ക്രിസ്ത്യന്‍ സംഗീതലോകത്ത് ഗസല്‍ മാരി പെയ്യിച്ച് സിബിച്ചന്‍ ഇരിട്ടി

കീര്‍ത്തി ജേക്കബ്

എറണാകുളം പനമ്പിള്ളി നഗറിലെ അവന്യു കണ്‍വെന്‍ഷന്‍ സെന്ററാണ് രംഗം. അകത്തെ ഹാളില്‍ നിന്ന് ഗസല്‍ സംഗീതം പരന്നൊഴുകുന്നു. ആരോ സര്‍വ്വം മറന്നു പാടുകയാണ്. ‘നീഹാരമുതിരുമീ ഏകാന്ത സന്ധ്യയില്‍ ഒരു ഹിമപക്ഷി പോല്‍ ഞാനിരുന്നു…’ ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ ആലാപനം!

സന്ധ്യ മയങ്ങി രാവ് തുടങ്ങുന്ന സമയം. കേള്‍ക്കുന്നവരുടെ മനസ് ഗസലിന്റെ മാസ്മരികലോകത്ത് പണ്ടേ എത്തിക്കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും ഗസല്‍ സംഗീതത്തിന്റെ സമസ്തസൗന്ദര്യവും ആവാഹിച്ചു നിറച്ച അടുത്ത വരികള്‍ മുഴങ്ങി. ‘നിത്യവും നിന്നെ നിനച്ചു ഞാന്‍ യേശുവേ, ക്രൂശില്‍ പിടഞ്ഞോരെന്‍ സ്‌നേഹിതനേ…’ ഈ ലൈനുകള്‍ കേട്ടപ്പോഴാണ് മനസിലായത്, ഇത് സാധാരണ ഗസല്‍ അല്ലല്ലോ. എന്തോ പ്രത്യേകതയുണ്ട്. ശരിയാണ്, ഇത് സാധാരണ ഗസല്‍ അല്ല. ക്രിസ്ത്യന്‍ ഗസല്‍ ആണ്. പാടുന്നത് സിബിച്ചന്‍ ഇരിട്ടി!

ക്രിസ്ത്യന്‍ സംഗീതശാഖയില്‍ ഗസല്‍മഴ പെയ്യിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സിബിച്ചന്‍ ഇരിട്ടി. ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകളുടെ പ്രത്യേകത. ശാന്തവും വര്‍ണ്ണനയുമുള്ള വരികള്‍ അവയ്ക്ക് അഴകും മിഴിവും ഏകുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ക്രിസ്ത്യന്‍ ഗാനരംഗത്ത് ഗസലുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. സിബിച്ചനിലൂടെ അത് തെളിയിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ വാണിയപ്പാറ കുളങ്ങരമുറിയില്‍ ജോസഫിന്റേയും അന്നമ്മയുടേയും മൂത്തമകനാണ് സിബിച്ചന്‍ ജോസഫ്. തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം നേടിയതിനുശേഷം കീബോര്‍ഡിസ്റ്റായും ഗായകനായും സംഗീതസംവിധായകനായുമെല്ലാം തിളങ്ങി. ഇപ്പോള്‍ ക്രിസ്ത്യന്‍ ഗസല്‍ ഗാനങ്ങളിലൂടെ വീണ്ടും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന വ്യക്തി. മൂന്നു പതിറ്റാണ്ടിലധികം നീളുന്ന തന്റെ സംഗീതജീവിതത്തെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും മറക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ചുമെല്ലാം ലൈഫ്‌ഡേ -യിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് സിബിച്ചന്‍ ഇരിട്ടി.

