‘നിസ്സാര കാര്യങ്ങളുടെ സിസ്റ്റര്‍’ കൊളേത്താമ്മ ഈശോയുടെ പ്രിയദാസി

സി. ആനി കല്ലറങ്ങാട്ട് FCC

‘കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും. അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും’ എന്ന തിരുവചനം ജീവിതത്തിലുടനീളം ഉദ്‌ഘോഷിച്ച  ഫ്രാന്‍സിസ്‌കന്‍ ക്ലാര സമൂഹാംഗം ബഹുമാനപ്പെട്ട കൊളേത്താമ്മ ദൈവദാസീ പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

ജനനം, ബാല്യം, സന്യാസം   

1904 മാര്‍ച്ച് 13 -ന് ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ തറവാട്ടിലായിരുന്നു കൊളേത്താമ്മയുടെ ജനനം. മറിയം എന്നായിരുന്നു പേര്. അമ്മ നേരത്തെ മരിച്ചതിനാല്‍ അവള്‍ക്കു ശേഷം പിറന്ന നാലു സഹോദരങ്ങള്‍ക്കും അമ്മയായത് മറിയമായിരുന്നു. അവര്‍ക്ക് കൊളേത്താമ്മ ‘ആയിമ്മ’ ആണ്. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് പഠനം പൂര്‍ത്തിയാക്കിയ മറിയം കുറച്ചുകാലം വാകമല സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു. 1932 -ല്‍ മണിയംകുന്ന് സ്‌കൂളില്‍ അധ്യാപികയായി. അങ്ങനെ ആരംപുളിക്കലെ മറിയം ക്ലാരമഠത്തിലെ സഹോദരിമാരോടൊത്ത് താമസമാരംഭിച്ചു. അവരുടെ പ്രാര്‍ത്ഥന, പരസ്പര സ്‌നേഹം, ത്യാഗജീവിതം, ദീനാനുകമ്പ തുടങ്ങിയവ അവളെ സ്വാധീനിച്ചു. 1933 സെപ്റ്റംബര്‍ 11 -ന് മറിയം, സിസ്റ്റര്‍ കൊളേത്താ എന്ന പുതിയ നാമം സ്വീകരിച്ച് കൊളേത്താമ്മയായി. 1938 -ല്‍ നിത്യവ്രതവാഗ്ദാനം നടത്തിയ കൊളേത്താമ്മ അധ്യാപനത്തോടൊപ്പം സന്യാസിനികളുടെ പരിശീലകയായും സേവനമനുഷ്ഠിച്ചു.

രോഗങ്ങളുടെ കാലം

1942 മുതല്‍ വിവിധ രോഗങ്ങള്‍ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് അമ്മയെ മഠത്തില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേത്തോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേല്‍ പുരയിടത്തിലും 1944 മുതല്‍ മഠത്തിനു സമീപമുള്ള താഴത്തുചിറയ്ക്കല്‍ വീട്ടിലും കൊളേത്താമ്മ ഏകയായി താമസിച്ചു. പിന്നീട് അല്‍പം അകലെയുള്ള മങ്ങാട്ടുതാഴെ വീട്ടില്‍ കൊളേത്താമ്മയെ താമസിപ്പിച്ചു. 1952 -ല്‍ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ച് താമസം തുടങ്ങുന്നതു വരെ അമ്മ ഏകയായി കഴിഞ്ഞു.

പുഞ്ചിരിയോടെ സഹനങ്ങൾ സ്വീകരിച്ച അമ്മ 

ദുരിതങ്ങളെ പുഞ്ചിരിയോടു കൂടി ദൈവഹിതമായി സ്‌നേഹപൂര്‍വ്വം സ്വീകരിക്കാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുമ്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി. യഥാര്‍ത്ഥ ആത്മീയത എന്നത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഒഴിവാക്കുന്നതല്ല എന്ന് കൊളേത്താമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുപോയി ചികിത്സിച്ച് രോഗം ഭേദമാക്കാന്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കും അനുവാദം നല്‍കിയപ്പോള്‍ കൊളേത്താമ്മ പറഞ്ഞത് ഇപ്രകാരമാണ്: “ഇവിടെ ചികിത്സിച്ചിട്ട് രോഗം ഭേദമാകുന്നില്ലെങ്കില്‍ ഞാന്‍ ഈ സന്യാസഭവനത്തില്‍ കിടന്ന് മരിച്ചുകൊള്ളട്ടെ. ദൈവത്തിന്റെ സ്‌നേഹകൂടാരത്തില്‍ അവിടുത്തെ സാന്നിധ്യം നുകര്‍ന്ന് ജീവിക്കാനാണ് ഞാന്‍ സന്യാസിനി ആയത്.” എത്രയോ ധീരതായര്‍ന്ന വാക്കുകള്‍!

