബ്രാഹ്മണ സമുദായത്തില്‍ നിന്നാണ് രാധ കൃഷ്ണന്‍ അയ്യര്‍ സിസ്റ്റര്‍ രാധ ആയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള മതവിഭാഗവും ജനസമൂഹവും ഹൈന്ദവരാണ്. അവര്‍ക്കിടയില്‍ ന്യൂനപക്ഷമായിട്ടാണ് ക്രിസ്ത്യാനികളുടെ സ്ഥാനം. എല്ലാ അര്‍ത്ഥത്തിലും ഒരു ഹൈന്ദവ യുവതി ആയിട്ടാണ് രാധ എന്ന പെണ്‍കുട്ടി വളര്‍ന്നു വന്നത്. വിവാഹക്കാര്യത്തിലും വീട്ടുകാര്‍ക്ക് ആ നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും നേര്‍വിപരീത മായിട്ടായിരുന്നു സിസ്റ്റര്‍ രാധയുടെ ദൈവവിശ്വാസം. ക്രിസ്തുവിനെക്കുറിച്ച് അറിയാനും ബൈബിള്‍ വചനങ്ങള്‍ പഠിക്കാനുമാണ് അവര്‍ താത്പര്യം കാണിച്ചത്. സമൂഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നിന്നും താഴേത്തട്ടിലേക്ക് വരാനാണ് അവര്‍ ശ്രമിച്ചത്. എല്ലാം ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതിയായിരുന്നു.

കീര്‍ത്തനങ്ങള്‍ പഠിച്ച ബാല്യം

1948-ല്‍ ഒരു അയ്യര്‍ കുടുംബത്തിലായിരുന്നു രാധ ജനിച്ചത്. ചെറുപ്പത്തില്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് കൃത്യമായി അമ്പലത്തില്‍ പോകുമായിരുന്ന പെണ്‍കുട്ടി. അവള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നു. രാവിലെയും വൈകിട്ടും ഹൈന്ദവ രീതിയില്‍ പ്രാര്‍ത്ഥിക്കും. കീര്‍ത്തനങ്ങള്‍ മിക്കതും മന:പാഠം പഠിക്കുകയും ചെയ്തിരുന്നു.

കത്തോലിക്കാ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസ കാലം. ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിവും ക്രൈസ്തവരായ കൂട്ടുകാരെയും ലഭിച്ചത് അവിടെ നിന്നായിരുന്നു. ബാദ്രയിലെ ബസലിക്കയില്‍ പോയാതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് എന്ന് സിസ്റ്റര്‍ രാധ പറയുന്നു. ”അവിടുത്തെ വിശുദ്ധ കുര്‍ബാനയും മനോഹരമായ ദേവാലയവും ആളുകളുടെ ഭക്തിയും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു” സിസ്റ്റര്‍ രാധയുടെ വാക്കുകള്‍. തിരികെ വീട്ടിലെത്തിയിട്ടും ആ ശാന്തത തന്നില്‍ നിന്ന് ഒഴിവായില്ല എന്നും സിസ്റ്ററ് പറയുന്നു.

കന്യാമറിയത്തിന്റെ ചിത്രം 

തന്റെ മുറിയിലെ ഭിത്തിയില്‍ കന്യാമറിയത്തിന്റെ അതിമനോഹരമായ ഒരു ചിത്രം സിസ്റ്റര്‍ രാധ സൂക്ഷിച്ചിരുന്നു. അതിന്റെ കലാമൂല്യം കൊണ്ടാണ് താനത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് രാധ അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ ആദ്യപടി ആയിരുന്നു പരിശുദ്ധ അമ്മയുടെ ചിത്രമെന്ന്  സിസ്റ്ററര്‍ രാധ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ജസ്യൂട്ട് സ്‌കൂളായ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് ചേര്‍ന്നത്. അവിടെ വച്ച് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മ്മത്തിരുനാള്‍ ദിനത്തില്‍ ആദ്യമായി ദിവ്യബലിയില്‍ പങ്ക് ചേര്‍ന്നു. ”ദിവ്യബലിയിലെ പാട്ടുകളും ദിവ്യകാരുണ്യ ആരാധനയും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ആഴത്തിലുള്ള അനുഭവമായിരുന്നു അത്. എല്ലാവരും ഇരിക്കുകയും നില്‍ക്കുകയും മുട്ട്കുത്തുകയും ചെയ്യുന്നു. ക്രിസ്തീയതയിലേക്ക് ഞാന്‍ കൂടുതല്‍ അടുത്തു. അങ്ങനെ എല്ലാ ദിവസവും ഞാന്‍ ദിവ്യ ബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു.”