സംഗീതലോകത്തോട് അടുപ്പിച്ചത് വല്ല്യമ്മച്ചി

എന്റെ വല്ല്യമ്മച്ചി നന്നായി പാടുമായിരുന്നു. ധാരാളം അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. സന്ധ്യയ്ക്ക് കുരിശുവര കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് പാട്ടുപുസ്തകം നോക്കി ഏതെങ്കിലും പാട്ടു പാടണമെന്ന് അമ്മച്ചിക്കു നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് എല്ലാവരും ചേര്‍ന്നു പാടും. കുട്ടികളായ ഞങ്ങളാകട്ടെ, ബക്കറ്റും മണ്‍കലവുമൊക്കെ എടുത്തുകൊണ്ടുവന്ന് പാട്ടിനൊപ്പം താളം പിടിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പാട്ടുകച്ചേരി ദിവസവും വീട്ടില്‍ അരങ്ങേറിയിരുന്നു.

പിന്നീട് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അപ്പന്റെ അനിയന്‍ വീട്ടിലേയ്ക്ക് ഒരു ഹാര്‍മോണിയം കൊണ്ടുവന്നു. ഞാന്‍ അത് ഇടയ്ക്കിടെ മൂളിച്ചുകൊണ്ടിരിക്കും. ‘ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍..’ എന്ന പഴയ പാട്ടിന്റെ ട്യൂണിലായിരുന്നു എന്റെ പരീക്ഷണം. അങ്ങനെയിരിക്കെ ഒരു ദിവസം പാപ്പന്റെ കൂട്ടുകാരനും സംഗീതാധ്യാപകനുമായ വര്‍ക്കിയാശാന്‍ വീട്ടില്‍ വന്നു. ഹാര്‍മോണിയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വീട്ടുകാരെല്ലാം കൂടി എന്റെ കാര്യം പറഞ്ഞു. ‘എന്നാ നീയൊന്ന് വായിച്ചേടാ’ എന്നായി ആശാന്‍. അങ്ങനെ ‘ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍..’ വായിച്ചുകേള്‍പ്പിച്ചു. കേട്ടുകഴിഞ്ഞപ്പോള്‍, ഇവന് നല്ല സംഗീതവാസനയുണ്ടല്ലോ എന്ന് ആശാന്‍ പറഞ്ഞു. സംഗീതം പഠിപ്പിക്കാമെന്നും ഏറ്റു. അങ്ങനെ അഞ്ചാം ക്ലാസ് മുതല്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ആശാന്റെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് സംഗീതകോളജിലും ചേര്‍ന്നത്. പിന്നീട് കീബോര്‍ഡും കലാഭവനില്‍ നിന്ന് വോക്കലും പഠിച്ചു.

കീബോര്‍ഡ് തേടിയുള്ള ഒരു ഒളിച്ചോട്ടം

ഒമ്പതാം ക്ലാസില്‍ വച്ച് കലോത്സവത്തിനു പോയപ്പോള്‍ ഒരാളുടെ കൈയ്യില്‍ കീബോര്‍ഡ് കണ്ടു. ഞാന്‍ അന്ന് ആദ്യമായാണ് കീബോര്‍ഡ് കാണുന്നതും. എനിക്കത് കണ്ടിട്ട് കൊതി സഹിക്കാന്‍ പറ്റുന്നില്ല. അയാളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ 5,000 രൂപയുമായി തലശേരിയിലേയ്ക്കു വരാന്‍ പറഞ്ഞു. വീട്ടില്‍ ചോദിച്ചപ്പോള്‍ പത്താം ക്ലാസ് പാസായാല്‍ മേടിച്ചുതരാം എന്നായി അപ്പന്‍.

