കുട്ടികൾക്ക് എങ്ങനെ കൂദാശകളെക്കുറിച്ച് ലളിതമായി വിശദീകരിച്ചു കൊടുക്കാം

കൂദാശകളെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങൾക്ക് എങ്ങനെ വിശദീകരിച്ചു കൊടുക്കാം എന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. കൊച്ചുകുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ വളരെ ലളിതമായും എന്നാൽ അന്തസത്ത ചോർന്നുപോകാതെയും ഏഴു കൂദാശകളെ വിശദമാക്കിയിരിക്കുന്നത് വായിച്ചറിയാം.

കൂദാശകൾ എന്നാൽ എന്ത്?

കൂദാശകൾ ദൈവത്താൽ സ്ഥാപിക്കപ്പെട്ടതാണ്. അതിലൂടെ ദൈവം തന്റെ മക്കളായ നമ്മോടുള്ള സ്നേഹത്തെയാണ് കാണിക്കുന്നത്. കത്തോലിക്കാ സഭയിൽ ഏഴു കൂദാശകളാണ് ഉള്ളത്.

എന്തുകൊണ്ടാണ് ദൈവം നമുക്ക് കൂദാശകൾ നൽകിയിരിക്കുന്നത്?

ദൈവത്തിന്റെ കൃപ മനുഷ്യർക്കായി നൽകാനാണ് കൂദാശകൾ നൽകിയിരിക്കുന്നത്. അവിടുത്തെ സ്നേഹത്തോടൊപ്പം ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കെതിരെ പോരാടാൻ ആവശ്യമായ ശക്തി നമുക്ക് കൂദാശകളുടെ സ്വീകരണത്തിലൂടെ ലഭിക്കുന്നു.

ഏഴു കൂദാശകൾ

1. ജ്ഞാനസ്നാനം (മാമ്മോദീസ)

നാം ജനിക്കുമ്പോൾ നമ്മിൽ പാപം ഉണ്ട്. ആദിമാതാപിതാക്കളായ ആദവും ഹവ്വയും ചെയ്ത പാപത്തിന്റെ പ്രതിഫലനമാണത്. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ നമ്മുടെ ഉത്ഭവപാപം (അഥവാ ജന്മനാ ഉണ്ടായിരുന്ന പാപം) ക്ഷമിക്കപ്പെടുകയും നാം ഔദ്യോഗികമായി ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആയിത്തീരുകയും ചെയ്യുന്നു.

ജ്ഞാനസ്നാന സമയത്ത് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നു” എന്നു പറഞ്ഞ് പുരോഹിതൻ വിശുദ്ധ ജലം തളിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു.

2. സ്ഥൈര്യലേപനം

സഹായകനാകുന്ന പരിശുദ്ധാത്മാവിനെ ലഭിക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിലൂടെ സ്വർഗ്ഗത്തിൽ നാം എത്തിച്ചേരുന്നതു വരെ അവൻ നമ്മോടൊപ്പമുണ്ടെന്ന പ്രത്യാശ നൽകുന്ന കൂദാശയാണ് സ്ഥൈര്യലേപനം. ഈ കൂദാശയുടെ സ്വീകരണത്തിലൂടെ നമ്മെത്തന്നെയും മറ്റുള്ളവരെയും കൂടുതൽ ആഴത്തിൽ സ്നേഹിക്കാനുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തുന്നു. ഇതിനായി നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവ് നമുക്കായി ഏഴ് ദാനങ്ങൾ നൽകുന്നുണ്ട്.

3. കുർബാന

പന്ത്രണ്ട് അപ്പസ്തോലന്മാരുടെ സാന്നിധ്യത്തിലാണ് യേശു അന്ത്യത്താഴ വേളയിൽ വിശുദ്ധ കുർബാന സ്ഥാപിക്കുന്നത്. വിശുദ്ധ കുർബാനയുടെ മദ്ധ്യേ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. ആ ശരീര-രക്തങ്ങളാണ് നാം സ്വീകരിക്കുന്നത്. നമ്മുടെ ഉള്ളിൽ വസിക്കാൻ വരുന്ന യേശുവിന്റെ ലാളിത്യവും സ്നേഹവുമാണ് ഈ കൂദാശയിലൂടെ നമുക്ക് വെളിപ്പെടുത്തുന്നത്.

