സീറോ മലങ്കര ഫെബ്രുവരി 27 യോഹന്നാൻ 14: 1-6 യേശു പിതാവിലേക്കുള്ള വഴി

ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തീയ വിശ്വാസത്തെ മറ്റു മതങ്ങളിൽ നിന്നും തത്വസംഹിതകളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രമാണം യേശു തന്റെ ശിഷ്യന്മാർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു: “വഴിയും, സത്യവും, ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (14:6). ഒരുപാട് വഴികളുള്ള ഇന്നത്തെ ലോകത്ത് നമുക്കു രക്ഷ പ്രാപിക്കാനുള്ള ഒരേയൊരു വഴി യേശു മാത്രമാണ്. കർത്താവിന്റെ കൈപിടിച്ച് കൂടെ നടുക്കുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി. ഇവിടെ യേശു നല്ല മാർഗ്ഗങ്ങൾ പറഞ്ഞു തരാം എന്നല്ല പറഞ്ഞിരിക്കുന്നത്; തന്നെത്തന്നെ മാർഗ്ഗമായി അവതരിപ്പിക്കുകയാണ്. അതിനാൽ ക്രിസ്തുവിനെ അനുദിനം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അനുധാവനം ചെയ്യാതെ ക്രിസ്തുശിഷ്യനാവാൻ നമുക്ക് സാധിക്കില്ല. യേശു എന്ന വ്യക്തിയെ പൂർണ്ണ ഹൃദയത്തോടും, ആത്മാവോടും, മനസ്സോടും പിഞ്ചെല്ലുന്നതാണ് ദൈവത്തെ പ്രാപിക്കാനുള്ള മാർഗ്ഗം.

പ്രസിദ്ധ ധ്യാനഗുരുവായിരുന്ന ആന്റണി ഡി മെല്ലോ പറഞ്ഞ ഒരു ലളിതമായ കഥയുണ്ട്. ഒരിക്കൽ തന്റെ മകൻ പുതിയ സ്ഥലത്തുവാങ്ങിയ വീട് സന്ദർശിക്കാൻ അദ്ദേഹത്തിന്റെ പിതാവ് വന്നു. വൈകുന്നേരം പുറത്തു നടക്കാൻ ഇറങ്ങിയപ്പോൾ തന്റെ കൊച്ചു മകളെയും കൂടെ കൂട്ടി. കുറെ നേരത്തെ നടത്തത്തിനു ശേഷം അദ്ദേഹം കൊച്ചുമകളോട് ചോദിച്ചു: “നമ്മൾ വീട്ടിൽ നിന്നും എത്രമാത്രം ദൂരത്തിൽ നടന്നുവെന്ന് നിനക്കറിയാമോ?” കുട്ടി അറിയില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു: “ഇനിയും ഏതു വഴിയിലൂടെയാണ് തിരികെ വീട്ടിൽ പോകേണ്ടതെന്നു നിനക്കറിയാമോ?” അതിനും അറിയില്ല എന്നായിരുന്നു അവളുടെ ഉത്തരം. അപ്പോൾ അദ്ദേഹം കുട്ടിയോട് പറഞ്ഞു: “എനിക്ക് തോന്നുന്നത് നിനക്ക് വഴി തെറ്റി, അതുകൊണ്ടു തിരികെ വീട്ടിലെത്താൻ നിനക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.” അപ്പോൾ കുട്ടി വളരെ നിഷ്ക്കളങ്കതയോടെ വല്യപ്പനെ നോക്കി പറഞ്ഞു: “എനിക്ക് വഴി തെറ്റിയിട്ടില്ല, കാരണം ഞാൻ എന്റെ അപ്പൂപ്പന്റെ കൂടെയാണ് നടക്കുന്നത്.” കുട്ടിയെ സംബന്ധിച്ച് തന്റെ വല്യപ്പന്റെ കൂടെ നടന്നാൽ എവിടെ പോകുന്നു എന്നതിനെക്കുറിച്ച് ഒരിക്കലും ഭയക്കേണ്ടതില്ല. യേശുവിന്റെ കൈപിടിച്ച് നടന്നാൽ ഒന്നിനെയും ഭയക്കാതെ, വഴിതെറ്റാതെ, നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് നമുക്ക് സാധിക്കും.

സ്വർഗ്ഗം എങ്ങനെയാണെന്ന് യേശുവിന് നന്നായി അറിയാം. കാരണം അവിടെ നിന്നാണ് യേശു ഭൂമിയിലേക്ക് വന്നിരിക്കുന്നത്. ഇപ്പോൾ നമുക്കായി അവിടെ വീടൊരുക്കി യേശു കാത്തിരിക്കുന്നു. എന്നാൽ അവിടെ എങ്ങനെ പോകാമെന്നും, ആരെയൊക്കെ കൊണ്ടുപോകണമെന്നും യേശുവിനു മാത്രമേ അറിയൂ. നമ്മുടെ വഴിയും, സത്യവും, ജീവനുമായ യേശുവിനെ നമ്മുടെ ചിന്തയിലൂടെയും, വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും അനുദിനം അനുധാവനം ചെയ്തുകൊണ്ട് സ്വർഗ്ഗത്തിൽ സന്തോഷത്തോടെ എത്തിച്ചേരുന്നതിന് നമുക്ക് പരിശ്രമിക്കാം.(കൂടുതൽ വിശദീകരണത്തിന് ഫെബ്രുവരി 15- ലെ വിചിന്തനം കാണുക)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