ഇരുപതാം നൂറ്റാണ്ടിലെ ഏഴ് ബിഷപ്പുമാരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു

രോമണിയായില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ ഏഴ് ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. ഇന്നലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ബിഷപ്പുമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഏഴുപേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്.

ബിഷപ്പ് വാലൂരു ട്രിയാന്‍ ഫ്രന്തിയൂ, വാസൈല്‍ അഫ്റ്റീനി, ഇവോന്‍ സുക്യൂ, ടിറ്റോ ലിവിയോ ചിനെസു, ഐയോന്‍ ബാലന്‍, അലക്‌സാണ്ട്രു റുസു, ഇലിയു ഹുസു എന്നിവരെയാണ് രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. 1950-70 കാലത്തില്‍ റൊമാനിയായില്‍ സോവിയറ്റ് ഭരണകൂടം പിടിമുറുക്കിയ സമയത്താണ് ബിഷപ്പുമാര്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുന്നതും രക്തസാക്ഷിത്വം വരിക്കുന്നതും.

ഈ ഏഴുപേരും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി മരണം വരെ ജയിലില്‍ കിടന്നവരാണ്. വേദനകളുടെയും പീഡനങ്ങളുടെയും നിമിഷങ്ങളില്‍ ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച ഈ ബിഷപ്പുമാരുടെ ജീവിതം അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു കാരണമായി. ഈ ബിഷപ്പുമാര്‍ക്ക് ഒപ്പംതന്നെ മറ്റ് ഏതാനും പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.