പകർച്ചവ്യാധിയുടെ രണ്ട് കാലഘട്ടങ്ങളെ അതിജീവിച്ച സിസ്റ്റർ ഇവാന്റിക്

ബെനഡിക്റ്റൈൻ സിസ്റ്റർ ആയ വിവിയൻ ഇവാന്റിക്കിനെ സംബന്ധിച്ചിടത്തോളം കോവിഡ് പകർച്ചവ്യാധി ഒരു പുതിയ അനുഭവമല്ല. 1918 -ൽ ആരംഭിച്ച സ്പാനിഷ് ഫ്ലൂവിന്റെ കാലഘട്ടത്തിലും ഈ സന്യാസിനി ജീവിച്ചു. ആ പകർച്ചവ്യാധിക്ക് അഞ്ച് വർഷം മുമ്പ് 1913 -ലാണ് ഇവാന്റിക് ജനിച്ചത്. ഇപ്പോൾ, തന്റെ 107 -മത്തെ വയസിൽ കൊറോണ പകർച്ചവ്യാധിയുടെ കാലഘട്ടത്തിലും ഇവര്‍ അതിജീവനത്തിന്റെ പാതയിലാണ്.

“സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ഉണ്ടായപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പോലും എനിക്ക് സാധിച്ചില്ല. കാരണം, ഞാൻ തീരെ ചെറുതായിരുന്നു. പക്ഷെ എന്റെ അമ്മയുടെ അമ്മ മരിച്ചത് ഈ ഫ്ലൂ വന്നതിനാലാണ്. അവർ കരയുന്നത് എന്തുകൊണ്ടാണെന്ന് പോലും അന്നെനിക്ക് മനസിലായില്ല.” – സിസ്റ്റർ  ഇവാന്റിക് പറയുന്നു. 1918 -ലെ  ആ പകർച്ചവ്യാധി 500 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. കുറഞ്ഞത് 50 ദശലക്ഷം പേർ മരിക്കുകയും ചെയ്തു. ഇന്ന് 30 ദശലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചു. 848,000 -ത്തിലധികം പേർ മരിച്ചു.

ഏപ്രിലിൽ സിസ്റ്റർ ഇവാന്റിക്കിനും കോവിഡിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ജലദോഷമാണെന്നാണ് കരുതിയത്. എന്നാൽ, അതിൽനിന്നും ദൈവം സംരക്ഷിച്ചു. 107 വയസുള്ള സിസ്റ്റർ ഇവാന്റിക് ലോകത്തിലെ ഏറ്റവും പ്രായമുള്ള ബെനഡിക്റ്റൈൻ സിസ്റ്റർ ആണ്.

ചിക്കാഗോയിൽ വളർന്ന സിസ്റ്റർ ഇവാന്റിക് 19 വയസ്സുള്ളപ്പോൾ ചിക്കാഗോയിലുള്ള ബെനഡിക്റ്റൈൻ മഠത്തിൽ ചേർന്നു. “ഒന്നാം ക്ലാസ്സിൽ, ഞാൻ എന്റെ അമ്മയോട് പറഞ്ഞു. എനിക്ക് ഒരു സിസ്റ്ററാകണം. ഒന്നാം ക്‌ളാസിൽ പഠിപ്പിച്ച സിസ്റ്റർ ആയിരുന്നു എന്റെ പ്രചോദനം. മറ്റൊരു തരത്തിലുള്ള ജീവിതത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.” – സിസ്റ്റർ പറയുന്നു. ഒൻപത് കുട്ടികളുള്ള ഒരു കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു സിസ്റ്റർ. രണ്ടാം ലോക മഹായുദ്ധത്തിൽ, അവളുടെ നാല് സഹോദരന്മാരിൽ രണ്ടുപേർ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടു. ഇപ്പോൾ, ഒരു സഹോദരൻ മാത്രമേ ജീവിച്ചിരിപ്പുള്ളു. മറ്റെല്ലാവരും മരിച്ചു.

അദ്ധ്യാപിക, ലൈബ്രേറിയൻ, ആർക്കൈവിസ്റ്റ് എന്നീ നിലകളിൽ ആയിരുന്നു ഒരു സമർപ്പിതയായി ഭൂരിഭാഗവും കാലവും ഈ സിസ്റ്റർ ജീവിച്ചത്. പ്രിയപ്പെട്ട ജോലി പഠിപ്പിക്കുക എന്നതായിരുന്നുവെന്നും സിസ്റ്റർ പറയുന്നു. ഇപ്പോൾ നടക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. കൂടാതെ വളർത്തുമൃഗങ്ങളെ പോറ്റാൻ പുറത്തേക്ക് പോകുമ്പോൾ വീൽചെയർ ഉപയോഗിക്കുന്നു.

ഓഗസ്റ്റ് 28 -ന്  ആയിരുന്നു സി. ഇവാന്റിക്കിന്റെ 107-ാം ജന്മദിനം. ജീവിച്ച കാലഘട്ടം മുഴുവനും കഠിനാധ്വാനം ചെയ്ത് കടന്നുപോയ ഈ സമർപ്പിത ദൈവം ദാനമായി നൽകിയ ഈ ജീവിതത്തെ ഓർത്ത് തികച്ചും സന്തോഷവതിയും നന്ദിയുള്ളവളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.