കൺതുറന്നു കാണുക, ഇതാണ് സന്യാസം – വിമർശകർക്ക് ഒരു മറുപടി 

സി. സൗമ്യ DSHJ

സന്യാസം, സന്യാസിനികൾ എന്നൊക്കെ കേൾക്കുന്നത് അടുത്ത കുറച്ചു കാലമായി കുറച്ച് ചിലര്‍ക്ക് അസഹനീയം ആണ്. മഠവുമായോ സന്യാസവുമായോ ബന്ധപ്പെട്ട് എന്ത് പ്രശ്നമുണ്ടായാലും അതിനെയൊക്കെ വളച്ചൊടിച്ചു വാസ്തവമല്ലാത്ത കാര്യങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും പൊള്ളത്തരങ്ങൾ കൊണ്ട് മൂടുന്നതിനും ഇത്തരക്കാർക്ക് ഒരു മടിയും ഇല്ല. സ്വയം ജ്ഞാനിയെന്നും പെർഫെക്റ്റ് എന്നും വരുത്തി തീർത്തുകൊണ്ട് സന്യാസികളെയും സന്യാസ ജീവിതത്തെയും താറടിക്കുന്ന ഇവരിൽ ബഹുഭൂരിപക്ഷം ആളുകൾക്കും എന്താണ് സന്യാസം എന്നോ എങ്ങനെയാണു സന്യാസം എന്നോ ഒരു ബോധ്യവും ഇല്ലാ എന്നുള്ളതാണ് വാസ്തവം. തങ്ങളുടെ അജ്ഞതയിൽ നിന്ന് ഉണ്ടാകുന്ന ഊഹങ്ങളോ സംശയങ്ങളോ ഒക്കെയാണ് ഇത്തരക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ പടച്ചു വിടുന്നത്.

ഞാൻ ഒരു സന്യാസിനിയാണ്. സ്വന്തം ഇഷ്ടപ്രകാരം ദൈവത്തോട് ആലോചന ചോദിച്ചു സന്യാസ വ്രതം സ്വീകരിച്ച വ്യക്തി. ആ നിലയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആരോപണങ്ങൾ എന്റെയും, എന്നെപോലെ ഏറെ ആഗ്രഹിച്ചു സന്യാസം സ്വീകരിച്ചവരുടെയും ഉള്ളു പൊള്ളിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ എല്ലാ പരാമർശങ്ങളെയും ഏറ്റുവാങ്ങി നിശബ്ദം ഇരിക്കുമ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നത് ഈ സന്യാസം മരണം വരെ തുടരുവാൻ ഉള്ള കൃപയ്ക്കായി മാത്രം. കാരണം ഇത് ഞങ്ങളുടെ ജീവിതമാണ്. ആ നിലയ്ക്ക് ചില കാര്യങ്ങൾ ഓർമിപ്പിക്കുവാനാണ് ഈ കുറിപ്പ്.

ദൈവരാജ്യത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അപമാനങ്ങളും പീഡകളും ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങളെ ഞങ്ങള്‍ ആ രീതിയിലാണ് എടുക്കുന്നത്. എങ്കിലും നിങ്ങള്‍ വിവരമില്ലായ്മയും കള്ളവും പറഞ്ഞു ഫലിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് നിങ്ങള്‍ വിചാരിക്കരുത്. അതിനുവേണ്ടി മാത്രം ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. സന്യാസമില്ലെങ്കില്‍ ഭൂമി കറങ്ങില്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. ഭൂമി കറങ്ങും എങ്കിലും സന്യാസം ഇല്ലാതായാൽ സംഭവിക്കുന്ന, സംഭവിക്കാമായിരുന്ന ചില കാര്യങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തുകയാണ്.

നിങ്ങൾക്ക് കഴിയുമോ കലാപ ബാധിത പ്രദേശങ്ങളിൽ സേവനം ചെയ്യുവാൻ?  

