കാമറൂണിൽ പുരോഹിതന്മാരെ ലക്ഷ്യം വച്ച് വിഘടന വാദികളും സൈന്യവും

അഞ്ചു ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്തിക്കൊണ്ട് കാമറൂണിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പുരോഹിതന്മാർക്കെതിരെ ആക്രമണം നടത്തുകയാണ് വിഘടനവാദികളും സൈന്യവും. പുതിയൊരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഘടനവാദികൾ സൈന്യവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വൈദികരെയും ബിഷപ്പുമാരെയും തട്ടിക്കൊണ്ടു പോകുന്നതും ഇവിടെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം സ്‌കൂൾ ആരംഭിക്കാൻ ശ്രമിച്ച ഒരു വൈദികനെ വിഘടനവാദികൾ തട്ടിക്കൊണ്ടു പോയി. അദ്ദേഹം ഇതുവരെയും മോചിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ വിഘടനവാദികളുമായി സഹകരിക്കുന്നു എന്നാരോപിച്ച് ഒരു വൈദികനെ സൈന്യവും അറസ്റ്റ് ചെയ്തു. അതിനാൽ തന്നെ സഭ പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് ബാമേണ്ട അതിരൂപതയിലെ വൈദികനും കത്തോലിക്കാ വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സെക്രട്ടറിയുമായ ഫാ. സിഫ്‌റീനിയുസ് യെം പറഞ്ഞു.

“സഭ എന്നും സത്യത്തിനും സമാധാനത്തിനുമായിട്ടേ നിലകൊണ്ടിട്ടുള്ളൂ. എങ്കിലും ഇവിടെ ഇരുകൂട്ടരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. വിഘടനവാദികളും സൈന്യവും നിലവിൽ സഭയുടെ പ്രസ്താവനകളെ തങ്ങൾക്കെതിരായിട്ടാണ് കരുതിയിരിക്കുന്നത്. വേർപിരിഞ്ഞു കൊണ്ട് പുതിയ രാജ്യം സൃഷ്ടിക്കുന്നവർ സഭ സർക്കാരിനെ അനുകൂലിക്കുന്നു എന്നും സർക്കാർ നേതാക്കൾ സഭ വിഘടനവാദികൾക്കൊപ്പമാണെന്നും പറയുന്നു. എന്നാൽ ഒരു രാജ്യത്തിലുള്ളവർക്ക് എങ്ങനെയാണു പരസ്പരം ശത്രുക്കളായി പെരുമാറാൻ കഴിയുന്നത്?” – ഫാ. യെം ചോദിക്കുന്നു.

അഞ്ചു വർഷത്തെ പോരാട്ടത്തിനിടയിൽ ഇതുവരെ 4000 -ലധികമാളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിരവധി വൈദികരുമുൾപ്പെടുന്നു. 70,000 ആളുകൾ അയൽരാജ്യമായ നൈജീരിയയിലേക്ക് പാലായനം ചെയ്തു. നിരവധി ഇടവക ദൈവാലയങ്ങൾ കാമറൂണിൽ പ്രവർത്തനരഹിതമായിരിക്കുകയാണ് ഈ സാഹചര്യത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.