അന്നത്തെ എന്റെ പഠിത്തത്തിന്റെ കേമത്തം വച്ച് പത്താം ക്ലാസ് പാസാകുമെന്ന് യാതൊരു ഉറപ്പുമില്ല. നേര്‍വഴിയേ കീബോര്‍ഡ് മേടിക്കാന്‍ പറ്റില്ലെന്നു മനസിലാക്കിയപ്പോള്‍ ഞാന്‍, ഒരു ദിവസം രാത്രി അനിയന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി. രാവിലെ പള്ളിയിലേയ്‌ക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി തലശേരിയ്ക്ക് വച്ചുപിടിച്ചു. പല ബാങ്കുകളിലും ചോദിച്ചിട്ട് പണയം എടുത്തില്ല. വീട്ടില്‍ നിന്ന് മുതിര്‍ന്നവര്‍ ആരെയെങ്കിലും കൂട്ടിവരാന്‍ പറഞ്ഞുവിട്ടു. വീണ്ടും അവിടെ ചുറ്റിത്തിരിഞ്ഞു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു ചുമട്ടുകാരന് എന്നെ കണ്ട് പന്തികേട് തോന്നി, കാര്യമെല്ലാം ചോദിച്ചു. പേടിച്ച ഞാന്‍ തത്ത പറയുംപോലെ എല്ലാം പറയുകയും ചെയ്തു.

അയാള്‍ ഉടനെ എന്നെ ബസില്‍ കയറ്റി കണ്ടക്ടറേയും കാര്യങ്ങള്‍ പറഞ്ഞ് ഏല്‍പ്പിച്ച് നാട്ടിലേയ്ക്കു വിട്ടു. എന്റെ സ്‌റ്റോപ്പ് എത്തിയപ്പോള്‍ അതാ, അപ്പനും പാപ്പന്മാരും കുറച്ച് നാട്ടുകാരുമെല്ലാം മൈസൂര്‍ പോകുന്ന വണ്ടിയിലും മറ്റും എന്നെ തിരഞ്ഞുനില്‍ക്കുന്നു. ഏതായാലും എന്നെ കയ്യോടെ പിടിച്ച് അവര്‍ വീട്ടിലെത്തിച്ചു. അമ്മച്ചി എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. അതില്‍പ്പിന്നെ ഇന്നേവരെ വീട്ടില്‍ പറയാതെ തൊട്ടടുത്ത സ്ഥലത്തേയ്ക്കു പോലും ഞാന്‍ പോയിട്ടില്ല.

ഈ ഒരൊറ്റ സംഭവത്തിലൂടെ മനസിലാവും സംഗീതത്തോടും സംഗീതോപകരണങ്ങളോടുമുള്ള ആഗ്രഹവും സ്‌നേഹവും ചെറുപ്പം മുതലേ സിബിച്ചന്റെ ഉള്ളില്‍ എത്രമാത്രം ഉണ്ടായിരുന്നു എന്നത്.

ശാലോമിന്റെ തീം സോങ്ങിന് സംഗീതം

ശാലോം ടിവിയുടെ തുടക്കകാലത്ത് അവിടെ മ്യൂസിക് ഡയറക്ടറായി സിബിച്ചന്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ മറക്കാനാവാത്ത അനുഭവവും അവിടെ നിന്നുള്ളതാണ്.

ശാലോം ടിവി -യ്ക്കായി തീം സോംഗ് തയ്യാറാക്കുന്ന സമയം. ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതിയ, ‘ശാലോം… സമാധാനം… മാടപ്പിറാവായി പറക്കണം…’ എന്ന വരികള്‍ക്കാണ് സംഗീതം നല്‍കേണ്ടത്. സിബിച്ചന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തീം സോംഗിന് സംഗീതം നല്‍കുന്നതിനായി നിയോഗിച്ചത്. ആ സമയത്തുതന്നെ സംഗീതലോകത്ത് കഴിവ് തെളിയിച്ചവരായിരുന്നു മറ്റു രണ്ടുപേര്‍.

എന്റെ പാട്ടു തന്നെ തിരഞ്ഞെടുക്കപ്പെടണം എന്നതിലുപരിയായി ഏല്‍പ്പിച്ച ജോലി പരമാവധി ഭംഗിയോടെ ചെയ്യണം എന്ന ചിന്തയായിരുന്നു ആ സമയത്തെന്ന് സിബിച്ചന്‍ പറയുന്നു. വരികളുമായി വീട്ടിലെത്തി ആദ്യം കുറേ ശ്രമിച്ചിട്ടും ട്യൂണ്‍ കിട്ടാതായപ്പോള്‍ മനസ് ശാന്തമാക്കാനായി വീട്ടിലെ ചാരുകസേരയിലിരുന്ന് വെറുതേ ഏതാനും വരികള്‍ മൂളി. അടുക്കളയില്‍ നിന്ന ഭാര്യ, അതുകേട്ട് ഈ ട്യൂണ്‍ കൊള്ളാമല്ലോ എന്നുപറഞ്ഞു. ഉടനെ എഴുന്നേറ്റുപോയി കീബോര്‍ഡ് ഉപയോഗിച്ച് ബാക്കി വരികള്‍ക്കും ജീവന്‍ നല്‍കി.

