
നാം വളരുന്നതിനനുസരിച്ച് നമ്മിലെ സൗഹൃദവും വളർന്നുകൊണ്ടിരിക്കും. എന്നാൽ, ചില സുഹൃത്തുക്കളോടുള്ള നമ്മുടെ ബന്ധം നമ്മുടെ ചില സ്വഭാവ പ്രത്യേകതകൾ കൊണ്ടു തന്നെ നഷ്ടപ്പെടുന്നതിനിടയാകുന്നു. പരസ്‌പരമുള്ള ബന്ധത്തിന് തടസ്സമായി നിൽക്കുന്നത് ചിലപ്പോള്‍ നമ്മുടെ പെരുമാറ്റരീതിയിലുള്ള പ്രത്യേകതകളാകാം. അവയെ മാറ്റിയെടുക്കേണ്ടത് വളരെ ആവശ്യമാണ്. എന്തൊക്കെയാണ് അവയെന്ന് നമുക്ക് പരിശോധിക്കാം.
1. അലസത
മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്തേണ്ടത് നല്ല സൗഹൃദത്തിന് ആവശ്യമാണ്. നല്ല കാര്യങ്ങൾ ചെയ്യാതിരിക്കുവാൻ അലസത ഒരു കാരണമാകരുത്. ഒരു കാര്യത്തിലും താല്‍പര്യമില്ലാത്ത അവസ്ഥ ഉണ്ടാകരുത്. ശാരീരികമായി നാം കാട്ടുന്ന അലസത ബുദ്ധിപരമായ അലസതയിലേയ്ക്കു നയിക്കുന്നു. അങ്ങനെയുള്ളവർ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നതിനും ടെലിവിഷൻ കാണുന്നതിനും കൂടുതൽ സമയം ചിലവഴിക്കുന്നു. അപ്പോൾ മറ്റുള്ളവരുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നു. ഇത്തരം നിഷ്ക്രിയമായ കാര്യങ്ങളിൽ നിന്നും പുറത്തുകടക്കാനുള്ള ആദ്യപടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കേണ്ടത് ആവശ്യമാണ് എന്നതാണ്. ഒപ്പം സൗഹൃദപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക.
2. വിമർശനം
മറ്റുള്ളവരെ അഭിനന്ദിക്കുന്നതിനേക്കാൾ അവരെ വിമർശിക്കുന്ന സ്വഭാവമാണ് നമുക്കുള്ളതെങ്കിൽ അത് കൂട്ടുകാരെ നമ്മില്‍ നിന്നും അകറ്റുന്നതിന് കാരണമാകുന്നു. ഇത്തരം നെഗറ്റീവ് അഭിപ്രായങ്ങൾ ചില സമയങ്ങളിൽ സത്യമാണെങ്കിലും നാം ഏതു സാഹചര്യത്തിൽ പറയുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന രീതിയിൽ വിമർശിക്കുവാൻ ശ്രദ്ധിക്കുക. നല്ല മനോഭാവത്തോടെയും മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവത്തോടെയുമാണെങ്കിൽ അത്, കേൾക്കുന്നവർക്ക് കൂടുതൽ ഉപകാരപ്രദമാകും.
3. സമയം
നമ്മുടെ ബന്ധങ്ങളിൽ എത്രസമയം ചിലവഴിക്കുന്നു, അതിനുള്ള താല്‍പര്യം എത്രമാത്രമുണ്ട് എന്നുള്ളത് നല്ല സൗഹൃദങ്ങൾക്ക് ആവശ്യമായ കാര്യമാണ്. അവർക്ക് താല്‍പര്യമുള്ള കാര്യങ്ങളിൽ നിങ്ങളും താല്‍പര്യം ചെലുത്തുക. അവരെ കേൾക്കാനും അവരോട് സംസാരിക്കാനും സമയം ചിലവഴിക്കുക എന്നതും വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. ഇങ്ങനെ ചിലവിടുന്ന സമയം നല്ല കൂട്ടുകാരെ നേടിയെടുക്കാന്‍ നമ്മെ സഹായിക്കും.
4. മുൻവിധി
മുൻവിധികളും മുൻകൂട്ടി ചിന്തിച്ച ആശയങ്ങളും ഒരു ആശയവിനിമയത്തെ വളരെ കാര്യമായി ബാധിക്കും. യഥാർത്ഥത്തിലുള്ള കാര്യങ്ങൾ തിരിച്ചറിയാതെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളാണ് പലപ്പോഴും മുൻവിധികളായി കടന്നുവരുന്നത്. അത് ബന്ധങ്ങളിൽ അകൽച്ച സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
5. നിശബ്ദത
നിശബ്ദത പാലിക്കുന്നത് പരസ്പരമുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന കാര്യമാണ്. അതിനാൽ, കൂട്ടുകാരോടുള്ള സംസാരത്തിൽ നാം കാണിക്കുന്ന താല്‍പര്യം നല്ല ബന്ധം വളർത്തുന്നതിന് ഉതകുന്നതാണ്. തുറവിയോടെയുള്ള സംസാരം ബന്ധങ്ങളെ ദൃഢമാക്കും.
6. ഉപരിപ്ലവമായ സ്നേഹം
ആഴത്തിലുള്ള സൗഹൃദം പുറമേയുള്ള ചില കാര്യങ്ങൾ ചെയ്യുന്നതിൽ അടങ്ങുന്നതല്ല. അതായത്, വലിയ ബന്ധം ഒന്നുമില്ല, കുറേക്കാര്യങ്ങൾ ചെയ്യാൻ വേണ്ടി ചെയ്യുന്ന അവസ്ഥ. ഇങ്ങനെവരുമ്പോൾ ദൃഢമായ ബന്ധം രൂപപ്പെടുകയില്ല. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കുമിളകൾക്ക് സമാനമാണ്. ചിരിക്കുന്നതിനും ഉല്ലസിക്കുന്നതിനും മാത്രമല്ല, അവരുടെ സ്വപ്നങ്ങളും വിഷമങ്ങളും കൂടി അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം. കൂടുതൽ ആഴത്തിലുള്ള സംഭാഷണങ്ങൾ വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കുക.
7. ഞാന്‍ എന്ന ഭാവം
വ്യക്തിപരമായ താല്‍പര്യത്തിനോ ആഗ്രഹത്തിനോ വേണ്ടി മാത്രം കൂട്ടുകാരെ സ്നേഹിക്കുകയും അവരോട് ഇടപഴകുകയും ചെയ്യുന്നത് തികച്ചും സ്വാർത്ഥതാപരമാണ്. മറ്റുള്ളവരെ ശ്രദ്ധിക്കാനോ അവരെ ശ്രവിക്കുവാനോ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ തികച്ചും സ്വാർത്ഥരാണ്. സ്വാർത്ഥതയെ മറികടന്നവരാണോ നാം എന്ന് അറിയണമെങ്കിൽ മറ്റുള്ളവരെ ശ്രദ്ധിക്കുവാൻ, അവരുടെ ഇഷ്ടങ്ങൾ അറിയുവാൻ താല്‍പര്യം ഉള്ളവരാണോ നമ്മള്‍ എന്നതിൽ നിന്നും തിരിച്ചറിയാം.