ഔദാര്യത്തോടെ ദൈവം സ്നേഹിക്കുന്നതുപോലെ അപരന് സേവനം ചെയ്യൂ: മാർപാപ്പ

ദാനമായി കിട്ടിയത് ദാനമായി കൊടുപ്പിൻ എന്നും ഔദാര്യത്തോടെ ദൈവം സ്നേഹിക്കുന്നതുപോലെ അപരന് സേവനം ചെയ്യൂ എന്നും മാർപാപ്പ. ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ക്രൈസ്തവർക്ക് ദൈവവുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കവെയാണ്, ദൈവം നമ്മോട് എപ്രകാരം പെരുമാറുന്നുവോ അപ്രകാരം നമ്മുടെ സഹോദരരോടും പെരുമാറാൻ നമുക്ക് കടമയുണ്ടെന്ന് പാപ്പാ പറഞ്ഞത്. “ക്രൈസ്തവരായ നമുക്ക് ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കി ഒരിടത്ത് ഇരിക്കാൻ സാധിക്കില്ല. പകരം ദൈവസ്നേഹം ഏതെങ്കിലും വിധത്തിൽ പ്രഘോഷിക്കുന്നവരായി മാറണം.”

വി. മത്തായിയുടെ സുവിശേഷത്തിൽ ഈശോ തന്നെ ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെ അടുത്തേയ്ക്ക് പോകരുത്‌; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്‌. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേയ്ക്ക് പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍ (മത്തായി 10: 5-8).

മറ്റുള്ളവർക്കുവേണ്ടി എന്ത് ചെയ്താലും പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യണമെന്നും പാപ്പാ പറഞ്ഞു. കാരണം പ്രതിഫലം ആഗ്രഹിക്കാത്ത പ്രവര്‍ത്തിയിൽ മാത്രമേ ത്യാഗമുള്ളൂ. അത് മാത്രമേ നന്മയായി പരിഗണിക്കപ്പെടുകയുമുള്ളൂ. ദാനമായി നിങ്ങൾക്ക് കിട്ടി ദാനമായി തന്നെ കൊടുക്കുവിൻ എന്നതിന്റെ അര്‍ത്ഥം അതാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. സ്നേഹമായാലും സേവനമായാലും അങ്ങനെ വേണമെന്നും അദ്ദേഹം പറഞ്ഞു.