നേപ്പാളിലെ എയിഡ്സ് രോഗികളുടെ ഇടയിൽ ദീപമായി മാറിയ സി. ദീപ  

സി. തെരേസ് ആലഞ്ചേരി SABS

ബലി മുടങ്ങാത്ത അൾത്താരകൾ – 1 

ആ എടുത്തുചാട്ടം ഇരുട്ടിലേക്കായിരുന്നു. എങ്കിലും വെളിച്ചം കൂടെ ഉണ്ടായിരുന്നു. ആയുസ്സ് വെട്ടിച്ചുരുക്കുന്ന HIV (ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) എന്ന നിശബ്ദ കൊലയാളി. ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ട് രംഗപ്രവേശനം ചെയ്ത നാളുകൾ.

തങ്ങളുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട്, അവഗണിച്ച് മാറ്റിനിർത്തിയിരിക്കുന്ന കുരുന്നുജീവിതങ്ങൾ ആ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഇരുപത്തിയെട്ടു വർഷം മുമ്പ് നാടും വീടും ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പുറപ്പെട്ടു; നേപ്പാളിലേയ്ക്ക്. സമൂഹം മാറ്റിനിർത്തിയിരിക്കുന്നവരെ ചേർത്തുനിർത്താൻ വേണ്ടി നേപ്പാളില്‍, കഴിഞ്ഞ ഇരുപത്തിയെട്ടു വർഷങ്ങളായി ശുശ്രൂഷ ചെയ്യുന്ന സി. ദീപ നീറുവേലിൽ SABS – ന്റെ പ്രേഷിതജീവിതം.

കാഞ്ഞിരപ്പള്ളി രൂപതയിലെ, മുറിഞ്ഞപുഴ ഇടവകയിൽ നീറുവേലിൽ കുടുംബത്തിലെ ഏഴു മക്കളിൽ നാലാമത്തെ മകളായിരുന്നു ലില്ലിക്കുട്ടി എന്ന സി. ദീപ. പ്രീഡിഗ്രി പഠനത്തിനു ശേഷം ആരാധനാ സന്യാസിനീ സമൂഹത്തിലെ അംഗമായി മാറിയപ്പോൾ ഉള്ളിൽ നിറഞ്ഞുനിന്നത്, തനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ കാണാനിടയായ ‘മിശിഹാചരിത്രം.’

സിനിമയിലെ കുഷ്ഠരോഗിയുടെ പിന്നാലെ പോകുന്ന ക്രിസ്തു! പഠനം പൂർത്തിയാക്കി വ്രതം സ്വീകരിച്ച ഈ സന്യാസിനി ജോലി ചെയ്തത് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സ്കൂളുകളിൽ. ഗതാഗതസൗകര്യങ്ങളോ, വിദ്യുച്ഛക്തിയോ ഇല്ലാതിരുന്ന തുലാപ്പള്ളി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് സ്കൂളിലും ആയിരുന്നു 10 വർഷം സേവനമനുഷ്ഠിച്ചത്. പിന്നീട് അവിടെ നിന്നും ജോലി രാജി വച്ചിട്ടാണ് മിഷൻ പ്രവർത്തനത്തിനായി നേപ്പാളിലെ കാഠ്മണ്ഡുവിലെത്തുന്നത്.

രാജഭരണം നിലനിൽക്കുന്ന നേപ്പാളിന്റെ സംസ്കാരവും ഭാഷയും വശമില്ലെന്നു മാത്രമല്ല, കടുത്ത സാമ്പത്തിക ക്ലേശങ്ങളും പിന്തുടർന്നിരുന്നു. ലോകം ഭീതിയോടെ ഉറ്റുനോക്കിയിരുന്ന മരണ വൈറസിന്റെ – എച്ച്.ഐ.വിയുടെ – സംഹാരതാണ്ഡവം ആയിരുന്നു അപ്പോള്‍ അവിടെ. പ്രിയപ്പെട്ടവരാൽ വിൽക്കപ്പെട്ട് ബോംബെയിലെ ചുവന്ന തെരുവുകളിൽ അലഞ്ഞുതിരിഞ്ഞതിനു ശേഷം നേപ്പാളിലേക്ക് മടങ്ങിയെത്തിയവരും ധാരാളം; കൂടെ എച്ച്.ഐ വി. ബാധിച്ച കുഞ്ഞുങ്ങളും.

ആരും അവരെ സ്വീകരിക്കാനുണ്ടായിരുന്നില്ല. എന്നാൽ ഇവരെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങിയ സി. ദീപ, അവർക്കായി ഒരു ചെറിയ വീട് സംഘടിപ്പിച്ചു. സി. ദീപയുടെ ഈ സാഹസികതയെ പലരും എതിർത്തു. കാരണം മരണവും അപമാനവും മാത്രം പ്രതിഫലം കിട്ടുന്ന ഈ ശുശ്രൂഷ എല്ലാവരിലും ഭയം ജനിപ്പിച്ചിരുന്നു. ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥനാപൂർവ്വം മുന്നേറിയപ്പോൾ ദൈവം അവളുടെ മുന്നിൽ പല വാതിലുകളും തുറന്നുകൊടുത്തു.

