വിശ്വസ്തതയോടെ ക്രൈസ്തവജീവിതം നയിച്ചതിന്റെ പേരില്‍ മരണം വരിച്ച ഏഴ് സഹോദരര്‍

മക്കളെ വളര്‍ത്തുമ്പോള്‍ അവരെയെല്ലാം ഒരേ ദൈവ വിശ്വാസത്തില്‍ വളര്‍ത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര മക്കളുണ്ടെങ്കിലും ഒന്നോ രണ്ടോ ആളുകളെങ്കിലും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിശ്വാസത്തിനു വേണ്ടി ഒരേ രീതിയില്‍ നിലകൊണ്ട സഹോദരരുമുണ്ട്.

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘ഏഴ് വിശുദ്ധ സഹോദരര്‍’ എന്ന് അറിയപ്പെട്ടിരുന്നവരാണവര്‍. അതേ കാലഘട്ടത്തില്‍ തന്നെ ജീവിച്ചിരുന്ന രക്തസാക്ഷിയായ വി. ഫെലിസിറ്റിയുമായി അവര്‍ക്ക് ബന്ധമുണ്ട്. ക്രൈസ്തവ വിശ്വാസം തള്ളിപ്പറയുക എന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരാണ് വി. ഫെലിസിറ്റിയും മക്കളും.

പരിശുദ്ധാത്മാവിന്റെ സഹായത്താല്‍, ജീവിച്ചിരിക്കുന്ന കാലത്തോളം ഞങ്ങള്‍ ക്രിസ്തീയവിശ്വാസം ഏറ്റുപറയുമെന്ന് ആവര്‍ത്തിച്ച് മക്കളോടും അതുതന്നെ നിര്‍ദ്ദേശിച്ചാണ് അവര്‍ മരണം വരിച്ചത്. ഇത്തരത്തില്‍ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ മരണം വരിക്കുയായിരുന്നു ഏഴ് വിശുദ്ധ സഹോദരരും.

വിശുദ്ധ ഗ്രന്ഥത്തില്‍ മക്കബായരുടെ പുസ്തകത്തിലും സമാനമായ സംഭവം കാണാനാവും. രാജാവ്, ഏഴ് സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ച സമയത്ത് അവര്‍ ദൈവത്തിനെതിരായ പ്രവര്‍ത്തിയായി കണ്ട് അത് നിഷേധിക്കുകയും മരണം വരിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ പ്രത്യാശ മുഴുവന്‍ കര്‍ത്താവിലര്‍പ്പിച്ചു കൊണ്ടാണ് അത് ചെയ്തത്.

ഈ ഏഴ് സഹോദരരുടെ ജീവിതം സംബന്ധിച്ച് കൃത്യമായ ചരിത്രരേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ സഭ ഇവരുടെ തിരുനാള്‍ ആചരിക്കുന്നില്ല. എങ്കിലും, ഇവര്‍ നല്‍കുന്ന ചില പാഠങ്ങളുണ്ട്. ‘ഒരു കുടുംബം ദൈവവിശ്വാസത്തില്‍ ഇളക്കം തട്ടാതെ നിലനില്‍ക്കേണ്ടത് എങ്ങനെയെന്നും മക്കളുടെ വിശ്വാസജീവിതത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചും തല്‍ക്കാല ആശ്വാസത്തിനോ നേട്ടത്തിനോ വേണ്ടി ദൈവത്തെ തള്ളിപ്പറയുന്നതല്ല മറിച്ച്, എത്ര ബുദ്ധിമുട്ടുകളുണ്ടായാലും ദൈവനാമത്തിനു വേണ്ടി നിലകൊള്ളുന്നതാണ് യഥാര്‍ത്ഥ നേട്ടം’ എന്നുമുള്ള സന്ദേശം.