സെപ്‌റ്റംബർ 21: ലോക സമാധാന ദിനം – സമാധാനത്തിലേക്ക് ഇനി എത്ര ദൂരം

ടോണി ചിറ്റിലപ്പിള്ളി

2021 -ലെ  ലോക സമാധാന ദിനത്തിന്റെ പ്രമേയം “സമത്വവും സുസ്ഥിരവുമായ ലോകത്തിനു വേണ്ടി ഒരു മെച്ചപ്പെട്ട വീണ്ടെടുക്കലിന്” നാം ശ്രമിക്കണമെന്നാണ്. മനസുകളിലാണ് യുദ്ധം ആരംഭിക്കുന്നത്. അതിനാല്‍ സമാധാന പ്രതിരോധങ്ങള്‍ കെട്ടിയുയര്‍ത്തേണ്ടത് മനുഷ്യമനസുകളിലാണ്. സമാധാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അക്രമരഹിതമായ നല്ല നാളെയെ കെട്ടിപ്പടുക്കാനുമാണ് 1981 -ല്‍ ഐക്യരാഷ്ട്ര സഭ സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

ലോക സമാധാന സൂചിക 

രാഷ്ട്രങ്ങളുടേയും ദേശങ്ങളുടേയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക ചെയ്യുന്നത്. ഈ സൂചികയുടെ 2021 -ലെ കണക്ക് പ്രകാരം ഐസ്‌ലാന്റ് ആണ് ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം. ഇന്ത്യയുടെ സ്ഥാനം കേവലം 135 ആണ്‌. രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും അതായത് യുദ്ധങ്ങളും യുദ്ധചെലവുകളും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.

ആഭ്യന്തരമായോ, രാജ്യാന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നതു കൊണ്ട് ഗ്ലോബല്‍ പീസ്  ഇന്‍റക്സ്  ഉദ്ദേശിക്കുന്നത്. ലോക സമാധാന സൂചികപ്രകാരം ലോകത്ത് യുദ്ധസമാനമായ സംഘർഷം വർദ്ധിക്കുകയാണ്. അക്രമാസക്തമായ പ്രകടനങ്ങൾ, ഭീകരതയുടെ സ്വാധീനം, ലഹരിമരുന്നുകളുടെ ഉപയോഗം, അക്രമാസക്ത തീവ്രവാദചിന്തയുടെ സ്വാധീനം മുതലായ ഘടകങ്ങൾ ലോകസമാധാന നിലവാരം അളക്കാനുള്ള സൂചിക അടിസ്ഥാനമാക്കുന്നു.

സമാധാനം ഉടലെടുക്കേണ്ടത് മനുഷ്യഹൃദയങ്ങളിൽ 

സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, സഹിഷ്ണുത, ഐക്യദാർഢ്യം, സഹകരണം,ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, സംഭാഷണം, ധാരണ എന്നിവയുടെ തത്വങ്ങൾ പാലിച്ചുകൊണ്ടാണ് നാം സമാധാനത്തിലേക്ക് എത്തിച്ചേരേണ്ടത്. സമാധാനം വാക്കുകളിലല്ല, ഓരോ മനുഷ്യമനസിലും ഉടലെടുക്കേണ്ടതാണ്. അതിൽ നിന്നും നിരവധി  മാനവഹൃദയങ്ങളിലും എത്തിച്ചേരേണ്ട ഒന്നാണ് സമാധാനം.

സമാധാനം ഒരു വ്യക്തിയിലോ, ഒരു രാഷ്ട്രത്തിലോ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. ഇതാണ് ലോകജനതയ്ക്കുള്ള ഏറ്റവും വലിയ സന്ദേശം. ലോകരാജ്യങ്ങളും ജനങ്ങളും അവര്‍ക്കില്ലാത്തത് പങ്കുവയ്ക്കാന്‍ തയ്യാറാണ്. പക്ഷേ, അവർ അവര്‍ക്കുള്ളത് പങ്കുവയ്ക്കാന്‍ തയ്യാറല്ല. ഇതു തന്നെയാണ് ലോകത്തെ അസമാധാനത്തിനു കാരണം. ഇന്ന് ഈ ലോകത്തിലെ 90 ശതമാനം സമ്പത്തും ലോകത്തിലെ അഞ്ചു ശതമാനം ജനങ്ങളുടെ കൈകളിലാണ്. അതിനാല്‍ ഈ മനോഭാവം ഉള്ളപ്പോള്‍ സമാധാനം ഉണ്ടാകുക ഏറെ ബുദ്ധിമുട്ടാണ്.