ഭക്ഷണത്തിനും അടിസ്ഥാനസൗകര്യങ്ങൾക്കും വേണ്ടി ഭിക്ഷയെടുത്തിരുന്ന ആദ്യനാളുകളെ കുറിച്ച് സിസ്റ്റർ വാചാലയായി. ഒരിക്കൽ ഈ മക്കൾക്കായി മെഡിക്കൽ സൗകര്യമൊരുക്കുന്നതിനുള്ള ആവശ്യവുമായി ഒരു വക്കീലിനെ കാണാനായി പോകുകയായിരുന്നു. യാത്രയ്ക്കിടെ ബൈക്കിലെത്തിയ രണ്ടു പേർ സിസ്റ്ററിന്റെ അടുക്കലെത്തി ബൈക്ക് നിർത്തിയിട്ടു ചോദിച്ചു: “ദീപാ സിസ്റ്റർ എവിടെ പോകുന്നു?” ഈ നേപ്പാളിൽ എന്റെ പേര് വിളിക്കാൻ എന്നെ ആർക്കാണ് അറിയാവുന്നത് എന്നോർത്ത് അത്ഭുതപ്പെട്ട് നിന്നപ്പോൾ ആ മനുഷ്യൻ സ്വയം പരിചയപ്പെടുത്തി. ഞാൻ മദർ തെരേസാ മഠത്തിലെ സുപ്പീരിയർ സി. നിർമ്മലയുടെ സഹോദരനാണ്. പ്രൊഫ. സുരേന്ദ്ര ജോഷി! അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം അന്നു മുതൽ ഇന്നു വരെ ഈ കുഞ്ഞുങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

ദൈവത്തിന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ദൈവം അയക്കുന്ന ദൂതന്മാർ നമ്മുടെ വഴികളിൽ അത്ഭുതം നിറയ്ക്കും എന്ന് സിസ്റ്റർ തന്റെ അനുഭവങ്ങളിൽ നിന്ന് പറയുന്നു. എച്ച്.ഐ.വി ബാധിതരെയും ഒപ്പം സമൂഹത്തെയും ബോധവത്ക്കരിക്കാനുള്ള യജ്ഞം ഒരുവശത്ത്. മറുവശത്ത് അവരെ സംരക്ഷിക്കാനുള്ള സാമൂഹിക – സാമ്പത്തിക ക്ലേശങ്ങൾ. എന്നാൽ തമ്പുരാൻ കൂടെ നടന്ന് നയിച്ചു എന്നു മാത്രമാണ് അവർക്ക് പറയാനുള്ളത്.

ആദ്യ കാലങ്ങളിൽ കടകളിൽ സാധനങ്ങൾ വാങ്ങാനായി കുട്ടികളും പോകുമായിരുന്നു. അപ്പോഴൊക്കെ നിറകണ്ണുകളോടെയാണ് അവർ മടങ്ങിവന്നിട്ടുള്ളത്. ഒരു വിങ്ങലോടെ അവർ സിസ്റ്ററിനെ കെട്ടിപ്പിടിച്ചിട്ട് പറയും: “സാധനങ്ങളും ബാക്കി പൈസയും ഞങ്ങൾക്ക് എറിഞ്ഞിട്ടാണ് തന്നത്.”

ഈ അവസരത്തിൽ ഗ്രാമങ്ങൾ തോറും കയറിയിറങ്ങി ബോധവൽക്കരണ ക്ലാസ്സുകൾ നൽകാൻ തുടങ്ങി. രൂപതാ നേതൃത്വവും സിസ്റ്ററിന് പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.

മരണാസന്നരായ രോഗികളെ പരിചരിക്കുമ്പോൾ പലപ്പോഴും അവരുടെ മുഖത്തെ അനാഥത്വം മറക്കുന്ന പുഞ്ചിരി സിസ്റ്ററിനെ വലയം ചെയ്തിരുന്നു. പ്രതിരോധശക്തി മനസ്സിനും ശരീരത്തിനും ലഭിച്ച അനേകർ നല്ല ജോലി നേടി സമാധാനത്തോടെ കഴിയുന്നു. ഇവിടെ നിന്നും മടങ്ങിപ്പോയവർ ഇന്നും ദീപാമ്മയുടെ സംസാരവും ഉപദേശവും കേൾക്കാൻ ഫോൺ വിളിക്കാറുണ്ട്; വരാറുമുണ്ട്.

മുപ്പത്താറാമത്തെ വയസ്സിൽ എയ്ഡ്സ് രോഗികളുടെ ചങ്ങാതിയായി മാറിയ ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹം കാഞ്ഞിരപ്പള്ളി പ്രവിശ്യയിലെ അംഗമായ സി. ദീപ നീറുവേലിക്ക് ഇപ്പോൾ 59 വയസ്സ്. മരണ വൈറസ് വഹിക്കുന്ന നിസ്സഹായ ജീവിതങ്ങളെ സ്നേഹപൂർവ്വം പരിചരിച്ചു കൊണ്ട് തന്റെ ജീവിതം  തുടരുന്നു. നേപ്പാളിന്റെ ഈ ദീപം ലോകമെങ്ങും വെളിച്ചമേകട്ടെ…

സി. ഡോ. തെരേസ് ആലഞ്ചേരി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.