ഒരു നല്ല വ്യക്തിയാവാന്‍ കഷ്ടപ്പെടുകയാണോ? ദൈവത്തോട് സഹായം ചോദിക്കാം

പലപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നല്ല വ്യക്തി ആയിരിക്കണമെന്നുമുള്ളത് നമ്മുടെ ആഗ്രഹമാണ്. മോശം വ്യക്തിയായിരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ നമ്മെ അതിന് അനുവദിക്കുന്നില്ല. വീണ്ടും വീണ്ടും പഴയ പാപങ്ങള്‍ ആവര്‍ത്തിക്കാന്‍ അത് നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

പാപത്തിന് അടിമപ്പെട്ടിരിക്കുന്നത് പോലെയാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. ചിലപ്പോള്‍ നന്മയിലേക്ക് മടങ്ങി പോകാനുള്ള കഠിനശ്രമം നാം ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ പാപത്തില്‍ നിന്ന് പൂര്‍ണമായി മുക്തി പ്രാപിക്കാനും സുവിശേഷം ജീവിക്കാനും നമുക്ക് സാധിക്കുക തന്നെ ചെയ്യും. ദൈവത്തെ ജീവിതത്തിലേക്ക് ക്ഷണിക്കുക, നമ്മുടെ ഹൃദയത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവിടുത്തേയ്ക്ക് അവസരം കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനായി ജീവിതത്തില്‍ ദൈവത്തോട് സഹായം ചോദിക്കാന്‍ ഒരു പ്രാര്‍ത്ഥന ഉണ്ട്. അതിപ്രകാരമാണ്…

കര്‍ത്താവായ യേശുവേ, ആദിയും അന്ത്യവുമായവനേ, ജീവനും ഉയിര്‍പ്പുമേ, പാപികള്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ചവനേ, ഞാനങ്ങയെ ആരാധിക്കുന്നു, അങ്ങയെ സ്‌നേഹിക്കുന്നു, അങ്ങയുടെ നാമം വാഴ്ത്തുന്നു. അങ്ങ് കുരിശില്‍ മരിച്ചത്, എന്റെയും പാപ പരിഹാരത്തിനുവേണ്ടിയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങെന്നെ മോചിപ്പിച്ചു. എങ്കിലും പാപിയെന്ന ചിന്ത എന്നെ അലട്ടുന്നു.

മഴയെ ദാഹിക്കുന്ന മരുഭൂമി പോലെയാണ് ഞാനിപ്പോള്‍ ആയിരിക്കുന്നത്. നല്ല ആളുകളുടെ സഹായം എനിക്കുണ്ടെങ്കിലും ദൈവമേ എന്നിലെ നന്മയെ നിലനിര്‍ത്താന്‍ അവര്‍ക്കും എനിക്കും കഴിയാതെ പോവുന്നു. അങ്ങയുടെ വഴികള്‍ എന്നെ പഠിപ്പിക്കാന്‍ പലരും ശ്രമിക്കുന്നു. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയാതെ പോവുന്നു. എന്നിലെ ദുഷ്ടതയെ എടുത്ത് മാറ്റണമേ, എന്നിലെ അഹങ്കാരത്തെ ദൂരെ അകറ്റണമേ, അങ്ങയുടെ സ്‌നേഹത്താല്‍ എന്നെ നിറയ്ക്കണമേ കര്‍ത്താവേ, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.