സമാധാനമെന്നാൽ നിഷ്ക്രിയത്വമെന്നും അക്രമമെന്നാല്‍ പ്രവൃത്തിയെന്നും കരുതുന്ന ഒരു പ്രവണത പ്രത്യേകിച്ച് ലോകത്തിലെ മിക്ക ആളുകളുടെയും ഇടയില്‍ ഉണ്ട്. പ്രതികൂലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, ഏകാധിപതികൾ സമാധാനത്തെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചും സംസാരിക്കും. അനുകൂലമായ അവസ്ഥയിലാണെങ്കില്‍, അവർ ആവശ്യമുള്ളതെല്ലാം വെട്ടിപ്പിടിച്ച് നേടിയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കും. എന്റെ വേദന പോലെ തന്നെയാണ് മറ്റെയാളിന്റെ വേദന എന്ന് മനസിലാക്കാന്‍ ഒരു മനുഷ്യന്‍ എന്ന്‌ ശ്രമിക്കുന്നുവോ അന്നു മുതല്‍ ലോകം സമാധാനത്തിന്റെ പാതയിലേയ്ക്ക് തിരികെ വരും.

ഗാന്ധിജിയിൽ നിന്ന് പഠിക്കേണ്ടത്

ലോകമെമ്പാടും ഇന്ന് സാമൂഹികനീതിയും സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളും പ്രസ്ഥാനങ്ങളും പ്രശ്നപരിഹാരങ്ങൾക്ക് ഉറ്റുനോക്കുന്നത് ഗാന്ധിമാർഗ്ഗത്തെയാണ്. ആഗോളതലത്തിൽ നടന്നുവരുന്ന പരിസ്ഥിതി ഉച്ചകോടികളിലും ബദൽവികസന മാതൃകകൾക്കായുളള അന്വേഷണ പരീക്ഷണങ്ങളിലും ലോകസമാധാനത്തിനു വേണ്ടിയുളള മുറവിളികൾക്കിടയിലും മുഖ്യമായും ഉയർന്നുകേൾക്കുന്ന പേരും നമ്മുടെ ഗാന്ധിജിയുടേതു തന്നെ. ധര്‍മ്മനിഷ്ഠകള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഗാന്ധിയെ ലോകം തിരിച്ചറിയേണ്ടതുണ്ട്.

ശാന്തിയും സമാധാനവും ശാശ്വതമായി മാനവരാശിക്കുണ്ടാകണമെങ്കില്‍ മാനവികതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. ഒരു സാധാരണക്കാരന്റെ വികാരവിചാരങ്ങളില്‍ പോലും രാഷ്ട്രത്തിന്റെ സുശോഭനമായ ഭാവിയുടെ അനുരണനങ്ങള്‍ ഉണ്ടെന്ന് സൂക്ഷ്മമായി അറിഞ്ഞയാളായിരുന്നു ഗാന്ധിജി. സമാധാനം കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധം അഹിംസയാണ് എന്നും മനുഷ്യന്റെ ബുദ്ധിയില്‍ കണ്ടുപിടിച്ച മറ്റെല്ലാ ആയുധങ്ങളെക്കാളും അത് മികച്ചതാണെന്നും ഗാന്ധിജി വിശേഷിപ്പിച്ചു. ആണവയുദ്ധങ്ങളിലൂടെയും തീവ്രവാദങ്ങളിലൂടെയും ലോകസമാധാനവും മനുഷ്യരാശിയും തന്നെ ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ സന്ദേശത്തിന് പ്രാധാന്യം ഏറുന്നുണ്ട്.