വിവാഹാലോചനകള്‍

വീട്ടുകാര്‍ അറിയാതെയായിരുന്നു ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയിരുന്നത്. രാവിലെ നടക്കാന്‍ പോകുകയാണ് എന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ യഥാര്‍ത്ഥ പ്രതിസന്ധി ആരംഭിച്ചത് ബിരുദപഠനത്തിന് ശേഷമായിരുന്നു. വീട്ടില്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങി. ജാതകച്ചേര്‍ച്ച ഇല്ലാതെ വന്നപ്പോള്‍ രാധ മാത്രം മനസ്സില്‍ സന്തോഷിച്ചു. വിവാഹാലോചനകള്‍ വരുന്ന സമയത്ത് എന്തിനാണ് ഇതെന്ന് താന്‍ ആലോചിച്ചിരുന്നതായി സിസ്റ്റര്‍ രാധ പറയുന്നു. എന്നാല്‍ ദൈവത്തിന്റെ വ്യക്തമായ പദ്ധതികളുടെ ഭാഗമായിരുന്നു ഇത്. സമയമാകുമ്പോള്‍ തന്നെ പെണ്ണ് കാണല്‍ ചടങ്ങുകള്‍ നിന്ന് പോകുമെന്ന് സിസ്റ്റര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

രഹസ്യ മാമ്മോദിസ – രാധാ മരിയ കൃഷ്ണന്‍

1971-ല്‍ ഡിഗ്രി അവസാനത്തെ പരീക്ഷ കഴിഞ്ഞു.  രണ്ട് ദിവസത്തിന് ശേഷം മംഗളവാര്‍ത്തയുടെ ഓര്‍മ്മത്തിരുനാള്‍ ദിനത്തിലല്‍ രഹസ്യമായി രാധ മാമ്മോദിസ സ്വീകരിച്ചിരുന്നു. രാധാ മരിയ കൃഷ്ണന്‍ എന്ന പേരും സ്വീകരിച്ചു. കാനോസ്യന്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്ന സമൂഹത്തിലാണ് സിസ്‌ററര്‍ രാധ ആദ്യം ചേര്‍ന്നത്. കര്‍മ്മലീത്ത സഭയില്‍ ഇപ്പോള്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സിസ്റ്റര്‍ രാധ ഇപ്പോള്‍.

ഏകാന്ത ജീവിതം 

ഏകാന്തമഠത്തിലെ (cloistered convent) ജീവിതമാണ് സിസ്റ്റര്‍ രാധ തിരഞ്ഞെടുത്തത്. ഈ മഠത്തിലെ ജീവിതം താന്‍ ക്രിസ്തുവിനോട് കൂടെ ആസ്വദിക്കുന്നു എന്നാണ് സിസ്റ്റര്‍ രാധയുടെ വെളിപ്പെടുത്തല്‍. തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ക്രിസ്തുവിനായി ജീവിക്കുകയാണ് സിസ്റ്റര്‍ രാധ. മാമ്മോദീസ സ്വീകരിച്ചതിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുകയാണ് ചെയ്തത്. തന്റെ സഹോദരങ്ങള്‍ മൂവരും ഹിന്ദു വിശ്വാസത്തിലാണ് ജീവിക്കുന്നതെന്ന് സിസ്റ്റര്‍ രാധയുടെ വാക്കുകള്‍. അവര്‍ തന്നെക്കാണാന്‍ വരാറുണ്ടെന്നും താന്‍ തിരഞ്ഞെടുത്ത ജീവിതത്തില്‍ അവര്‍ സന്തോഷിക്കുന്നുണ്ടെന്നും സിസ്റ്റര്‍ രാധ സ്‌നേഹത്തോടെ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.