ഏഴു വർഷങ്ങൾക്കു ശേഷം ദേവാലയമണികൾ മുഴങ്ങി; പ്രതീക്ഷയോടെ മൊസൂളിലെ ക്രൈസ്തവർ 

വേദനയുടെയും അടിച്ചമർത്തലുകളുടെയും ഏഴു വർഷങ്ങൾക്കു ശേഷം മൊസൂളിലെ ദേവാലയത്തിൽ നിന്ന് ദേവാലയമണികൾ മുഴങ്ങി. സെപ്റ്റംബർ 18 -ന് മൊസൂളിലെ മാർ തോമസ്‌ സിറിയക്ക്-കത്തോലിക്കാ ഇടവക ദേവാലയത്തിൽ വച്ച് ഇടവക വികാരിയായ ഫാ. പിയോസ് അഫാസാണ് മണി മുഴക്കിയത്. ഐഎസ് തീവ്രവാദികൾ കനത്ത ആക്രമണം അഴിച്ചുവിട്ട ഇറാഖിലെ മൊസൂളിൽ ക്രൈസ്തവസമൂഹത്തിന് ഈ പള്ളിമണികൾ മുഴങ്ങിയ നിമിഷങ്ങൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിമിഷങ്ങളായി മാറിയിരുന്നു.

2014 -നു ശേഷം ഇത് ആദ്യമായാണ് മൊസൂളിലെ ഈ ദേവാലയത്തിൽ നിന്നും പള്ളിമണി മുഴങ്ങുന്നത്. ലെബനോനിൽ നിർമ്മിച്ച ദേവാലയമണിക്ക് 12,000 ഡോളറാണ് ചിലവായത്. “തങ്ങളുടെ ദേവാലയങ്ങളും അൾത്താരകളും വിശുദ്ധ രൂപങ്ങളും തീവ്രവാദികൾ തകർക്കുകയും ക്രിസ്തീയഗ്രന്ഥങ്ങളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാൽ പുതിയ ദേവാലയമണിയുടെ ഉദ്ഘാടനം ഇടവകയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷമായിരുന്നെന്നും ഈ മണിമുഴക്കം പുതിയൊരു തുടക്കത്തിന്റെ സൂചനയാണ്” എന്നും ഫാ. പിയോസ് പറഞ്ഞു.

പാപ്പായുടെ ഇറാഖ് സന്ദർശനത്തിന്റെ ആറു മാസങ്ങൾക്കു ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്. പാപ്പായുടെ സന്ദർശനം, തകർന്ന നഗരത്തിന്റെ പുനർനിർമ്മാണവും ക്രൈസ്തവരുടെ ഉയർത്തെഴുന്നേൽപ്പും സാധ്യമാക്കും എന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.