പാക്കിസ്ഥാനിലെ ജനങ്ങള്‍ പറയുന്നു, ഷെഹബാസ് ഒരു വിശുദ്ധനായിരുന്നു

ജയ്മോന്‍ കുമരകം

പ്രശ്‌നകലുഷിതമായ പാക്കിസ്ഥാന്‍ മണ്ണില്‍ ക്രിസ്തുവിനുവേണ്ടി പടപൊരുതിയ ഷഹബാസ് ബാട്ടി രക്തസാക്ഷിയായിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. ഷഹബാസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ജനതയുടെ കണ്ണുകള്‍ നിറയും. പാക്കിസ്ഥാന്‍ ക്യാബിനറ്റിലെ ഒരേയൊരു ക്രിസ്ത്യാനിയായിരുന്നു ഷഹബാസ്.

പാക്കിസ്ഥാന്റെ ഭരണകാര്യാലയത്തില്‍ ഒരു ക്രിസ്ത്യാനിയെന്നത് ഒരു വിഭാഗം ജനതയ്ക്കും ഗവണ്‍മെന്റിനും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. പക്ഷേ ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് മുമ്പില്‍ തടസം നില്‍ക്കാന്‍ കഴിയില്ലെന്ന് കാണിക്കുന്നതായിരുന്നു പാക്കിസ്ഥാന്‍ ക്യാബിനറ്റിലെ ഷഹബാസിന്റെ മിനിസ്റ്റര്‍ പദവി. ശാന്തസ്വഭാവക്കാരനായിരുന്ന ഷഹബാസിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു, പക്ഷേ തങ്ങളുടെ ജീവന്‍ പേടിച്ച് പലരും അത് പുറത്ത് പറഞ്ഞില്ലെന്നത് വാസ്തവം.

ക്രിസ്ത്യന്‍ സംഘടനകളോ പ്രസ്ഥാനങ്ങളോ ഒന്നും തന്നെയില്ലാതിരുന്ന പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ലിബറേഷന്‍ ഫ്രണ്ട്, ഓള്‍ പാക്കിസ്ഥാന്‍ മൈനോറിറ്റീസ് അലയന്‍സ് തുടങ്ങിയ സംഘടനകള്‍ക്ക് അടിത്തറയിട്ടത് തീവ്രവാദികളെ ചൊടിപ്പിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ക്രിസ്തുവിനുവേണ്ടി ഓടിനടന്നു തുടങ്ങിയത് ഭൂരിപക്ഷത്തിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി ഷഹബാസിനെ.

ജീവിതം ക്രിസ്തുവിനുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചപ്പോള്‍ വിവാഹം പോലും വേണ്ടെന്നു വച്ചു. പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും അടിമയായിരിക്കാന്‍ അദേഹം ഇഷ്ടപ്പെട്ടില്ല. ഉത്തരവാദിത്വങ്ങള്‍ക്കും പദവികള്‍ക്കുമപ്പുറം പാവപ്പെട്ടവന്റെയും തള്ളപ്പെടുന്നവന്റെയും നാടുകടത്തപ്പെടുന്നവന്റെയും പക്ഷംപിടിക്കുന്നവനായി ഷഹബാസ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒറ്റയാള്‍ പട്ടാളം.

ധാരാളം ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ പേരില്‍ ഗ്രാമങ്ങളിലും പരിസരപ്രദേശങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ എണ്ണവും, ആള്‍ബലവും ഇല്ലാത്തതുകൊണ്ട് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടാന്‍ ഇടയാകരുതെന്ന് ഷഹബാസിന് നിര്‍ബന്ധമുണ്ടായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടു കൂടി പാക്കിസ്ഥാന്‍ ക്രിസ്ത്യാനികളുടെ മനസ്സില്‍ ക്രിസ്തുസ്‌നേഹം ആഴപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. ക്രിസ്തുവിരോധികളായ പാക് ഭൂരിപക്ഷത്തിനിടയില്‍ പിന്തിരിഞ്ഞു നോക്കാതെ ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കാന്‍ തുടങ്ങി.

ന്യൂനപക്ഷത്തിനെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനും ഇല്ലാതാക്കുന്നതിനും ക്യാബിനറ്റ് അംഗമെന്ന നിലയില്‍ പല നിയമങ്ങളും കൊണ്ടുവന്നെങ്കിലും ഭൂരിപക്ഷം ഇതൊന്നും വകവച്ചില്ല. ന്യൂനപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട മിനിസ്റ്റര്‍ എന്ന നിലയ്ക്ക് കര്‍ത്തവ്യബോധത്തോടെ തന്റെ ഉത്തരവാദിത്വങ്ങള്‍ അദേഹം നിര്‍വ്വഹിച്ചു.

പാക്കിസ്ഥാനിലെ കൈസ്തവരുടെ ജീവന് സംരക്ഷണം നല്കണമെന്ന് അപേക്ഷിച്ച് പല രാജ്യനേതാക്കന്മാരെയും അദ്ദേഹം സന്ദര്‍ശിച്ചു. ഒരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുമ്പോള്‍ അദ്ദേഹം ദൈവപിതാവുമായി സംസാരിക്കുകയും, ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം മനസില്‍ ഓര്‍ത്ത് ആ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു.