തീവ്രവാദ പ്രവർത്തനങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

ലോകസുരക്ഷയ്‌ക്കും സമാധാനത്തിനും മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദ സാന്നിധ്യം, ഭീകരപ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം, മനുഷ്യക്കടത്ത്, ആയുധവിപണനം, ലഹരിമരുന്ന് കടത്ത്, ആധുനിക സാങ്കേതികവിദ്യ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവ അതിഭീകരമാണ്. അതിനെക്കുറിച്ച് പറയുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ സമൂഹത്തിൽ ഏറെ ഭീകരമാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വില്‍പനയുള്ള ചരക്കുകളാണിവ. ഒരു സമൂഹത്തെയും തലമുറയേയും മുഴുവന്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ അവരുടെ കഴിവും പ്രാപ്തിയും വിശ്വസാഹോദര്യത്തിനും കരുണയ്ക്കുമായി വിനിയോഗിച്ചെങ്കില്‍ സമാധാനം എത്രയോ മുൻപേ സുസ്ഥാപിതമായേനെ?

വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ സമാധാനത്തിനും പരസ്‌പരവിശ്വാസത്തിനും സുരക്ഷയ്‌ക്കും വലിയ ഭീഷണിയുയർത്തുന്നുണ്ട്. അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്നവർക്കെതിരായ ആക്രമണങ്ങൾ കൊണ്ട് സത്യങ്ങൾ ഇല്ലാതാകില്ല. നിർഭാഗ്യകരമെന്നു പറയട്ടെ, സമാധാനം നമ്മുടെ സ്വപ്നത്തിലും, യുദ്ധം കൺമുമ്പിലും സംഭവിക്കുന്നു. കൊളോണിയല്‍ സംസ്‌കാരത്തേയും മുതലാളിത്ത വ്യവസ്ഥിതികളേയും പലപ്പോഴും സമാധാനത്തിന്റെ സന്ദേശവാഹകരായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.

കലാപസംസ്‌കാരങ്ങളുടെ ചിതയിലിരുന്നു നമ്മള്‍ സമാധാനത്തെക്കുറിച്ച് വാചാലരാകുന്നു. മുതലാളിത്ത വ്യവസ്ഥിതിയും ധനകാര്യ സംവിധാനങ്ങളും മുന്നോട്ടുവയ്ക്കുന്ന സമാധാനം യഥാര്‍ത്ഥ സമാധാനമല്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അസംസ്‌കൃതവും മൃഗീയവുമായ വാസനകളേയും പ്രവൃത്തികളേയും സ്വീകാര്യമായ പെരുമാറ്റരീതിയുടെ പുതപ്പണിയിക്കുകയാണ് ഈ സംവിധാനങ്ങള്‍ ചെയ്യുന്നത്. സമാധാനത്തിന്റെ ഒരു പുതിയ തുടക്കത്തിന് വലിയ സംവിധാനങ്ങളോ, തയ്യാറെടുപ്പുകളോ ആവശ്യമില്ല. ഒരു ബിംബം, ഒരു നോട്ടം അല്ലെങ്കില്‍ ഒരു ദാര്‍ശനിക കാഴ്ചപ്പാട് അതു മാത്രമാണ് ആവശ്യം.

ഇനി വേണ്ട യുദ്ധങ്ങൾ

മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും ഇടയിൽ ബലമായിരിക്കുന്ന അനീതി, സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ, അസൂയ, പരസ്പര വിശ്വാസമില്ലായ്മ, അഹങ്കാരം എന്നിവ നിരന്തരം സമാധാനത്തിന് ഭീഷണിയും യുദ്ധങ്ങൾക്ക് കാരണവുമാണ്. സമാധാനം കൊണ്ട് യാതൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ യുദ്ധം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം.

