ഭീഷണികള്‍ക്ക് ഇടയിലും പാക്കിസ്ഥാനിലെ സഭയ്ക്ക് ഏഴ് നവവൈദികര്‍ കൂടി

തീവ്രവാദികളുടെ ഭീഷണികള്‍ക്ക് ഇടയിലും മതപരമായ പീഡനങ്ങള്‍ക്കിടയിലും പാക്കിസ്ഥാനിലെ സഭ ദൈവവിളികളാല്‍ സമ്പുഷ്ഠമാവുകയാണ്. ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തില്‍ നിന്നാണ് ഏഴു വൈദികര്‍ പൗരോഹിത്യത്തിലൂടെ ക്രിസ്തുവിനെ നല്‍കുവാനുള്ള ദൗത്യം ഏറ്റെടുത്തത്.

പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഈ പൗരോഹിത്യ സ്വീകരണം ഒരു വലിയ ആഘോഷമായാണ് കൊണ്ടാടിയത്. ‘ ഇതു ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ഒരു അവസരമാണ്. ഇവര്‍ ക്രിസ്തുവിന്റെ വിശ്വസ്തരായി എന്നും നിലകൊള്ളട്ടെ. ജാതിമതഭേദമന്യേ എല്ലാര്‍ക്കും മുന്‍പില്‍ ക്രിസ്തുവിന്റെ സാക്ഷ്യമായി മാറുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന് ഫാ. ഫ്രാന്‍സിസ് നദീം ഒ.എഫ്.എം പറഞ്ഞു .

ഫാ. ബാബര്‍ ഖുശി, ഫാ . മാസം ഇല്യാസ്, ഫാ. അക്വീല്‍ ആഷിക്, ഫാ . ബാഷര്‍ ശുഹാബ്, ഫാ . അട്ടിസ് അല്‍ഫോന്‍സെ, ഫാ.ഇര്‍ഫാന്‍ സാബിര്‍, ഫാ. ഫൈസല്‍ ഫ്രാന്‍സിസ് എന്നിവരാണ് നവ സന്യാസികള്‍. നവംബര്‍ 30 നു ലാഹോറിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് നടന്ന പൗരോഹിത്യ സ്വീകരണത്തില്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ മുഖ്യ കാര്‍മികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.