1952 മുതല്‍ ദീനമുറയില്‍ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാര്‍ത്ഥിച്ച് മുറ്റത്തു കൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ല് പറിച്ചുനീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. ദിവ്യകാരുണ്യ ഈശോയോട് കൊളേത്തമ്മ അതീവഭക്തി പുലര്‍ത്തിയിരുന്നു. തനിക്ക് സാധിക്കുന്ന ചെറിയ സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുവാന്‍ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു. ‘നിസ്സാര സഹായങ്ങളുടെ സഹോദരി’ എന്ന് വിളിക്കപ്പെട്ടിരുന്നു.

മരണം വരെ സഹനങ്ങൾ  

ഏകദേശം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ രോഗം ക്ഷയമല്ല എന്ന് പരിശോധനയില്‍ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരമ്പുവേദനയും ശമിക്കാതെ മരണം വരെ ചികിത്സയിലും സഹനത്തിലുമാണ് അമ്മ കഴിഞ്ഞുകൂടിയത്. അമ്മയുടെ അടുക്കല്‍ സഹായം യാചിച്ച് എത്തിയവര്‍ക്കെല്ലാം പ്രാര്‍ത്ഥനയിലൂടെ അമ്മ മറുപടി നല്‍കി. 1984 ഡിസംബര്‍ 18 -ാം തീയതി പതിവുപോലെ ദിവ്യകാരുണ്യം സ്വീകരിച്ച അമ്മ ഉച്ച കഴിഞ്ഞ് 3 മണിക്ക് ശാന്തമായി തന്റെ സ്വര്‍ഗീയമണവാളന്റെ അടുത്തേക്ക് യാത്രയായി. ചരമപ്രസംഗം നടത്തിയ ഭാഗ്യസ്മരണാര്‍ഹനായ ബഹു. ജോര്‍ജ് മങ്ങാട്ട് അച്ചന്‍ ‘കൊളേത്താമ്മ മണിയംകുന്നിലെ അല്‍ഫോന്‍സാമ്മയാണ്’ എന്ന് പറയുകയുണ്ടായി.

മണിയംകുന്നിലുള്ള കബറിടം

അമ്മയിലൂടെ ദൈവകൃപ സമൃദ്ധമായി നമ്മിലേക്ക് വര്‍ഷിക്കപ്പെടട്ടെ. നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് എന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയുടെ ആദര്‍ശവാക്യം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ച് പിന്‍തലമുറക്ക് കൈമാറിയ കൊളേത്താമ്മ, വി. അല്‍ഫോന്‍സാമ്മയെപ്പോലെ എഫ്.സി.സി -യുടെ മാണിക്യമായി പ്രശോഭിക്കുന്നു. 1984 ഡിസംബര്‍ 18 -ന് മണിയംകുന്നിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാര മഠത്തില്‍ നിന്നും വ്യാപിച്ച പുണ്യപരിമളം ഇപ്പോള്‍ അകലങ്ങളിലേക്കും എത്തിയിരിക്കുന്നു. ‘നിസ്സാര കാര്യങ്ങളുടെ സിസ്റ്റര്‍’ എന്ന് അറിയപ്പെട്ടിരുന്ന കൊളേത്താമ്മയുടെ മണിയംകുന്നിലുള്ള കബറിടം ഇന്ന് അനേകര്‍ക്ക് ആശാകേന്ദ്രമാണ്.

സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്
പ്രൊവിന്‍ഷ്യള്‍ സുപ്പീരിയര്‍, എഫ്.സി.സി ഭരണങ്ങാനം പ്രൊവിന്‍സ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.