നാം വേണ്ടത്ര നശിപ്പിച്ചുകഴിഞ്ഞു, കൊന്നുകഴിഞ്ഞു. പതിനായിരം കൊല്ലമോ, അതിലധികമോ ആയിട്ടും കൊലപാതകം നിർത്താൻ നാം പഠിച്ചിട്ടില്ല. യുഗങ്ങൾക്കു  ശേഷവും ലളിതമായ ഒരു കാര്യം, “മനുഷ്യനെ കൊല്ലരുത്” എന്ന് നാം പഠിക്കുകയുണ്ടായില്ല. ജീവിതത്തിന്റെ മൂഢമായ ഒരു വഴി ഉപേക്ഷിക്കാൻ സമയമായി. നമുക്ക് ഈ ഇരുട്ടിൽ നിന്ന് സമാധാനത്തിന്റെ വെളിച്ചത്തിലേക്ക്‌ വരേണ്ടതുണ്ട്.

യുദ്ധമെന്ന കളിയിൽ മരണം വിജയിയും മനുഷ്യൻ പരാജിതനുമാകുന്നത്, അത് ജീവനേക്കാൾ സെമിത്തേരികളെ സൃഷ്ടിക്കുന്നതുകൊണ്ടാണ്. ഇക്കാരണത്താലാണ് ജനങ്ങൾ യുദ്ധത്തെ വെറുക്കുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നത്. എന്നാൽ അവർ ആഗ്രഹിക്കാത്ത യുദ്ധം പിൻവാതിലിലൂടെ പ്രവേശിക്കുന്നു എന്നതാണ് വാസ്തവം. വിശ്വവിശ്രുത നോവലിസ്റ്റും തത്വചിന്തകനുമായ ജോഹാൻ വോൾഫ് ഗാങ് വോൺ ഗോഥെയുടെ കൃതിയായ ഫോസ്റ്റിൽ പറയുന്നതുപോലെയാണ് കാര്യങ്ങൾ, “നിങ്ങൾ വാതായനങ്ങൾ കൊട്ടിയടച്ചാലും, കുഴപ്പം താക്കോൽ പഴുതിലൂടെ അകത്ത് പ്രവേശിക്കും.”

നമുക്ക് വേണ്ടത് ശാശ്വതസമാധാനം മാത്രം

നവോത്ഥാന ദാര്‍ശനികപ്രതിഭയായിരുന്ന ഇമ്മാനുവല്‍ കാന്റ് ലോക സമാധാനത്തെക്കുറിച്ച് വിചിന്തനം നടത്തിയിരുന്നു. അദ്ദേഹം രചിച്ച ‘ശാശ്വത സമാധാനം’ (Perpetual Peace) എന്ന കൃതിയില്‍ സമാധാനം ഒരു ദേശത്തിനു മാത്രം സാധ്യമല്ലെന്നും സമാധാനം സാധ്യമാക്കുന്ന നീതിനിര്‍വഹണത്തിൽ അധിഷ്ഠിതമായ ഒരു ക്രമം (World Order) ഉണ്ടാകണമെന്നും നിരീക്ഷിക്കുന്നു.

നമ്മൾ സൃഷ്ടിച്ചിരിക്കുന്നത് വളരെ വിചിത്രമായ ഒരു ലോകമാണ്. ഇതുവരെ മനുഷ്യർ പരസ്പരവും സമൂഹം സമൂഹത്തോടും ചെയ്തിരിക്കുന്നതെല്ലാം ശരിക്കും അവിശ്വസനീയമാണ്. ഒരു ഭാഗത്ത് നാം വെറുക്കാൻ പഠിപ്പിക്കുന്നു, മറുഭാഗത്ത് സമാധാനത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിക്കുന്നു. ഒരു കൈ കൊണ്ട് നാം തോക്കെടുക്കുന്നു, പിന്നെ മാറിനിന്ന് നാം പറയുന്നു, ‘നമ്മളെല്ലാം സഹോദരന്മാരാണ്.’ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ  നാം ലോക സമാധാനത്തെക്കുറിച്ച് പറയുന്നു. ഒപ്പം തന്നെ യുദ്ധത്തിന് ഒരുങ്ങുന്നു. എന്തൊരു വിരോധാഭാസം!