‘തനിക്കിനി ക്രിസ്തു മാത്രമേയുള്ളു, ജീവിതാവസാനത്തില്‍ വേറെയാരും എന്റെ കൂടെയുണ്ടാകുമെന്ന് കരുതുന്നില്ല. ഞാന്‍ അവനു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. വരുന്ന സഹനങ്ങള്‍, അതിനി മരണത്തിലാണ്അവസാനിക്കുന്നതെങ്കിലും അത് എന്റെ സ്‌നേഹപിതാവിന് സമര്‍പ്പിക്കാന്‍ തയ്യാറാണ്’ എന്നു പറയുമായിരുന്നു. മരണം പലപ്പോഴും കഴുകനെപ്പോലെ മുന്നില്‍ പറന്നിറങ്ങിയിട്ടുണ്ട്. എന്നിട്ടും പതറിയില്ല. പാക്കിസ്ഥാനില്‍ നടക്കുന്ന പീഡനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സെമിനാറുകളും ചര്‍ച്ചകളും നടത്തുമായിരുന്നു. മതസ്വാതന്ത്ര്യം പാകിസ്ഥാനില്‍ വേണമെന്ന് ക്യാബിനറ്റില്‍ വാദിച്ചു. സെനറ്റില്‍ ക്രൈസ്തവര്‍ക്ക് സീറ്റ് നല്കണെമെന്ന് ആവശ്യപെട്ടു. പാവപ്പെവനെ അടിച്ചമര്‍ത്താന്‍ ഒരിക്കലും അദേഹം സമ്മതിച്ചില്ല. ജീവന്‍ കൊടുത്തും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം നെട്ടോട്ടമോടി.

ക്രൈസ്തവരെന്ന് കേള്‍ക്കുന്നതുപോലും ഇഷ്ടമില്ലാതിരുന്നവരുടെ അടുത്ത് അവകാശങ്ങളെക്കുറിച്ചു കൂടി സംസാരിച്ചപ്പോള്‍ അതവര്‍ക്ക് സഹിച്ചില്ല. ക്രിസ്ത്യാനികളുടെ കാവല്‍ക്കാരനാണെന്ന് പറഞ്ഞ് പല സമയത്തായി ഷഹബാസിന് വധഭീഷണിയുണ്ടായിരുന്നു. ആസിയാ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ അതിനെ ഷഹബാസ് എതിര്‍ത്തത് രോഷം കൂട്ടി. പ്രശ്‌നങ്ങളും, വൈരികളും കൂടിയപ്പോള്‍ അമേരിക്ക അദ്ദേഹത്തിന് പ്രത്യേക അംഗരക്ഷകരെയും ചുമതലപ്പെടുത്തി.

തന്റെ ജീവിതാവസാനം എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ കാഴ്ചപ്പാട് ഷഹബാസിനുണ്ടായിരുന്നു. താന്‍ മരിക്കുമ്പോള്‍ റിലീസ് ചെയ്യാനുള്ള ഒരു വീഡിയോയും അദേഹം തയ്യാറാക്കിയിരുന്നു. അത്രത്തോളം മരണം വരിക്കാന്‍ തയ്യാറായിട്ടായിരുന്നു ആ ജീവിതം.. വീഡിയോയില്‍ ഇങ്ങനെ പറഞ്ഞു: “സ്വന്തം ജീവന്‍ മോചനദ്രവ്യമായി നല്കിയ ക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നു; അവനുവേണ്ടി മരിക്കാന്‍ തയ്യാറാണ്. ഞാന്‍ സമൂഹത്തിനു വേണ്ടിയാണ് ജിവിക്കുന്നത്, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാണ്.” ഹൃദയം നുറുങ്ങിയുള്ള വാക്കുകളായിരുന്നു അതെന്ന് ആരും അറിഞ്ഞില്ല.

അമ്മയുടെ വീട്ടില്‍ പോയി എല്ലാവരോടും കുശലം പറഞ്ഞിറങ്ങി, പതിവുപോലെ ഗ്രാമത്തിലൂടെ തന്റെ പ്രവര്‍ത്തനങ്ങളുമായി യാത്ര തുടരുകയായിരുന്നു. പെട്ടെന്ന് തന്റെ കാറിനുനേരെ ആരോ നിര്‍ത്താതെ വെടിയുതിര്‍ത്തു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ അദേഹത്തിന്റ സംരക്ഷണത്തിനുണ്ടായിരുന്നെങ്കിലും അന്ന് ഗ്രാമത്തിലെ ചേരിപ്രദേശത്തേയ്ക്കുള്ള യാത്രയില്‍ ഡ്രൈവറും ഷഹബാസും മാത്രമേ ഉണ്ടായിരുന്നുള്ളു. വെടിയേറ്റ ഉടന്‍ ഷഹബാസ് പുറത്തേക്ക് നിരങ്ങിയിറങ്ങി. മരണത്തിന്റെ മുമ്പിലും പതറാതെ വിശ്വാസത്തെ മുറുകെപ്പിടിച്ച ധീരന്‍. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ക്രിസ്തുവിന്റെ പോരാളി രക്തസാക്ഷിയായി.

ഒരുപക്ഷേ, പാക്കിസ്ഥാനിലെ ആദ്യ വിശുദ്ധനായിരിക്കും ഷഹബാസ്. ഷഹബാസിന്റെ രക്തത്തുള്ളികള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന്‍ പോലും നിശബ്ദമായി. എട്ടു വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിട്ടും കണ്ണീരില്‍ നനഞ്ഞ ആ കറുത്തദിനം പാക്കിസ്ഥാന് മറക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടായിരിക്കണം അദേഹത്തെ വിശുദ്ധ നിരയിലേയ്ക്കുയര്‍ത്തണമെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നിരന്തരം ആവശ്യപ്പെടുന്നത്.

ജയ്മോന്‍ കുമരകം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.