പുഞ്ചിരിയോടെ വിശുദ്ധിയെ പുല്‍കിയ സി. ലിന്‍ഡാല്‍വാ

സി. സോണിയ ഡി.സി.

ഓരോ പൂവും വിടരുന്നത് പങ്കുവയ്ക്കാനും നശിക്കാനും തയ്യാറാകുമ്പോഴാണ്. പുഞ്ചിരി പരിശുദ്ധിയുടെ അടയാളമാക്കി സ്വജീവിതം തന്റെ സ്‌നേഹനാഥന് സ്‌നേഹപൂര്‍വ്വം സ്‌നേഹബലിയായി സമര്‍പ്പിച്ച് അവിടുത്തോടൊപ്പം ആ മഹത്തായ ബലിയുടെ ഓര്‍മ്മ കൊണ്ടാടുന്ന ധന്യദിനത്തില്‍ സ്വയം ബലിയായി നല്‍കി… സ്‌നേഹത്തിന് സാക്ഷ്യമേകാന്‍… സി. ലിന്‍ഡാല്‍വാ ജുസ്റ്റോ ഡി ഒലിവേര.

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാരാജ്യമായ ബ്രസീലിലെ വടക്കേ റിയോഗ്രാന്‍ഡെ പ്രവിശ്യ യിലെ ആക്യൂ എന്ന ഗ്രാമത്തിലെ ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ 14 കുട്ടികളില്‍ ആറാമത്തെ പുത്രിയായി 1953 ഒക്‌ടോബര്‍ 20-ന് ജനിച്ചു. 1954 ജനുവരി 7-ാം തീയതി ജ്ഞാനസ്‌നാനത്തിലൂടെ ക്രിസ്തുവി ന്റെ നിര്‍മ്മല ശരീരത്തിലെ ഒരംഗമായി. ചെറുപ്പത്തിലേ തന്നെ പാവങ്ങളെ സഹായിക്കുന്നതിലും മറ്റും ഉത്സാഹവതിയും മിടുക്കിയുമായിരുന്ന ലിന്‍ഡാല്‍വാ, 11-ാം വയസ്സില്‍ 1965-ല്‍ ആദ്യമായി ഈശോയെ തന്റെ ഹൃദയത്തിലേയ്ക്ക് രാജാവായി സ്വീകരിച്ചു.

തന്റെ പ്രായത്തിലെ ഏതൊരു കുട്ടിയെയും പോലെ പഠിക്കുകയും ഒരു ബിരുദധാരിയാവുകയും ചെയ്തു. ആങ്ങളമാരുടെ കുഞ്ഞുമക്കളെ പഠനത്തില്‍ സഹായിക്കുകയും നാത്തൂന്മാരോട് നല്ല സ്‌നേഹത്തില്‍ സഹവസിക്കുകയും ചെയ്തു. പഠനത്തിന് ശേഷം കുടുംബത്തെ സഹായിക്കുവാനായി ഒരു ജോലി തിരഞ്ഞ് കണ്ടുപിടിക്കുകയും വരുമാനം സഹോദരങ്ങളുമായി സ്‌നേഹത്തോടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ദൈവവചനം ശ്രവിക്കുന്ന മനുഷ്യന്‍ പാറമേല്‍ ഭവനം പണിതവന് തുല്യമാണ്’. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ലിന്‍ഡാ ല്‍വാ ടെലിവിഷന്‍ കാണുന്നതിലും താല്‍പര്യം കാണിച്ചിരിക്കുന്നത്, വിശുദ്ധഗ്രന്ഥം വായിക്കുന്നതിലാണ്. മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്ത്രപൂര്‍വ്വം വിഷയം മാറ്റി അവള്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍ (ആങ്ങളമാരുടെ) ഉണ്ടെന്ന് പറയുമായിരുന്നു.

