ഇരുപത്തിയഞ്ചോളം വൈദിക വിദ്യാർത്ഥികൾ വത്തിക്കാനിൽ വിവിധ പട്ടം സ്വീകരിച്ചു

റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന സീറോ മലബാർ വൈദിക വിദ്യാർത്ഥികൾ ഡീക്കൻ, സബ് ഡീക്കൻ, കാറോയ പട്ടങ്ങൾ സ്വീകരിച്ചു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന കർമ്മങ്ങളിൽ യൂറോപ്പിന്‍റെ സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ, മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.

റോമിലെ സാന്തോം ഇടവകയുടെ സിൽവർ ജൂബിലി പ്രമാണിച്ചാണ് ഇത്തവണ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ നടത്തിയത്. റോമിലെ ഉർബാനോ, മാത്തർ എക്ളേസിയാ, സേദസ് സബ്യേൻസെ, കപ്രാണിക്കാ എന്നീ നാല് സെമിനാരികളിലെ ഇരുപത്തിയഞ്ചോളം വൈദിക വിദ്യാർത്ഥികളാണ് ഡീക്കൻ, സബ് ഡീക്കൻ, കാറോയ പട്ടങ്ങൾ സ്വീകരിച്ചത്.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ശുശ്രൂഷ ചെയ്യുന്ന വിദ്യാർത്ഥികളായി, പഠിച്ച ഉത്തരവാദിത്വങ്ങൾക്ക് അനുസരിച്ച് ആത്മാവ് പ്രകാശിക്കുന്ന വൈദികരായി സമൂഹത്തിന് മാതൃക കാട്ടി ജീവിക്കുവാൻ വൈദിക വിദ്യാർത്ഥികളെ മാർ സ്റ്റീഫൻ, തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.