സംഘര്‍ഷത്തോട് അരുതെന്ന് പറയുവാന്‍ ധൈര്യം കാട്ടുക

സംഘര്‍ഷം അവസാനിപ്പിക്കുവാനും പരസ്പരം സഹവര്‍ത്തിത്വത്തോടെ പെരുമാറുവാനും ആഹ്വാനം ചെയ്തു കൊണ്ട് വത്തിക്കാന്‍. വിശുദ്ധനാട്ടിലും മദ്ധ്യപൂര്‍വ്വദേശത്തും സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വത്തിക്കാന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.

സംഭാഷണത്തോടും ചര്‍ച്ചകളോടും ഉടമ്പടികളുടെ പാലനത്തോടും  ആത്മാര്‍ത്ഥതയോടു കൂടി പ്രതികരിക്കണം എന്നും പ്രകോപനപരവും കാപട്യം നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കണമെന്നും  സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ യുര്‍ക്കൊവിച് പറഞ്ഞു. ജറുസലേമിന്റെ കാര്യത്തില്‍ അതിര്‍ത്തിപ്രശ്‌നം എന്നതിനെക്കാളുപരി യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പുണ്യനഗരമായ അതിന്റെ  അദ്വീതീയ അനന്യത സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലും പശ്ചിമതീരത്തും അനേകര്‍ക്ക് ജീവഹാനി സംഭവിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതില്‍ വത്തിക്കാന്റെ അനുശോചനം അറിയിച്ച ആര്‍ച്ച് ബിഷപ്പ,് കൂടുതല്‍ പിരിമുറുക്കങ്ങള്‍ ഇനി ഉണ്ടാകാതിരിക്കേണ്ടതിന് വിവേചനബുദ്ധിയും ജ്ഞാനവും പ്രബലപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.