സന്യാസിനിമാരുടെ ശുശ്രൂഷാ മേഖലയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം എന്ന് പരിശോധിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഉചിതമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സന്യസിനിമാരുടെ കുറ്റവും കുറവും വിവരിക്കുന്നവരിൽ എത്രപേര്‍ ഒരു കലാപബാധിത പ്രദേശം സന്ദര്‍ശിക്കുകയോ, അവിടെ ശുശ്രൂഷ ചെയ്യുകയോ ചെയ്തിട്ടുണ്ട്? യുദ്ധത്തിന്റെ ഭീകരാവസ്ഥയിൽ ജീവിക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്? ഇല്ല. എങ്കിൽ ഒന്നോർക്കുക, സ്വന്തക്കാരെയും ബന്ധുക്കളെയും വിട്ട് അന്യരാജ്യങ്ങളിൽ, യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും ഭീകരാവസ്ഥയ്‌ക്കു നടുവിൽ അവിടുത്തെ ജനങ്ങളെ ചേർത്തു നിർത്തുന്ന അവർക്കായി ജീവിതം മാറ്റി വയ്ക്കുന്ന അനേകം സന്യാസിനിമാർ ഉണ്ട്. വെടിയുണ്ടകള്‍ക്ക് മുന്‍പിലും പതറാതെ നില്‍ക്കാനുള്ള ധൈര്യം അവര്‍ക്കു നൽകുന്നത് ലോകത്തിന്റെ സുഖങ്ങളോ താത്പര്യങ്ങളോ അല്ല. ആയിരുന്നു എങ്കിൽ എത്രയും ഭീകരമായ സാഹചര്യങ്ങളിലേയ്ക്ക് അവർ പോകുമായിരുന്നില്ല. നിങ്ങൾ പറയുന്നതുപോലെ ആരെങ്കിലും നിർബന്ധിച്ചിട്ടാണ് സന്യാസം സ്വീകരിച്ചത് എങ്കിൽ അവർ അവിടെ വർഷങ്ങളോളം നിൽക്കുകയുമില്ല.

റിപ്പബ്ലിക് ഓഫ് സെൻട്രൽ ആഫ്രിക്ക എന്ന രാജ്യത്തില്‍ ബംങ്കി എന്ന സ്ഥലത്ത് പതിമൂന്ന് വര്‍ഷമായി ഈശോയുടെ തിരുഹൃദയപുത്രിമാരുടെ സന്യസസഭയിലെ (DSHJ) സിസ്റ്റര്‍ വത്സമ്മ ശുശ്രൂഷ ചെയ്യുന്നു. അവിടെ മരണ ഭീതിയില്‍ കഴിയുമ്പോഴും അനേകം അനാഥ കുഞ്ഞുങ്ങള്‍ക്ക് അവര്‍ അമ്മയാണ്. ഓരോ ദിവസവും കിടക്കുവാന്‍ പോകുമ്പോള്‍ പിറ്റേന്ന് പ്രഭാതം കാണുമോ എന്ന ഉറപ്പ് അവര്‍ക്കില്ല. എങ്കിലും പാവപ്പെട്ട ആ ജനങ്ങളോടൊപ്പം അവരുടെ ദാരിദ്ര്യവും ഭയവും വിശപ്പും പങ്കിടാന്‍ ഈ സന്യാസിനി തയ്യാറാകുന്നത് അവള്‍ സ്വയം എടുത്ത തീരുമാനത്തിന്റെ ഉറപ്പിലാണ്. അത് ആരും അടിച്ചേല്‍പ്പിച്ചതല്ല. ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുവാന്‍ സാധിച്ചതിലുള്ള പരിപൂര്‍ണ ആത്മസംതൃപ്തിയും ഈ സമര്‍പ്പിതയ്ക്കുണ്ട്. ഇത് ഒരു ഉദാഹരണം മാത്രം.

