ജനനസമയത്ത് വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയ ദൈവവിളി

    സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ ഗബ്രിയേലയും. വളരെ വ്യത്യസ്തമായ ജീവിതമായിരുന്നു ഈ ഇരട്ട സഹോദരിമാരുടേത്. ഇരട്ടകളാണെങ്കിലും ആ സത്യം അവര്‍ തിരിച്ചറിയുന്നത് ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടന്നപ്പോള്‍. അതുവരെ ബന്ധുക്കളെപ്പോലെ കഴിഞ്ഞിരുന്ന അവരെ  ദൈവവിളിയിലൂടെ ഒരു കൂരക്ക് കീഴില്‍ എത്തിച്ചത് ദൈവത്തിന്റെ പ്രത്യേക പദ്ധതി.

    വ്യത്യസ്തതകള്‍ നിറഞ്ഞ ഈ ഇരട്ട സഹോദരിമാരുടെ, സന്യസ്തരുടെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

    ചെറുപ്പത്തിലേ വേര്‍പിരിച്ച വിധി 

    1962 ഫെബ്രുവരി 23 നാണ് സിസിലിയ എന്ന യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങിയ സിസിലിയ വൈകാതെ തന്നെ മരണമടഞ്ഞു. ആ അമ്മയ്ക്ക് താന്‍ ജന്മം കൊടുത്ത കുഞ്ഞുങ്ങളുടെ മുഖം കാണുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ പിരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ വീട്ടുകാര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ അച്ഛനും മറ്റേ കുഞ്ഞിനെ അമ്മയുടെ സഹോദരിയും ഏറ്റെടുത്തു. അങ്ങനെ രണ്ട് ഇടങ്ങളിലായി ആ ഇരട്ട സഹോദരിമാര്‍ വളര്‍ന്നു.

    ആരും അവരുടെ അടുത്ത്, കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. ബന്ധുക്കള്‍ എന്ന രീതിയില്‍ വളര്‍ന്നു വന്ന ഇരുവരെയും കാണുമ്പോള്‍ മറ്റുള്ളവര്‍ പറയും. ‘ അവര്‍ ബന്ധുക്കളാണ്, പക്ഷെ ഇരട്ടകളെപോലെ ഇരിക്കുന്നു’. അങ്ങനെ ബാല്യകാലം മുന്നോട്ടു പോയി. എല്ലാവര്‍ഷവും അവര്‍ ഇരുവരും ഒരുമിച്ചു കണ്ടുമുട്ടും. സകല മരിച്ചവരുടെയും തിരുനാള്‍ ദിവസം. സിസിലിയ എന്ന ‘ആന്റി’യുടെ കല്ലറയില്‍ അവര്‍ വന്നു പ്രാര്‍ത്ഥിച്ചു പൂക്കള്‍ സമര്‍പ്പിച്ചു കടന്നു പോകും. ആ ആന്റി തങ്ങളുടെ അമ്മയാണെന്ന് അറിയാതെ.

    അങ്ങനെ ഇരിക്കെ ഒരിക്കല്‍ തന്റെ പത്താം വയസില്‍ ഗബ്രിയേല തന്റെ വീട്ടുകാരുടെ രഹസ്യ സംസാരം കേള്‍ക്കാന്‍ ഇടയായി. ഇതുവരെ താന്‍ ബന്ധു എന്ന് കരുതിയ എലിസബത്ത് തന്റെ ഇരട്ട സഹോദരിയാണെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു. വൈകാതെ തന്നെ എലിസബത്തും ഈ സത്യം അറിഞ്ഞു. ആദ്യം അവര്‍ക്ക് വലിയ ഒരു ഞെട്ടലായിരുന്നു എങ്കിലും പിന്നീട് അവര്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടു.

    ദൈവവിളി തിരിച്ചറിയുന്നു

    കൗമാര പ്രായത്തില്‍ ഇരുവരും ഹോസ്പിറ്റലര്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസ സമൂഹം നടത്തി വന്നിരുന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും മറ്റും പങ്കെടുത്തിരുന്നു. ആ സന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തന ശൈലിയും രീതികളും മനസിലാക്കിയ ഇരുവരും സന്ന്യാസ സമൂഹത്തില്‍ ചേരുവാന്‍ തീരുമാനിച്ചു. ഈ കാര്യം വീട്ടില്‍ അവതരിപ്പിച്ചു. എലിസബത്തിനു വീട്ടില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിച്ചു. പിതാവ് അവളെ അനുഗ്രഹിച്ചയച്ചു. എന്നാല്‍ ഗബ്രിയേലയുടെ വീട്ടില്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. അവളുടെ വളര്‍ത്തു പിതാവ് ഈ ആഗ്രഹത്തെ ശക്തമായി എതിര്‍ത്തു.

    ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീട്ടുകാര്‍ തന്നെ വിടുന്നില്ല എന്ന് കണ്ടപ്പോള്‍ ഗബ്രിയേല വീട്ടില്‍ നിന്ന് ഇറങ്ങി പോന്നു. മഠത്തില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയ ഇരുവരും അഞ്ചു വര്‍ഷത്തിന് ശേഷം സഭാവസ്ത്രം സ്വീകരിച്ചു. ഒടുവില്‍ ഗബ്രിയേലയുടെ പിതാവിന് മനം മാറ്റം സംഭവിക്കുകയും തങ്ങളുടെ വളര്‍ത്തു പുത്രിയെ അനുഗ്രഹിക്കുകയും ചെയ്തു. എല്ലാവരും സന്തോഷത്താല്‍  നിറഞ്ഞു.

    അങ്ങനെ ദൈവവിളിയിലൂടെ ആ ഇരട്ട സഹോദരിമാര്‍ ഇരു ഭവനങ്ങളില്‍ നിന്ന് ഒരു ഭവനത്തിന്റെ കീഴില്‍ എത്തി. ആ നിമിഷം അവര്‍ കരങ്ങള്‍ കോര്‍ത്തു പിടിച്ചു. എന്നിട്ടു പറഞ്ഞു ‘ തങ്ങളുടെ കൂടിച്ചേരലിനായി അമ്മ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഇന്ന് ഞങ്ങളെ ഒരു കുടക്കീഴില്‍ എത്തിച്ചത്. ഞങ്ങളുടെ ദൈവവിളിക്കായി അമ്മ സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കാം…’

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.