വേര്‍പാട് ഏവരെയും ഏറ്റവും വേദനിപ്പിക്കുന്ന ഒന്നാണ്. ലിന്‍ഡാല്‍വായുടെ പ്രിയപ്പെട്ട അപ്പച്ചന്‍ ജോ ജുസ്റ്റോ ഡാ ഫി, തന്റെ അന്ത്യമടുത്തു എന്നറിഞ്ഞപ്പോള്‍ മക്കളെയെല്ലാം അരികില്‍ വിളിച്ചു. ഈശോയുടെ ‘തിരുശരീരം’, സ്വര്‍ഗ്ഗീയ വീട്ടിലേയ്ക്കുള്ള ‘പാഥേയമായി’ സ്വീകരിച്ചു. ‘ദൈവതിരുമനസ്സിന് വിധേയരായി വി ശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുക’ എന്നുരുവിട്ട് അദ്ദേഹം സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക് യാത്രയായി. പ്രിയപ്പെട്ട പിതാവിനെ രോഗശയ്യയിലെന്നും വളരെ സ്‌നേഹത്തോടെ സേവിച്ച ലിന്‍ഡാല്‍വാ പിതാവിന്റെ വേര്‍പാട് ദൈവഹിതമായി സ്വീകരിച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ഉപവിപുത്രിമാരുടെ (Daughters of St. Vincent De Paul) വൃദ്ധസദനത്തില്‍ അനുദിനം പോകുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും തുടങ്ങി. പുഞ്ചിരിച്ച് കൊണ്ടുള്ള വദനവും വാത്സല്യം തുടിക്കുന്ന വാക്കുകളും അവര്‍ക്ക് ഏറെ സ്വീകാര്യമായിരുന്നു. വൃദ്ധസദനത്തിലെ അന്തേവാസികള്‍ ലിന്‍ഡാല്‍വായുടെ വരവിനായി കാത്തിരിക്കുമായിരുന്നു. പാട്ട് പാടിയും ഗിറ്റാര്‍ വായിച്ചും നറുമുത്തങ്ങള്‍ നല്‍കിയുമെല്ലാം അവരോടുള്ള സ്‌നേഹം അവള്‍ പ്രകടിപ്പിച്ചു. ലിന്‍ഡാല്‍വായുടെ  ഉള്ളില്‍ മറഞ്ഞിരുന്ന ‘ദൈവവിളി’ അവിടുത്തെ സിസ്റ്റേഴ്‌സ് നന്നായി മനസ്സിലാക്കി. പാവങ്ങളോടുള്ള സ്‌നേഹ വും വാത്സല്യപ്രകടനങ്ങളും ഔദാര്യവുമെല്ലാം ആ ‘വിളി’യുടെ ബാഹ്യമായി അടയാളങ്ങളായിരുന്നു.

വി. വിന്‍സെന്റ് ഡി പോളിനാലും വി. ലൂയീസ് ഡി മരിലാക്കിനാലും 1633 നവംബര്‍ 29-ന് പാരീസില്‍ സ്ഥാപിതമായ ‘ഉപവിപുത്രിമാര്‍’, ലോകത്തിലേറ്റവും കൂടുതല്‍ അംഗങ്ങള്‍ സമര്‍പ്പിതജീവിതം നയിക്കുന്ന സഭയാണ്. 19,000-ല്‍പ്പരം ഉപവിപുത്രിമാര്‍ 94 രാജ്യങ്ങളിലായി ആതുരശുശ്രൂഷയിലേര്‍പ്പട്ടിരിക്കുന്നു. 1987 സെപ്റ്റംബര്‍ 12-ാം തീയതി അത്യുത്സാഹത്തോടും തീക്ഷ്ണതയോടും കൂടെ ഒരു ഉപവിപുത്രിയാകുവാനു ള്ള ആഗ്രഹത്തോടെ സിസ്റ്റേഴ്‌സിന്റെ ഭവനത്തിലെത്തി. 1989 ജൂലൈ 16-ന് ആവളുടെ ആഗ്രഹം പൂവണിഞ്ഞു. ‘ഉപവിപുത്രി’യായി അവള്‍ ജീവിതമാരംഭിച്ചു – പാവങ്ങളില്‍ യേശുവിനെ കണ്ട് അവര്‍ക്ക് സേവനമനുഷ്ഠിക്കാന്‍. ആത്മാവില്‍ ജ്വലിക്കുന്ന ആനന്ദത്താല്‍ ലിന്‍ഡാല്‍വാ ഇങ്ങനെ എഴുതി. ‘കര്‍ത്താവിനെ പിന്തുടരുക എത്ര ആനന്ദകരമാണ്! എന്തൊരനുഗ്രഹമാണ്! ആ അനന്തസ്‌നേഹത്തെ മറികടക്കുവാന്‍ ആര്‍ക്കുമാവില്ല! ഒരോ നിമിഷവും പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിനെ സ്‌നേഹിക്കുവാന്‍ എനിക്ക് അതിരറ്റ ആഗ്രഹമുണ്ട്. അധികം താമസിയാതെ എനിക്കത് സാധ്യമാകും. ചിലപ്പോള്‍ അതെന്റെ അന്ത്യനിമിഷത്തിന് തൊട്ടുമുമ്പാകും.’ ദൈവസ്‌നേഹത്തിന്റെ കരകവിഞ്ഞൊഴുകുകയാണ് ദൈവവിളി. ആ സ്‌നേഹം തിരിച്ചറിഞ്ഞ്, അനുഭവിച്ച്, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ ‘ദൗത്യം’ പൂര്‍ണ്ണമാകും. ‘ഏറ്റവും വലിയ സ്‌നേഹം സ്വജീവന്‍ തന്റെ സ്‌നേഹിതന് വേണ്ടി വെടിയുമ്പോഴാണ്’ എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും തന്റെ ജീവിതത്തിലൂ ടെ അത് ലോകത്തിന് വ്യക്തമാക്കി കൊടുക്കുകയും ചെയ്ത വിശുദ്ധയാണ് സി. ലിന്‍ഡാല്‍വാ.