ശബ്ദമില്ലാത്തവരുടെ ശബ്ദമായ സമര്‍പ്പിതര്‍ 

വൈകല്യങ്ങളുടെ പേരിൽ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്ന ആളുകളുടെ സമൂഹം ഇന്ന് അന്യമല്ല. ഇത്തരം ആളുകളുടെ മധ്യത്തിലും ആരുടെയും മുന്‍പില്‍ ഒന്ന് പ്രത്യക്ഷപ്പെടാന്‍ പോലും ആഗ്രഹിക്കാതെ, സമൂഹത്തില്‍ അവഗണിക്കപ്പെട്ടുപോയ ഒരു കൂട്ടം ആളുകളെ ഉയര്‍ത്തിക്കൊണ്ട് വന്ന അനേകം സന്യാസിനിമാര്‍ നമ്മുടെ ഇടയിലുണ്ട്. ഇതൊന്നും അറിയാതെ വിമര്‍ശനം മാത്രം മുഖമുദ്രയാക്കി ജീവിക്കുന്നവര്‍ക്ക് വേണ്ടി ഒരാളെ പരിചയപ്പെടുത്താം.

സിസ്റ്റര്‍ അഭയ FCC. കഴിഞ്ഞ 27 വര്‍ഷമായി ബധിരരും മൂകരുമായ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സിസ്റ്റർ. ഈ സിസ്റ്റര്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിക്കുന്നത് സംസാരിക്കാൻ കഴിയാത്ത ഈ കുഞ്ഞുങ്ങളോടൊപ്പമാണ്. അതായത്, സംസാരിക്കാന്‍ കഴിവില്ലാത്ത ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഈ നല്ല സിസ്റ്ററമ്മയും ആഗ്യഭാഷയില്‍ ആണ് ഇപ്പോള്‍ സംസാരം. അനേകര്‍ക്ക് ഇവര്‍ ശബ്ദമായും സംരക്ഷണമായും നിലകൊള്ളുന്നു. ഇതൊക്കെ കണ്ടിട്ടും കാണാതെയും കേള്‍ക്കാതെയും പോകുന്ന ഒരു സമൂഹം ചുറ്റുപാട് ഉണ്ട്. അതിനാല്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.

ഭിക്ഷാടകയുടെ കാലുകഴുകി സ്വീകരിക്കുന്നവര്‍ 

സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ തഴയുന്ന അനേകം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെയുണ്ട്. കാരണം, ഇത്തരക്കാരുടെ കണ്ണുകൾ നല്ലതും നന്മയും ഉള്ളിടത്തേയ്ക്കു എത്തുന്നില്ല. തങ്ങളുടെ മനസിന്‌ ഇണങ്ങുന്ന, താത്പര്യമുള്ള വിഷയങ്ങള്‍ മാത്രമേ അവര്‍ കാണൂ. ഭിക്ഷാടകയായ ഒരു സ്ത്രീയെ അവരുടെ കാലുകള്‍ കഴുകി ചുംബിച്ച് തങ്ങളുടെ ഭവനത്തിലേക്ക് സ്വീകരിച്ച മൂന്നു സിസ്റ്റര്‍മാരെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ഇതൊന്നും അങ്ങ് വിദേശ നാടുകളിലെ സംഭവമല്ല. ഇവിടെ കേരളത്തില്‍ തന്നെ നടന്ന സംഭവമാണ്.

ചാലക്കുടിയിലെ കനകമലയില്‍ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സമര്‍പ്പിത സമൂഹത്തിലെ സിസ്റ്റര്‍മാരാണ് ഇപ്രകാരം തങ്ങളുടെ ഭവനത്തിലേക്ക് കടന്നുവന്ന ഭിക്ഷാടകയായ ഒരു സ്ത്രീയെ സ്വീകരിച്ചത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ഒരു സന്യാസിനിയുടെ ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളാണ്. അഴുകിയതും ചോരവാര്‍ന്നതും ആയ വ്രണങ്ങളോടു കൂടിയ ആളുകളോ, കുഷ്ഠരോഗികളോ, മാനസിക രോഗികളോ, എയിഡ്സ് രോഗികളോ ആരുമായിക്കൊള്ളട്ടെ സന്യാസിനികള്‍ അവരെ നോക്കും. അതിന്, നിങ്ങളുടെ ആരുടേയും ആരോപണങ്ങള്‍ ഒരു തടസമേയല്ല. ഒരു ചോദ്യം മാത്രം ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന, സന്യാസത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന നിങ്ങൾക്ക് കഴിയുമോ മേല്പറഞ്ഞതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ട രോഗികളെ ശുശ്രൂഷിക്കാന്‍?