മൂന്നു പേരില്‍ നിന്ന് സിബിച്ചന്റെ പാട്ടു തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചാനല്‍ ഉള്ളിടത്തോളം കാലം ആ പാട്ടും അതിലെ സംഗീതവും നിലനില്‍ക്കുമല്ലോ എന്ന കാരണം കൊണ്ടുതന്നെ ഈ ഒരു സംഭവം തന്റെ സംഗീതജീവിതത്തിലെ മറക്കാനാവാത്ത ഏടുകളിലൊന്നാണെന്ന് സിബിച്ചന്‍ പറയുന്നു.

കൈതപ്രം വരികളെഴുതി കെ.എസ്. ചിത്രയും കാര്‍ത്തികും ചേര്‍ന്നാലപിച്ച ആത്മീയയാത്ര ചാനലിന്റെ തീം സോംഗ് കമ്പോസ് ചെയ്തതും സിബിച്ചനാണ്. ആത്മീയയാത്ര ചാനലിന്റെ സംഗീതസംവിധായകനും മ്യൂസിക്കല്‍ പ്രോഗ്രാമിന്റെ തലവനുമായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു അത്. ഗുഡ്‌നെസ്സ് ടിവിയുടെ സംഗീതസംവിധായകനായും ജോലി ചെയ്തു. ഈ മൂന്നിടങ്ങളിലും സിബിച്ചന്‍ ടൈറ്റില്‍ മ്യൂസിക്കുകള്‍ കമ്പോസ് ചെയ്യുകയും സംഗീതപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഗസലിനോടുള്ള ഇഷ്ടം

ഗസല്‍ മേഖലയിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചതിനെക്കുറിച്ച് സിബിച്ചന്‍ പറയുന്നതിങ്ങനെ… “ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു വിഭാഗമാണ് ഗസല്‍. ഉറുദു കവിതകളാണ് അതില്‍ ഉപയോഗിക്കുന്നത്. പ്രണയം, വിരഹം, ദൈവാരാധന തുടങ്ങി ഏതെങ്കിലും പ്രത്യേകവിഷയം എടുത്തുകാട്ടുന്നവയാണ് ഓരോ ഗസലും. പൊതുവേ ഗസലുകള്‍ ആസ്വദിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ഹരിഹരന്റെ പാട്ടുകള്‍ ഏറെ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗസല്‍ ആലാപനങ്ങള്‍ എനിക്ക് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. അങ്ങനെയാണ് ഗസലുകളോടുള്ള എന്റെ ഇഷ്ടം തുടങ്ങിയത്.”

കൂടാതെ, ഫാ. സൈജു തുരുത്തിയില്‍ നേതൃത്വം കൊടുക്കുന്ന ആത്മ റിജുവനേഷന്‍ സെന്ററില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തതും അവിടെവച്ചു ലഭിച്ച ചില തിരിച്ചറിവുകളും ഏറെ സ്വാധീനിച്ചു. ആത്മ സെന്ററിലെ പരിശീലനവും ഫാ. സൈജു സമൂഹത്തിന് നല്‍കുന്ന സന്ദേശവും ശാന്തസംഗീതത്തെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ സഹായിച്ചു. സമാധാനവും ദൈവാനുഭവവും സ്വന്തമാക്കാന്‍ ബഹളങ്ങളും ഒച്ചപ്പാടുകളും ഒഴിവാക്കി ശാന്തവും ഹൃദ്യവുമായ സംഗീതത്തിലൂടെ ദൈവത്തെ സ്തുതിക്കുക എന്ന ആശയം അതോടെ ഹൃദയത്തില്‍ ആഴപ്പെട്ടു; ഗസലിനോടുള്ള ഇഷ്ടം കൂടുകയും ചെയ്തു.