സന്യാസപരിശീലനത്തിനു ശേഷം 1991 ജനുവരി 26-ല്‍ സല്‍വാദോറിലെ (Salvador) ബാഹിയ (Bahia) എ ന്ന സ്ഥലത്തെ ഡോണ്‍ പാദ്രോ II (Don Padro II) വൃദ്ധസദനത്തിലേയ്ക്കാണ് ലിന്‍ഡാല്‍വാ അയയ്ക്കപ്പെട്ടത്. നാല്‍പ്പതോളം വരുന്ന വൃദ്ധരായ അപ്പച്ചന്മാരെ നോക്കേണ്ട സേവനമാണവള്‍ക്ക് നല്‍കപ്പെട്ടത്. നിശ്ചയദാര്‍ ഢ്യത്തോടും സാമര്‍ത്ഥ്യത്തോടും കൂടെ അവള്‍ തന്റെ ജോലി ചെയ്തു. വാര്‍ദ്ധക്യത്താലും രോഗത്താലും ഒ റ്റപ്പെടലിന്റെയും നിരാശയുടെയുമൊക്കെ വേദന അനുഭവിച്ചിരുന്നവര്‍ക്ക് സാന്ത്വനമായിരുന്നു ലിന്‍ഡാല്‍വായുടെ സേവനം. അവളുടെ പുഞ്ചിരിയോടു കൂടിയുള്ള സമീപനം നിരാശയകറ്റി പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ മനസ്സില്‍ തെളിയിക്കുവാന്‍ ഉതകുന്നതായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 1993-ല്‍ പ്രത്യേക ശുപാര്‍ശ (Recomendation) യിലൂടെ 46 വയസ്സുള്ള ഒരു മദ്ധ്യവയസ്‌ക്കന്‍ അഗസ്റ്റെ, അന്തേവാസിയായി അവിടെ എത്തിച്ചേര്‍ന്നു. അനുദിനം പുഞ്ചിരിയോടെ ശുശ്രൂഷിക്കുവാനെത്തുന്ന ലിന്‍ഡാല്‍വായില്‍ അയാള്‍ക്ക് പ്രത്യേക താല്‍പര്യം തോന്നുകയും അത് അവളെ അറിയിക്കുകയും ചെയ്തു. ഇതില്‍ താല്‍പര്യമില്ലാത്ത സി. ലിന്‍ഡാല്‍വാ മറ്റ് സിസ്റ്റേഴ്‌സിനെ ഇക്കാര്യം അറിയിക്കുകയും പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിക്കുകയും ചെയ്തു. പരമാവധി അഗസ്റ്റെയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ അവള്‍ ശ്രമിച്ചു. ഡോണ്‍ പാദ്രോയിലെ അന്തേവാസികളോടുള്ള പ്രത്യേക സ്‌നേഹത്താല്‍ അവിടെനി ന്ന് സ്ഥലം മാറുന്ന കാര്യവും അവള്‍ ചിന്തിച്ചില്ല. തന്റെ വത്സലപിതാവിന്റെ പ്രായമുള്ള നാല്‍പ്പതോളം അപ്പച്ചന്മാര്‍ക്ക് വാത്സല്യത്തോടെ സേവനമനുഷ്ഠിക്കുവാന്‍ ലിന്‍ഡാല്‍വാ സദാ സന്നദ്ധയായിരുന്നു.