വിദ്യ പകരുന്നതോടൊപ്പം കുട്ടികളില്‍ വളര്‍ത്തുന്ന മൂല്യബോധം

ഇന്ന് സന്യാസത്തെ കല്ലെറിയുന്ന നിങ്ങൾ പഠിച്ചതും വിദ്യാഭ്യാസം നേടിയതും എവിടെ നിന്നാണ്. ഒരു സന്യാസിനിയുടെയോ വൈദികന്റെ സമർപ്പണത്തിന്റെയോ ഫലമില്ലാതെ നിങ്ങളിൽ പലരും തന്നെ വിദ്യയുടെ പടവുകൾ കയറിയിട്ടുണ്ടാവില്ല. പണം വാരുവാന്‍ സ്കൂളുകള്‍ നടത്തുന്നു എന്ന ആരോപണമാണല്ലോ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് നിങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഈ പറഞ്ഞവരുടെയൊക്കെ മക്കള്‍ പഠിച്ചതും ഇവര്‍ വളര്‍ന്നതും ഈ സന്യാസിനിമാര്‍ കൊടുത്ത വിദ്യാഭ്യാസം കൊണ്ട് തന്നെയാണ്. നല്ല സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചശേഷം മാറിനിന്ന് കുറ്റം പറയുന്നത് മാന്യതയില്ലായ്മയാണ്.

ഒരു സന്യാസിനിയും ആര്‍ഭാടമായി ജീവിക്കാനല്ല സ്കൂളുകളില്‍ ജോലി ചെയ്യുന്നത്. അത് അവരുടെ സേവനമാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായിരുന്ന ഈ നാട്ടില്‍, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അനേകം സമര്‍പ്പിതര്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയതിന്റെ പരിണിതഫലമാണ് ഇന്ന് നാം കാണുന്ന ഈ കോളേജുകളും സ്കൂളുകളും. ഒന്നും പെട്ടെന്ന് പൊട്ടിമുളച്ചതല്ല. സാക്ഷര കേരളം എന്ന് നാം അഭിമാനിക്കുമ്പോള്‍ അത് എങ്ങനെയുണ്ടായി എന്ന് മറന്നുപോകരുത്. വിമര്‍ശനക്കാര്‍ ഇടയ്ക്ക് ചരിത്രം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ആരും കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ശ്രമിക്കേണ്ട.

തടവറയിലും കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ട് 

മലയാളികളായ ചിലര്‍ക്കല്ലേ സന്യാസത്തിന്റെ വിലയെ തിരിച്ചറിയുവാന്‍ സാധിക്കാത്തത്. എന്നാല്‍ ഈ നാട്ടില്‍ തന്നെയുള്ള അനേകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുണ്ട്. ഞങ്ങളുടെ സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും വിട്ടെറിഞ്ഞ്‌ അന്യനാട്ടില്‍ സേവനം ചെയ്യുമ്പോള്‍, അവരെ സ്വന്തമായി കരുതി സ്നേഹിക്കുമ്പോള്‍, നിങ്ങള്‍ അറിയാത്ത ഒരു സന്തോഷം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലാം ദൈവമഹത്വത്തിന് വേണ്ടിയാണല്ലോ എന്നുള്ള സന്തോഷം. അത് മനസിലാകണമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സ്വാര്‍ഥത വെടിഞ്ഞു ഒരു നന്മയെങ്കിലും ചെയ്യണം. ഇങ്ങനെ തിരിച്ചറിയുന്നവരാണ് സന്യാസ ജീവിതത്തിലേക്ക് സ്വമനസാല്‍ ഇറങ്ങി പുറപ്പെടുന്നത്. ക്രിസ്തുവിനു വേണ്ടി മരിക്കാനും തയാറായി ജീവിക്കുന്നത്.