അങ്ങനെ അച്ചന്റെ നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം പനമ്പിള്ളി നഗറിലെ അവന്യു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആദ്യമായി ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗസല്‍ ലൈവായി നടത്തിയത്. ‘വിളക്ക്’ എന്ന പേരില്‍ നടത്തിയ ആ പ്രോഗ്രാമിലും ഞാന്‍ തന്നെ കമ്പോസ് ചെയ്ത ഗസലുകളാണ് പാടിയത്. പിന്നീട് കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി വീണ്ടും ലൈവ് പ്രോഗ്രാമുകള്‍ നടത്തി.

ക്രിസ്ത്യന്‍ ഗസല്‍ എന്ന ആശയം

മലയാളത്തിലേയ്ക്ക് ഗസല്‍ കടന്നുവന്നത് സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിലൂടെയാണ്. ഹിന്ദുസ്ഥാനി സംഗീതവും ഗസല്‍ ശൈലിയും അറിയാവുന്നതുകൊണ്ടും കോഴിക്കോട് തെരുവുകളിലൂടെ അദ്ദേഹം പാടിനടന്നിട്ടുള്ളത് ഗസലുകളായതുകൊണ്ടും സിനിമയിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഗസല്‍ സംഗീതത്തോടും ആലാപനത്തോടും സാമ്യമേറെയായിരുന്നു. ‘ഒരു പുഷ്പം മാത്രമെന്‍…’, ‘ഇന്നലെ മയങ്ങുമ്പോള്‍…’ തുടങ്ങിയവ ഉദാഹരണങ്ങള്‍. ബാബുരാജിനുശേഷം മലയാളത്തിനു പൂര്‍ണ്ണമായ ഗസല്‍ അനുഭവം സമ്മാനിച്ച വ്യക്തിയാണ് ഉമ്പായി. ഉമ്പായിയിലൂടെയാണ് മലയാള സംഗീത ആല്‍ബങ്ങളിലും ഗാനവേദികളിലുമൊക്കെ ഗസല്‍ സംഗീതം ഉയര്‍ന്നുതുടങ്ങിയത്.

ഹരിഹരന്‍ മലയാളത്തില്‍ പാടുന്നുണ്ടായിരുന്നെങ്കിലും ഗസല്‍ ശൈലിയിലുള്ള പാട്ടുകളൊന്നും ചെയ്തിരുന്നില്ല. ഇവരുടെയൊക്കെ ഗസല്‍ പോലെ മലയാളത്തില്‍ എന്തുകൊണ്ട് ഒരു ഗസല്‍ ഭക്തിഗാനം ഉണ്ടായിക്കൂടാ എന്ന ചിന്തയും ഹരിഹരന്റെ ശബ്ദത്തില്‍ ഒരു മുഴുനീള ഗസല്‍ സംഗീത ആല്‍ബം എന്ന ആഗ്രഹവും ചേര്‍ന്നാണ് ‘ശരറാന്തല്‍’ പിറവിയെടുത്തത്.

ഹരിഹരന്റെ ശബ്ദത്തിലൂടെ പെയ്തിറങ്ങിയ ‘ശരറാന്തല്‍’

