മ്യാന്മറിൽ സൈന്യം ഏഴു വൈദികരെ തട്ടിക്കൊണ്ടു പോയി

മ്യാന്മറിൽ പട്ടാളഭരണം നിലനില്‍ക്കുന്ന സാഹചര്യത്തിൽ സൈന്യത്തിനെതിരെയുള്ള സംഘടനകളിൽ അംഗമാണെന്ന് ആരോപിച്ച് ഇന്നലെ മാത്രം ഏഴു വൈദികരെ സൈന്യം തട്ടിക്കൊണ്ടു പോവുകയും ഗ്രാമം അഗ്നിക്കിരയാക്കുകയും ചെയ്തു. ഹാക രൂപതയിലെ ഒരു വൈദികനെ 11 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. സൈന്യത്തിനെതിരായുള്ള ഒരു സംഘടനയിലും അംഗമാകില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം തന്നെ തട്ടിക്കൊണ്ടു പോയ ആറു പുരോഹിതരെക്കൊണ്ടും സൈന്യം ഇപ്രകാരം സമ്മതം വാങ്ങി ഒപ്പ് വാങ്ങിച്ചിരുന്നു. സൈന്യത്തിനെതിരെയുള്ള ഒരു സംഘടനയിലും അംഗമാകില്ലെന്നും അത്തരം സംഘടനകളെ പിന്തുണയ്ക്കില്ലെന്നുമാണ് രേഖാമൂലം എഴുതിവാങ്ങിക്കുന്നത്. ജൂൺ 15-ന് സൈന്യം കിൻ മാ ഗ്രാമം അഗ്നിക്കിരയാക്കി. വീടുകളിൽ കുടുങ്ങിയ പ്രായമായ രണ്ടുപേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. ഭരണം അട്ടിമറിച്ച സൈന്യത്തിനെതിരെയുള്ള പ്രാദേശികസംഘത്തിന്റെ ഏറ്റുമുട്ടലിനെ തുടർന്നാണ് ഗ്രാമത്തിന് തീയിട്ടതെന്ന് കിൻ മാ നിവാസികൾ പറയുന്നു.

200-ലധികം വീടുകളുള്ള ഗ്രാമത്തിൽ അവശേഷിക്കുന്നത് 30 എണ്ണം മാത്രമാണ്. അക്രമത്തിൽ നിന്ന് രക്ഷ നേടാൻ ഭൂരിഭാഗം ജനങ്ങളും വനങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തബായ്ൻ പ്രദേശത്തെ ചില ഗ്രാമങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചതിനു ശേഷം വീടുകളിൽ പരിശോധന നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.