ആ ഫോട്ടോയ്ക്ക് മുൻപും പിൻപും വേറെയും ഫോട്ടോകൾ ഉണ്ടായിരുന്നു

ഫാ. നോബിൾ തോമസ് പാറക്കൽ

സെല്‍ഫിയാണല്ലോ ഇന്നത്തെ ചര്‍ച്ചകളുടെ ഒരു വിഷയം. പൗരോഹിത്യത്തോടും തിരുസഭയോടുമുള്ള കഠിനമായ വിദ്വേഷം തന്നെയാണ് ഈ വിവാദത്തിനു പിന്നിലും.

വിവാദങ്ങളിലെ ആക്ഷേപങ്ങള്‍ക്ക് ആദ്യമേ മറുപടി. വൈദികരും പിതാക്കന്മാരുമടങ്ങുന്ന സംഘം അവിടെ പോയത് ടൂര്‍ നടത്താനല്ല. മറിച്ച്, ദുരന്തത്തിന്റെ ആഴം നേരിട്ട് ബോദ്ധ്യപ്പെടാനും പ്രസ്തുത മേഖലയ്ക്കു‌ വേണ്ടിയുള്ള സഭയുടെ തുടര്‍പദ്ധതികള്‍ക്ക് ബോധ്യത്തോടെ തന്നെ രൂപരേഖ തയ്യാറാക്കാനുമാണ്.

കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും മെത്രാന്മാരും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഇത്തരം പ്രദേശങ്ങളില്‍ സാമ്പത്തിക സഹായത്തിനും ദുരിതനിവാരണത്തിനും ഭവന നിര്‍മ്മാണത്തിനുമൊക്കെയായി സഭ വഴി പണം മുടക്കുന്ന ദേശീയ – അന്തര്‍ദേശീയ സംഘടനകളും സ്ഥാപനങ്ങളും രൂപതകളും ഇവിടെയുള്ള വൈദികരുടെ ഇത്തരം നേരിട്ടുള്ള സന്ദര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.

അതു മാത്രമല്ല, ഇത്തരം ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളെയും വ്യക്തികളെയും, വൈദികരും പിതാക്കന്മാരും സന്ദര്‍ശിക്കാറുമുണ്ട്. അത്തരം ഫോട്ടോകളെല്ലാം ഒതുക്കിയിട്ടാണ് ഇതു മാത്രമായി പ്രചരിപ്പിക്കുന്നത് എന്നതില്‍ തന്നെ ദുരുദ്ദേശം പ്രകടമാണല്ലോ. ഇപ്രകാരമൊക്കെയുള്ള സന്ദര്‍ശനങ്ങളും മറ്റും മൂലം കഴിഞ്ഞ‌ കൊല്ലം കേരളത്തില്‍ കത്തോലിക്കാസഭ പ്രളയദുരിതാശ്വാസത്തിന് മുടക്കിയത് ഉദ്ദേശം 300 കോടി രൂപയാണ് എന്നതും മറക്കരുത്.

അവിടെപ്പോയ പിതാക്കന്മാരും വൈദികരും സെല്‍ഫിക്ക് പോസ് ചെയ്തിട്ടില്ല. അതേ സമയം ഒരു ഫോട്ടോയ്ക്ക് വേണ്ടി നിന്നിരുന്നു. അതിനിടയില്‍ സെല്‍ഫിയെടുത്ത ഒരു വൈദികന്‍ ചിരിച്ചു എന്നത് അവിടെ നടന്ന ദുരന്തത്തോടുള്ള ആ വൈദികന്റെ പരിഹാസമല്ല എന്നത് ഈ ദിവസങ്ങളിലെല്ലാം ആ പ്രദേശങ്ങളില്‍ പലവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ആ വൈദികനെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരും ആ ചിത്രത്തില്‍ ചിരിക്കുന്നതായും കാണുന്നില്ല.

അവിടെ പോയില്ലായിരുന്നെങ്കില്‍ വൈദികരുടെയും മെത്രാന്മാരുടെയും അസാന്നിധ്യത്തെ വിമര്‍ശിക്കാന്‍ നോക്കിയിരുന്നവര്‍ക്ക് ആ അവസരം കിട്ടാത്തതിന്റെ ചൊടിപ്പാണ് പ്രസ്തുത ഫോട്ടോയിലെ ചിരിക്കുന്ന ഒരു മുഖം കണ്ടെത്തി അവര്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത് എന്നോര്‍ത്താല്‍ മതി.

ഫാ. നോബിള്‍ തോമസ്‌ പാറക്കല്‍