‘മുഴുനീള ഗസല്‍ ഭക്തിഗാന ആല്‍ബം’ എന്നായിരുന്നു ‘ശരറാന്തലിന്റെ’ ടാഗ്‌ലൈന്‍ തന്നെ. ഇരിട്ടി സ്വദേശിയും എഴുത്തുകാരനുമായ സാനിച്ചനാണ് ‘ശരറാന്തലി’നു വേണ്ടി കവിതകളെഴുതിയത്. കാലിന്റെ ഓപ്പറേഷനെത്തുടര്‍ന്ന് എനിക്ക് ആറുമാസം അടുപ്പിച്ച് വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്ന അവസരത്തിലാണ് സാനിച്ചന്‍ കവിതകള്‍ എഴുതിത്തന്നത്. അത്യാവശ്യം ഇരിക്കാം എന്ന സ്ഥിതിയില്‍ എത്തിയപ്പോഴേ കവിതകള്‍ എടുത്തുവച്ച് ഞാന്‍ കമ്പോസ് ചെയ്തുതുടങ്ങി. താമസിയാതെ, എന്റെ ആഗ്രഹം പോലെ തന്നെ സംഗീതലോകത്തെ അതുല്യപ്രതിഭകളായ ഹരിഹരന്‍, കാര്‍ത്തിക്, ശ്രീനിവാസ്, മഞ്ജരി എന്നിവരെക്കൊണ്ട് ആ ഗാനങ്ങള്‍ പാടിക്കാനും കഴിഞ്ഞു. ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു അതെന്നു പറയാം. സാധാരണ ഭക്തിഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ വളരെ പുതുമയും ആസ്വാദ്യകരവുമായ അനുഭവമാണ് അതിലെ ഗാനങ്ങള്‍ സമ്മാനിച്ചതെന്ന് കേട്ടവരെല്ലാം അഭിപ്രായപ്പെടുകയും ചെയ്തു.

ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്തെ സജീവ സാന്നിധ്യം

ക്രിസ്ത്യന്‍ ഭക്തിഗാനമേഖലയില്‍ ആദ്യം ചെയ്തത് സി. റോസിലി ജോണ്‍ എസ്എബിഎസ് -ന്റേതായി ഇറങ്ങിയ ഗാനങ്ങളാണ്. മുപ്പത് ആല്‍ബങ്ങളിലായി മുന്നൂറോളം ഗാനങ്ങള്‍ക്ക് ഇതിനോടകം സംഗീതം നിര്‍വ്വഹിച്ചു. അതില്‍ തൊണ്ണൂറു ശതമാനത്തോളവും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ തന്നെയാണ്. ‘അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും’ എന്ന നിത്യ ഹരിത ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നതും സിബിച്ചനാണ്.  ആ ഗാനങ്ങളെല്ലാം ഇപ്പോള്‍ സിബിച്ചന്‍ ഇരിട്ടി എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയും ലഭ്യമാണ്.

കെസിബിസിയുടെ സര്‍ഗപ്രതിഭ അവാര്‍ഡ്

പിഒസി -യുടെ ഓഡിയോ ബൈബിളില്‍ ചേര്‍ത്തിട്ടുള്ള സങ്കീര്‍ത്തനങ്ങളില്‍ മുക്കാല്‍ ഭാഗവും സിബിച്ചന്‍ സംഗീതം നല്‍കിയവയാണ്. അതുകൂടാതെ, 150 സങ്കീര്‍ത്തനങ്ങളും കമ്പോസ് ചെയ്ത് സങ്കീര്‍ത്തനങ്ങള്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും പബ്ലിഷ് ചെയ്തു. ബൈബിളിലെ വാക്യങ്ങളില്‍ നിന്ന് ഒരക്ഷരം പോലും മാറ്റാതെയാണ് സംഗീതം ചെയ്തിരിക്കുന്നത്. ഒറ്റ പ്രോജക്ടില്‍ സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ സംഗീതരൂപത്തിലാക്കുക എന്നത് മലയാളത്തില്‍ എന്നല്ല, ലോകത്തില്‍ തന്നെ ആദ്യമാണ്. ഇതുപോലെ സംഗീതലോകത്തിനു നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി 2018-ല്‍ കെസിബിസി -യുടെ സര്‍ഗപ്രതിഭ അവാര്‍ഡും സിബിച്ചനെ തേടിയെത്തി.

