കർമ്മലീത്ത സഭയിൽ നിന്ന് ദൈവദാസൻ പദവിയില്‍ എത്തിയ രണ്ടു വിശുദ്ധ വ്യക്തിത്വങ്ങൾ

കർമ്മലീത്ത സഭയിൽ നിന്നുള്ള വിശുദ്ധരായ രണ്ടു വൈദികരുടെ നാമകരണ നടപടികൾ ആരംഭിച്ചു. ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡി, ഫാ. അദയോദാത്തൂസ് ഓഫ് സെന്റ് പീറ്റർ ഒസിഡി എന്നിവരാണ് ദൈവദാസ പദവിയിലേയ്‌ക്ക്‌ ഉയർന്നത്. ഫാ. അദയോദാത്തൂസിന്റെ ദൈവദാസൻ പദവി പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ജീവിച്ചിരിക്കുമ്പോൾ തന്നെ ആഴമായ വിശ്വാസത്തിനു ഉടമയായിരുന്ന ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലും ആതുര സേവന മേഖലയിലും നൽകിയ സംഭാവന വളരെ വലുതാണ്. വിദ്യാഭ്യാസം നേടുന്നതിന് ജാതിയോ മതമോ ഒരു തടസമല്ല എന്ന് വിശ്വസിച്ച ബിഷപ്പ് എല്ലാ മതങ്ങളിലും ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്‌കൂളുകൾ ആരംഭിച്ചു.

ജീവിച്ചിരിക്കുമ്പോൾ തന്നെ അത്ഭുത പ്രവർത്തകൻ എന്ന് പേരെടുത്തിരുന്നു അദ്ദേഹം. 1906 -ൽ വാടി- തങ്കശേരി തീരാത്ത കടൽ ക്ഷോഭം ഉണ്ടായപ്പോൾ അച്ചന്റെ പ്രാർത്ഥനയുടെ ഫലമായി കടൽ ശാന്തമായി. മറ്റൊരു അവസരത്തിൽ കുറേ ഗ്രാമങ്ങളിൽ പകർച്ച വ്യാധികൾ രൂക്ഷമായ അവസരത്തിൽ അച്ചൻ പ്രാർത്ഥനാ പൂർവം ആ ഗ്രാമങ്ങളിലൂടെ കടന്നു പോവുകയും തത്‌ഫലമായി പകർച്ചവ്യാധി പൂർണ്ണമായും മാറുകയും ചെയ്തു.

ഫാ. അദയോദാത്തൂസ് തീക്ഷണതയുള്ള ഒരു മിഷനറിയായിരുന്നു. വിശുദ്ധമായ ജീവിതം നയിച്ച അദ്ദേഹം തിരുവനന്തപുരം രൂപതയുടെ ഉൾനാടുകളിലാണ് തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചത്. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു ഇടവകകളിൽ സന്ദർശനം നടത്തിയിരുന്ന അദ്ദേഹത്തിൻറെ ജീവിതം എന്നും വിശ്വാസികൾക്ക് ഒരു അത്ഭുതമായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ വല്യച്ചൻ എന്നാണ് സ്നേഹപ്പൂർവം വിളിച്ചിരുന്നത്.

പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന ദൈവദാസന്മാരുടെ പക്കൽ പ്രാർത്ഥനാ സഹായം യാചിച്ചു ധാരാളം ആളുകളാണ് എത്തുന്നത്. ഇവരുടെ വിശുദ്ധി നിറഞ്ഞ ജീവിതം നമുക്ക് മാതൃകയാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.