പ്രാർത്ഥനയിൽ വളരുവാന്‍ വിശുദ്ധ ക്‌ളൗടെ ഡി ല കൊളംബിയേരെ നിർദ്ദേശിക്കുന്ന ലളിതമായ മാർഗ്ഗങ്ങൾ

  പ്രാർത്ഥനയിൽ വളരുവാൻ, നമ്മുടെ ആത്മീയജീവിതം പുഷ്ടിപ്പെടുത്തുവാൻ എന്തുചെയ്യണം എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. കുറച്ചുകൂടി നന്നായി പ്രാർത്ഥിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ചിന്തയാണ് പലപ്പോഴും ഇത്തരം ചോദ്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നത്. ആത്മീയതയിൽ വളരുവാൻ കാരണമാകുന്ന ഇത്തരം ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരം നൽകുകയാണ് വി. ക്‌ളൗടെ ഡി ല കൊളംബിയേരെ.

  ഈശോയുടെ തിരുഹൃദയത്തോട് ആഴമായ ഭക്തിയുണ്ടായിരുന്ന വി. ക്‌ളൗടെ ആത്മീയമായ മന്ദതയുടെ നിമിഷങ്ങളിലൊക്കെ തന്റെ പ്രശ്നങ്ങളെ തിരുഹൃദയത്തിൽ സമർപ്പിച്ചിരുന്നു. എവിടെയും ആത്മീയജീവിതത്തിലെ പ്രശനങ്ങൾക്ക് പരിഹാരമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതും തിരുഹൃദയത്തിൽ ശരണം വയ്ക്കുക എന്നതു തന്നെയാണ്. ഈശോയുടെ തിരുഹൃദയത്തോട് ചേർന്നുനിന്ന് കൊണ്ട് പ്രാർത്ഥനയിൽ വളരുവാൻ നമ്മെ സഹായിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കടന്നുപോകാം…

  1. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചോ അവിടുത്തെ രക്ഷാകരമായ പ്രവർത്തികളെക്കുറിച്ചോ ധ്യാനിക്കുവാൻ ഹൃദയത്തിൽ ദൈവം പ്രേരണ നൽകുന്നുണ്ടെങ്കില്‍ ആ പ്രേരണയെ നിങ്ങൾ പിഞ്ചെല്ലുക. നിങ്ങളുടെ ഹൃദയം പ്രാർത്ഥനയിൽ എന്ത് ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ അത് പിന്തുടരുക.

  2. ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാർത്ഥനയിൽ ആയിരിക്കുക. മറ്റ് ലക്ഷ്യങ്ങളൊന്നും പ്രാർത്ഥനയുടെ കാരണമാകാതിരിക്കുവാൻ ശ്രദ്ധിക്കുക. നിങ്ങളെ ആഴമായി സ്നേഹിക്കുന്ന നിങ്ങളുടെ കുഞ്ഞുകാര്യങ്ങളിൽ പോലും കരുതൽ നൽകുന്ന ദൈവത്തിന്റെ സന്നിധിയിൽ അവിടുത്തെ സ്തുതിച്ചു കൊണ്ടിരിക്കുക.

  3. ചില സമയങ്ങളിൽ പ്രാർത്ഥിക്കുവാൻ കഴിയാതെ വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വപരമായ പ്രവർത്തികൾ ചെയ്യാം. കൂടാതെ നിങ്ങളുടെ നിസാരതയും ഒന്നുമല്ലാത്ത അവസ്ഥയും ദൈവത്തിന്റെ മഹത്വവുമായി താരതമ്യം ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ കുറവുകളെ പൂർണ്ണനായ സൃഷ്ടാവായ ദൈവത്തിന് സമർപ്പിക്കുന്നു. അത് പ്രാർത്ഥനയായി പരിണമിക്കുന്നു.

  4. പ്രാർത്ഥനയിൽ നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ദൈവത്തിന് നിങ്ങളോടുള്ള സ്നേഹം കൂടുതൽ വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് എന്ന് തിരിച്ചറിയുക. ഇത്തരം സാഹചര്യങ്ങളിൽ ദൈവത്തെ നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ ശ്രമിക്കണം. ഒപ്പംതന്നെ നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ അവിടുത്തെ കുരിശോടു ചേർന്നുനിന്നു കൊണ്ട് ഏറ്റെടുക്കുകയും ചെയ്യണം.

  5. ദൈവം നമ്മുടെ നന്മക്ക് ആവശ്യമായത് എല്ലാം ചെയ്തുതരും. അവിടെ പരാജയഭീതിയോ തോൽവിയോ ഒന്നുമില്ല. അതിനാൽ നമ്മുടെ ബലഹീനത മനസിലാക്കി അവിടത്തെ മുമ്പിൽ പ്രതീക്ഷയോടെയും പ്രത്യാശയോടെയും എന്നേയ്ക്കും നിലനിൽക്കുക.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