സംഗീതമുഖരിതമായ ജീവിതം

ഇപ്പോള്‍ കണ്ണൂര്‍ ഇരിട്ടിയില്‍ മന്ത്ര അക്കാദമി ഓഫ് മ്യൂസിക് എന്ന സംഗീത സ്‌കൂളും മന്ത്ര ഓഡിയോ ഡിജിറ്റല്‍ എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും നടത്തുകയാണ് സിബിച്ചന്‍. ട്രിനിറ്റി അക്കാഡമിയുടെ സിലബസ് അനുസരിച്ച് ഗിത്താര്‍, വയലിന്‍, തബല, ഡ്രംസ്, ഹിന്ദുസ്ഥാനി, കര്‍ണാടിക് വോക്കല്‍ എന്നിവയൊക്കെ മ്യൂസിക് സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. ഒപ്പം, ആത്മ റിജുവനേഷന്‍ സെന്ററുമായി ചേര്‍ന്ന് വിളക്ക് എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗസല്‍ പരിപാടികളും ചെയ്യുന്നുണ്ട്. ബാബുരാജിന്റെയും ഹരിഹരന്റേയും പാട്ടുകള്‍ ഉള്‍പ്പെടുത്തി സാധാരണ ഗസല്‍ പ്രോഗ്രാമുകളും നടത്തുന്നു.

കയ്യെത്താതെ പോയ ഒരു സ്വപ്നം

ഏതൊരു സംഗീതസംവിധായകനേയും പോലെ യേശുദാസിന്റെ ശബ്ദത്തില്‍ ഒരു പാട്ട് എന്നത് സിബിച്ചന്റേയും സ്വപ്നമായിരുന്നു. അതിനൊരു അവസരം കൈവന്നതുമായിരുന്നു. ആത്മീയ യാത്രാ ചാനലിന്റെ തീം സോംഗ് കൈതപ്രം എഴുതിനല്‍കിയ സമയത്ത് അതു പാടുന്നതിനായി യേശുദാസുമായി കരാര്‍ ആയതുമാണ്. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളാല്‍ ആ ആഗ്രഹം പൂവണിയാതെ പോയി. ഒരു നഷ്ടസ്വപ്നമായി ഇന്നും അത് തന്റെ ഉള്ളിലുണ്ടെന്ന് സിബിച്ചന്‍ പറയുന്നു. എങ്കിലും പ്രതീക്ഷ വെടിയുന്നില്ല. ഇനിയും എന്നെങ്കിലും അതിനുള്ള അവസരം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

കുടുംബം

അധ്യാപിക കൂടിയായ ഭാര്യ സിജിമോളുടെയും മക്കളായ ആന്‍ മരിയയുടേയും സിസില്‍ മരിയയുടേയും പിന്തുണയും പ്രോത്സാഹനവുമാണ് സംഗീതത്തിന്റെ ചിറകേറിയുള്ള ജീവിതയാത്രയില്‍ സിബിച്ചന് കൂട്ടായുള്ളത്.
സിബിച്ചന്‍ ഇരിട്ടി: +91 94474 48190

കീര്‍ത്തി ജേക്കബ്

3 COMMENTS

  1. പ്രിയപ്പെട്ട സിബിച്ചൻ… പത്തു വർഷമായി ഞാൻ താങ്കളെ പരിചയപ്പെട്ടിട്ട്… പലപ്പോഴുമായി സംഗീത രംഗത്തു താങ്കൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവുകൾ അറിയുവാനും ആസ്വദിക്കുവാനും ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.താങ്കളിലെ സംഗീതജ്ഞന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ആവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു…

  2. പ്രിയെട്ട സിബിച്ചന് എല്ലാ വിധ ആശംസകളും നേരുന്നു. പോളച്ചൻ ,അങ്കമാലി

  3. Dear sibichan I knew through fr saiju. I had seen your programme villakku it was excellent all songs are thought proving and symbol of Christian music I would like song along with sibichan if any possibility please let me know. With lot of love and prayers biju Angamaly

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.