സൈലന്റ് വാലി ഇ.എസ്.സെഡ്: കര്‍ഷകര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കാതെ കരട് വിജ്ഞാപനം നടപ്പാക്കാനുള്ള ഇ.എസ്.സെഡ് കമ്മിറ്റി തീരുമാനം പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

സൈലന്റ് വാലി ദേശീയോദ്യാനത്തിനു ചുറ്റും ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടെ 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇക്കോ സെന്‍സിറ്റീവ് സോണായി (ഇ.എസ്.സെഡ്) മാറ്റുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍, കര്‍ഷകര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കാതെയും പ്രദേശത്തെ കര്‍ഷകര്‍ നല്‍കിയ പരാതികളില്‍ യാതൊരു വ്യക്തതയും വരുത്താതെയും കരട് വിജ്ഞാപനം നടപ്പാക്കാനുള്ള ഇ.എസ്.സെഡ് കമ്മിറ്റി തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.

വന്യമൃഗശല്യവും കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം മലയോര കര്‍ഷകസമൂഹം കാലാകാലങ്ങളായി ദുരിതമനുഭവിക്കുകയും നിലനില്പിനായി നെട്ടോട്ടമോടുകയുമാണ്. തലമുറകളായി താമസിക്കുന്ന കൃഷിഭൂമിയില്‍ നിന്നും കിടപ്പാടം പോലും ഉപേക്ഷിച്ച് സ്വയം ഒഴിഞ്ഞുപോകേണ്ട സാഹചര്യമാണ് എക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനം മൂലം സമീപഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇത് തികഞ്ഞ അനീതിയും മനുഷ്യാവകാശലംഘനവുമാണ്. സൈലന്റ് വാലി ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തികളില്‍ കൃത്യമായി ജണ്ട സ്ഥാപിച്ച്, ഇ.എസ്.സെഡ് അതിര്‍ത്തികള്‍ പൊതുസമൂഹത്തെ വനം വകുപ്പ് ബോധ്യപ്പെടുത്തണം. ബഫര്‍ സോണ്‍ നടപ്പിലാക്കാനുള്ള മോണിറ്റിംങ്ങ് കമ്മിറ്റിയില്‍ പ്രദേശങ്ങളിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2018 ജൂണ്‍ 16-ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ഇ.എസ്.എ വിസ്തൃതിയില്‍ വരുത്തിയ മാറ്റം മൂലം സാധാരണക്കാരായ മലയോര കര്‍ഷകജനതയ്ക്കുണ്ടായ ആശങ്ക ദൂരീകരിക്കണമെന്നും സൈലന്റ് വാലി പരിസ്ഥിതിലോല മേഖല (ഇ.എസ്.സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍ കേരളാ മുഖ്യമന്ത്രി എന്ന നിലയില്‍, ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംഭരായ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ജോസ് വാകശ്ലേരി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, യൂണിറ്റ് സെക്രട്ടറി ജിജോ പുലവേലില്‍, ട്രഷറര്‍ ബേബി മാവറയില്‍, വൈസ് പ്രസിഡന്റ്ുമാരായ ഡിന്റൊ കൊച്ചത്തിപ്പറമ്പില്‍, മഞ്ജു പ്രിന്‍സ് മാതിരംപള്ളില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ തരുണ്‍ പുറത്തേമുതുകാട്ടില്‍, ബിജു പൂതറമണ്ണില്‍, ജിബിന്‍ പള്ളിനീരാക്കല്‍, ജോസ് കാട്രുകുടിയില്‍, ലീന പാറേമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.