മുൻപ് അമ്മ, മുത്തശ്ശി, പോസ്റ്റ്മാസ്റ്റർ; ഇപ്പോൾ മിണ്ടാമഠത്തിലെ സന്യാസിനി

61 -ാം വയസ്സിൽ മിണ്ടാമഠത്തിൽ പ്രവേശിച്ചയാളാണ് സി. ലിലിയ മരിയ. പോസ്റ്റ്മാസ്റ്റർ ആയിരുന്ന സി. മരിയ ഒരു മുത്തശ്ശിയും അമ്മയുമായിരുന്നു. വിധവയായിരുന്ന അവർ ഒരു പുതിയ പാത സ്വീകരിക്കാനും ദൈവത്തിന് സ്വയം സമർപ്പിക്കാനും തീരുമാനിച്ചു. അങ്ങനെയാണ് ലിലിയ മരിയ, ദീർഘകാലത്തെ പ്രാർത്ഥനക്കു ശേഷം മിണ്ടാമഠത്തിൽ പ്രവേശിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ആ ജീവിതം വായിച്ചറിയാം…

1932 -ലാണ് സി. ലിലിയ മരിയ കാറ്റെറിന ബാറ്റാഗ്ലിയറിന്റെ ജനനം. ജീവിതത്തിന്റെ ആദ്യ 61 വർഷങ്ങളിൽ അവൾ സാധാരണ ജീവിതം നയിച്ചു. അവൾ ഒരു അമ്മയായി, 40 വർഷത്തോളം ഇറ്റലിയിലെ വെനീസിൽ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം 1993 മേയ് 23 -നാണ് ലിലിയ മരിയ, പാദുവയിലെ വിസിറ്റേഷൻ മിണ്ടാമഠത്തിൽ ചേർന്നത്. ഇപ്പോൾ 28 വർഷങ്ങളായി അവർ സന്യാസജീവിതത്തിൽ പ്രവേശിച്ചിട്ട്.

1610 -ൽ വി. ഫ്രാൻസിസ് ഡി സെയിൽസ്, സെന്റ് ജീൻ ഫ്രാൻസിസ് ഡി ഷെന്താൾ എന്നിവർ ചേർന്നാണ് ഈ സന്യാസിനീ സമൂഹം ആരംഭിച്ചത്. ഈ സമൂഹത്തിലെ അംഗങ്ങളെ സലേഷ്യൻ സിസ്റ്റേഴ്സ് എന്നും വിസിറ്റേഷൻ സിസ്റ്റേഴ്‌സ് എന്നും വിളിക്കുന്നു. തുടക്കത്തിൽ, രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാൻ ഓരോ ദിവസവും കുറച്ചു മണിക്കൂറുകൾ ഇവർ ചെലവഴിക്കുമായിരുന്നു. എന്നാൽ, പിന്നീട് സമൂഹം മറ്റൊരു ജീവിതരീതി സ്വീകരിച്ചു.

പ്രായമായവരെയും ആരോഗ്യമില്ലാത്ത സ്ത്രീകളെയും വിധവകളെയും അംഗങ്ങളായി സ്വാഗതം ചെയ്യുന്ന രീതി മുൻപ് ഈ സന്യാസ സമൂഹത്തിൽ നിലവിലില്ലായിരുന്നു. പാപ്പായുടെ ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശമൊഴികെ ഈ സന്യാസിനിമാർ പത്രം വായിക്കുകയോ, ടെലിവിഷൻ കാണുകയോ ചെയ്യില്ല. എങ്കിലും ഇവർ ലോകത്തിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടില്ല. കാരണം, ഇവർക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും വിശ്വാസികളുടെ നൂറുകണക്കിന് കത്തുകളും പ്രാർത്ഥന അഭ്യർത്ഥനകളും ലഭിക്കുന്നു. ആ നിയോഗങ്ങൾക്കായി ദിവസം മുഴുവൻ അവർ പ്രാർത്ഥനയിലായിരിക്കുന്നു.

ലോകത്തിനു വേണ്ടിയും അവരുടെ ആവശ്യങ്ങൾക്കു വേണ്ടിയും ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള മധ്യവർത്തിയായി ജീവിതം സമർപ്പിക്കുകയാണിവർ. വിശുദ്ധർ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് നമുക്കായി ദൈവത്തോട് അപേക്ഷിക്കുന്നതു പോലെ ജീവിതം മുഴുവൻ പ്രാർത്ഥനാപൂർവ്വം മറ്റുള്ളവർക്കായി നല്കപ്പെടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സി. ലിലിയ മരിയ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.