ബൊവാ വിയാജെം (Bao Viagem) ഇടവകപ്പള്ളിയിലെ കുരിശിന്റെ വഴിയില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. കര്‍ത്താവിന്റെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അവളോര്‍ത്തു. തന്നെത്തന്നെ സ്വയംബലിയായി നല്‍കിയതിന്റെ സ്മരണകള്‍ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഭവനത്തിലേയ്ക്ക് വേഗം തിരിച്ചുവന്നു. പതിവു പോലെ അന്തേവാസികള്‍ക്കുള്ള പ്രഭാതഭക്ഷണം ലിന്‍ഡാല്‍വാ തയ്യാറാക്കി. അവര്‍ക്ക് വിളമ്പുവാനായി ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരവെ, അപ്രതീക്ഷിതമായി പിന്നില്‍ നിന്നും കത്തി കൊണ്ടൊരു കുത്ത്. തന്റെ ദേഷ്യവും പകയും കാമഭ്രാന്തും ഒക്കെ തീരുവോളം 44 തവണ അയാള്‍ ആഞ്ഞുകുത്തി. സി. ലിന്‍ഡാല്‍വാ അ തിരാവിലെ പങ്കെടുത്ത കുരിശിന്റെ വഴിയുടെ പൂര്‍ത്തീകരണം. സ്‌നേഹിച്ച് കൂടെ നടത്തിയവന്‍ തമ്പുരാന്റെ ഒറ്റുകാരനായതു പോലെ, പുഞ്ചിരിയോടും സ്‌നേഹത്തോടും കൂടെ എന്നും ശുശ്രൂഷിച്ച ആള്‍ ഘാതകനായി. രക്തത്തില്‍ കുളിച്ചുകിടന്ന ലിന്‍ഡാല്‍വാ, തന്റെ ആത്മാവ് തനിക്ക് മാതൃക കാണച്ചു തന്ന തമ്പുരാന്റെ കൈകളില്‍ ആ ‘ദുഃഖവെള്ളിയാഴ്ച്ച’ സമര്‍പ്പിച്ചു. ‘കുത്തിക്കീറപ്പെട്ടാലും ഞാന്‍ പാപം ചെയ്യില്ല. പാപത്തെക്കാള്‍ ഭേദം മരണം’ എന്ന മരിയ ഗൊരേത്തിയുടെ വാക്കുകള്‍ സി. ലിന്‍ഡാല്‍വായും മനസ്സില്‍ ആവര്‍ത്തിച്ചിരിക്കണം. 10-11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിന്റെ മണ്ണില്‍ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കവെ വെടിയേറ്റു മരിച്ചുവീണ സല്‍വാദോറിന്റെ പ്രിയപ്പെട്ട മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് റൊമേരിയായുടെ രക്തവും ഒരുപക്ഷെ അവള്‍ക്ക് ശക്തി പകര്‍ന്നുകാണും.

സി. ലിന്‍ഡാല്‍വാ ജുസ്റ്റോ ഡി ഒലിവേര ഡി.സി. യുടെ രക്തസാക്ഷിത്വം സഭ അംഗീകരിച്ചു. വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന ചടങ്ങ് സല്‍വദോറിലെ ബാഹിയായില്‍ 2007 ഡിസംബര്‍ 2-ന് നടന്നു. 1950 ജൂണ്‍ 25-ന് വാഴ്ത്തപ്പെട്ട മരിയ ഗൊരേത്തിയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയ ധന്യനിമിഷം ഒരു ചരിത്രനിമിഷമായിരുന്നു. കാരണം, അന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ തിങ്ങിനിറഞ്ഞിരുന്നവരുടെ മുന്‍നിരയില്‍ മരിയയുടെ അമ്മ അസൂന്തയും ഘാതകന്‍ അലക്‌സാണ്ടറും ഉണ്ടായിരുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. 2007-ല്‍ സല്‍വോദാറിലെ ബാഹിയായില്‍ സി. ലിന്‍ഡാല്‍വായെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ച ആ ധന്യനിമിഷത്തില്‍ അവളുടെ അമ്മ മരിയ ലൂസിയ ഡി ഒലിവരായും അവളുടെ സഹോദരങ്ങളും മറ്റ് പ്രിയപ്പെട്ടവരുമുണ്ടായിരുന്നു.

പുഞ്ചിരി പരിചയാക്കി പരിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട ലിന്‍ഡാല്‍വാ ജുസ്റ്റോ ഡി ഒലിവേരായുടെ തിരുനാള്‍ ജനുവരി 7-ന് പുണ്യവതിയുടെ ജ്ഞാനസ്‌നാന ദിവസം സഭ ആചരിക്കുന്നു. ലിന്‍ഡാല്‍ വാ എന്ന പേരിന്റെ അര്‍ത്ഥം ‘പ്രഭാതം’ എന്നാണ്. ഓരോ പ്രഭാതത്തിലും പരിശുദ്ധിയുടെയും വാത്സല്യത്തിന്റെയും നറുപുഞ്ചിരി നമുക്കേകുന്ന പ്രഭാതപുഷ്പമായി ഉയരങ്ങളില്‍ അവള്‍ വാഴുന്നു. ഒരിക്കലും വാടാതെ…

സി. സോണിയ ഡി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.