4. കുമ്പസാരം

ദൈവത്തിൽ നിന്നുള്ള മഹത്തായ ദാനമാണ് കുമ്പസാരം എന്ന ഈ കൂദാശ. കുമ്പസാരത്തിലൂടെ അവിടുത്തെ കരുണയും ക്ഷമയും ആവശ്യപ്പെടുമ്പോൾ നമ്മുടെ ഓരോ പ്രവർത്തിയും അവിടുന്ന് നമ്മോട് ക്ഷമിക്കും. നമ്മൾ ചെയ്ത തിന്മക്കും ചെയ്യാത്ത നന്മക്കും നാം ഖേദിക്കണം. മനസ്സിനേറ്റ മുറിവുകൾ സുഖപ്പെടുകയും ദൈവത്തിന്റെ മക്കളാണ് നാം എന്ന ബോധ്യം ഉറപ്പിക്കുകയും ചെയ്യുന്ന വിശുദ്ധമായ കൂദാശയാണിത്.

5. രോഗീലേപനം

ദൈവം രോഗികളെ സ്നേഹിക്കുന്നവനാണ്. ഒരു വ്യക്തി രോഗിയോ, വൃദ്ധനോ, മരണാസന്നനോ ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്തിന്റെ സഹായം വളരെയധികം അത്യാവശ്യമാണ്. ഒരു പുരോഹിതന്റെ അഭിഷേകം, ശക്തിയും സമാധാനവും രോഗശാന്തിയും കൈവരിക്കാൻ സഹായിക്കുന്നു.

ഈ കൂദാശ സ്വീകരിച്ചു കഴിഞ്ഞാൽ ഉടൻ മരണമടയും എന്ന ഒരു ധാരണ പലർക്കുമുണ്ട്. എന്നാൽ അത് തെറ്റായ ഒരു കാര്യമാണ്. രോഗീലേപനം സ്വീകരിക്കുന്നത് ആ വ്യക്തിയുടെ ശരീരത്തെയും ആത്മാവിനെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇനി മരണത്തിലേക്കോ, ജീവിതത്തിലേക്കോ പ്രവേശിക്കുകയാണെങ്കിലും രണ്ടു ജീവിതത്തിലേക്കും കൂടി രോഗിയെ ഒരുക്കുക എന്ന ദൗത്യമാണ് ഈ കൂദാശക്കുള്ളത്.

6. തിരുപ്പട്ടം

പുരോഹിതരാകാൻ വിളിക്കപ്പെടുന്നവർക്കു മാത്രമേ ഈ കൂദാശ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. കത്തോലിക്കാ തിരുസഭ അനുശാസിക്കുന്ന ഏഴു കൂദാശകളും പരികർമ്മം ചെയ്യാനുള്ള അധികാരവും തിരുപ്പട്ടം സ്വീകരിക്കുന്ന പുരോഹിതനാണ്. കൈവയ്പ്പ് ശുശ്രൂഷ വഴി മെത്രാന്റെ പക്കൽ നിന്നാണ് തിരുപ്പട്ടം സ്വീകരിക്കപ്പെടുന്നത്.

ഈ കൂദാശ സ്വീകരിക്കുന്നവർ എന്നന്നേക്കും പുരോഹിതരായിരിക്കും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അവരുടെ ആത്മാവിനെ ദൈവം വേർതിരിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രഭാവവും സ്വഭാവവും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു.

7. വിവാഹം

സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യമാണ് വിവാഹം എന്ന കൂദാശ. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതു വഴിയായി ദൈവം സ്ത്രീയുടെയും പുരുഷന്റെയും ആത്മാവിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്നു. തിരുക്കുടുംബത്തിന്റെ മാതൃകയും ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യവും പോലെയായിരിക്കണം വിവാഹമെന്ന കൂദാശയിലൂടെ സ്ത്രീയ്ക്കും പുരുഷനും ഉണ്ടായിരിക്കേണ്ടത്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.