നിഷ്‌കളങ്കസ്വരങ്ങൾ നിശബ്ദമാകുന്ന, ജ്ഞാനികൾ മൗനാവലംബികളാകുന്ന, സർവ്വവും ശിഥിലമാകുന്ന യുദ്ധങ്ങളിൽ നിന്നുള്ള തിരിഞ്ഞുനടത്തത്തിന് പിൻവിളി മുഴങ്ങുന്നത് ഓരോ യുദ്ധങ്ങളുടെയും കദനകഥകളുടെ അനുഭവങ്ങളിലൂടെയാണ്. ചരിത്രത്തിന്റെ ചവിറ്റടിയിൽപ്പെട്ട, ഭൂമിയിൽ ചൊരിയപ്പെട്ട നിഷ്‌കളങ്കരുടെ രക്തം ഇനിയുമൊരു യുദ്ധമരുതേ എന്ന് ദുർബലമായി ആവർത്തിക്കുന്നുമുണ്ട്. നമ്മുടെ ഇന്നലെകൾ പാഠങ്ങളാണ്. മുന്നോട്ടുള്ള കാലത്തിന്റെ യാത്രയിൽ സമാധാനത്തിനെതിരെ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠങ്ങൾ.

സ്വേച്ഛാധിപതികള്‍ വീഴുമ്പോള്‍ അതുവരെ അവര്‍ക്കു പിന്നില്‍ ശക്തരായി അണിനിരന്നിരുന്ന ജനങ്ങള്‍ നിസ്സംഗരായി നോക്കിനില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. ഹിറ്റ്ലര്‍ക്കും മുസോളിനിക്കും ശേഷം അതുവരെ ശക്തമായിരുന്ന ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ യൂറോപ്പില്‍ വേരറ്റുപോയതിനും പോള്‍പോട്ടും പിനോഷേയും മിലോസെവിച്ചും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടപ്പോള്‍ തന്നെ വിസ്മരിക്കപ്പെട്ടതിനും കാരണം ഒന്നുതന്നെയല്ലേ?

ജനങ്ങൾ ആത്യന്തികമായി സമാധാനവും സുരക്ഷിതത്വവും കാംക്ഷിക്കുന്നവരാണ്. അവര്‍ അരക്ഷിതത്വം തീരെ ഇഷ്ടപ്പെടുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഈ സ്വേച്ഛാധിപതികള്‍ വര്‍ഷങ്ങളോളം ഈ ജനസമൂഹങ്ങളുടെ അനിഷേധ്യനേതാക്കളായി വാഴ്ച നടത്തിയത്? ഉത്തരം വളരെ ലളിതം. സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം മാത്രമാണ്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വ്യവഹാരങ്ങൾ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴ്‌പ്പെടുത്താതിരിക്കട്ടെ. നമുക്ക് വൈവിദ്ധ്യത്തെ ആദരിക്കുകയും സഹിഷ്ണുതയെ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

നീതിയിലധിഷ്ഠിതമായ വ്യവസ്ഥിതി കൈവരിക്കാനായാലേ ശാന്തിയും സമാധാനവും പുലരുകയുള്ളൂ. നിർഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു വ്യവസ്ഥിതി ഇപ്പോൾ അകലെയാണ്. സമാധാനം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഴിവ് മനുഷ്യൻ ഇനിയും കൈവരിച്ചിട്ടില്ലേ? വ്യക്തികൾ മറ്റ് വ്യക്തികളുടെയും സമൂഹങ്ങൾ മറ്റ് സമൂഹങ്ങളുടെയും രാഷ്ട്രങ്ങൾ മറ്റ് രാഷ്ട്രങ്ങളുടെയും അവകാശങ്ങൾ മാനിക്കാൻ തയ്യാറാകുമ്പോൾ മാത്രമേ സമാധാനം യാഥാർത്ഥ്യമാകൂ.

ഓരോ ലോക സമാധാന ദിനവും സമാധാനകാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുന്ന അവസരമായി മാറുകയാണ്. സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ജീവിതത്തിനുള്ള ഓരോ വ്യക്തിയുടേയും അവകാശത്തെയും അഭിലാഷത്തെയും വിലമതിക്കുന്ന നീതിപൂര്‍വ്വവും കൂടുതല്‍ കരുത്തുറ്റതുമായ ഒരു സമാധാന ലോകം ഉണ്ടാകട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

ടോണി ചിറ്റിലപ്പിള്ളി

(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.