ഉത്ഥിതനെ തേടി-7-അടിസ്ഥാനം

മത്തായിയുടെ സുവിശേഷം 7:21-28 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത് ഉറച്ച അടിസ്ഥാനത്തെക്കുറിച്ചാണ്. ഉറച്ച അടിസ്ഥാനം മാത്രം ഉണ്ടായാൽ പോരാ. ആ അടിസ്ഥാനത്തിൽ പണിയപ്പെടുന്നതും ഉറച്ചതായിരിക്കണം. അതും വളരെ പ്രധാനപ്പെട്ടതാണ്. ക്രിസ്ത്യാനി ആണ് – നല്ല അടിസ്ഥാനം ആണത്. പക്ഷെ, ജീവിതരീതി ക്രിസ്തുവിന്റെ അനുയായിയെ പോലെയാണോ? എല്ലാം ഞായറാഴ്ചയും വിശുദ്ധ കുർബാനയ്ക്ക് പോകുന്നുണ്ട് – നല്ല അടിസ്ഥാനം ആണത്. പക്ഷെ, വിശുദ്ധ കുർബാനയ്ക്ക് ശേഷം കുടുംബത്തിൽ, സമൂഹത്തിൽ, കണ്ടുമുട്ടുന്നവരോട് സ്നേഹത്തോടെ ഇടപെടാൻ – പെരുമാറാൻ സാധിക്കുന്നുണ്ടോ? ആത്മശോധന ചെയ്യാം. വീഴ്ച വലുതാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാം. കാരണം, മുൻകരുതലുകളും തീരുമാനങ്ങളും  നോമ്പുകാലത്തേക്ക്  മാത്രം ആയാൽ അത് അടിസ്ഥാനം മാത്രമേ ആകുന്നുള്ളു. ആ അടിസ്ഥാനത്തിൽ ജീവിതം കരുപ്പിടിപ്പിക്കണം കെട്ടിപ്പടുക്കണം.

പ്രാർത്ഥിക്കാം

ഈശോയെ, വിവേകപൂര്‍വ്വം ജീവിക്കുവാൻ അനുഗ്രഹിക്കണമേ. അങ്ങയുടെ വചനത്തിൽ അടിസ്ഥാനം ഉറപ്പിച്ചു സ്നേഹത്തിലും ക്ഷമയിലും സാഹോദര്യത്തിലും എന്റെ ഈ കൊച്ചുജീവിതം കെട്ടിപ്പടുക്കുവാൻ കൃപ ചെയ്യണമെ. ആമ്മേന്‍.

നിയോഗം

കപടത വച്ചുപുലർത്തുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, കപടത വച്ചുപുലർത്തുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അതുകൊണ്ട്‌, മനുഷ്യന്‍റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാത്തിന്റെയും അടിസ്‌ഥാനം (റോമാ 9:16).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.