ടാന്‍സാനിയ എന്ന രാജ്യത്തില്‍ മിഷനറിയായി ജീവിക്കുന്ന സിസ്റ്റര്‍ മേഴ്സി SABS തടവുപുള്ളികളുടെ ഇടയിലാണ് തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നത്. ആ തടവുകാര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സന്യസിനിയെയും നേരില്‍ കാണാത്തവരാണ്. പക്ഷേ, ഇപ്പോള്‍ 750 – ഓളം വരുന്ന സ്ത്രീകളായ തടവുപുള്ളികൾക്ക് എല്ലാമെല്ലാം ഈ സന്യാസിനിമാരാണ്. കൊലപാതകികളും ഏകാകികളുമായി നിരാശയില്‍ കഴിയുന്ന ഇവരുടെ സമീപത്ത് ഈ സന്യാസിനിമാര്‍ കാരുണ്യത്തിന്റെ മാലാഖമാര്‍ ആയി മാറുന്നു… ഈ വിമര്‍ശിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ജയില്‍പുള്ളിയെ എങ്കിലും കരുണയോടെ നോക്കിയിട്ടുണ്ടോ, സന്ദര്‍ശിച്ചിട്ടുണ്ടോ?

കുടുംബ പ്രശ്നങ്ങളില്‍ കൂടെയുള്ളവര്‍ 

കുടുംബങ്ങളിലെ പ്രകാശം അണയാതെ നോക്കുവാനും സമര്‍പ്പിതര്‍ പരിശ്രമിക്കാറുണ്ട്. കുടുംബം ആണ് നാളത്തെ സമൂഹം. അത് നമ്മുടെ ഭാവിയുടെ സമ്പത്താണ്‌. ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കുടുംബസമാധാനം ഇല്ലാത്ത അവസ്ഥ. ഓരോ വീട്ടിലും കടന്നുചെന്ന് ഒരമ്മയുടെ സ്നേഹത്തോടെയും സഹോദരിയുടെ സ്വാതന്ത്യത്തോടെയും പ്രവര്‍ത്തിക്കുവാന്‍ ഒരു സമര്‍പ്പിതയ്ക്ക് കഴിയും. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ അവിടെയൊക്കെ തളരാതെ തകരാതെ നിൽക്കുവാൻ സന്യാസിനിമാർക്കു കഴിയുന്നത് ക്രിസ്തു കൂടെ ഉള്ളതു കൊണ്ട് മാത്രമാണ്. സക്രാരിയുടെ മുന്‍പില്‍ നിന്നുമാണ് ഓരോ സമര്‍പ്പിതയും ബലം സ്വീകരിക്കുന്നത്.

സന്യാസം എന്നത് ഒരു സാധാരണക്കാരന് അവന്റെ ലൗകികമായ കണ്ണുകൾ കൊണ്ട് നോക്കിയാൽ മനസിലാകുന്ന ഒന്നല്ല. ലോകത്തിന്റെ സുഖങ്ങൾ മാത്രം അനുഭവിച്ചവർക്കു അത് മനസിലാക്കുവാൻ കഴിയുകയുമില്ല. അത്തരക്കാരോട് പറഞ്ഞു മനസിലാക്കുക എന്നതും ബുദ്ധിമുട്ടാണ്. ഒരു കുടുംബത്തിന്റെ അമ്മ അല്ലെങ്കിൽ സഹോദരി എന്ന പദവിയിൽ ചുരുങ്ങാതെ ലോകത്തിൽ വേദനിക്കുന്ന അനേകർക്കായി ഒരു മാതൃത്വം ഏറ്റെടുക്കുന്നതിനുള്ള ദൈവികമായ വിളിയാണ് സന്യാസം. അത് അതിൽത്തന്നെ എളുപ്പവും നിസാരവും അല്ല. ലോകത്തിന്റെ കണ്ണിൽ ഭോഷത്വം ഇന്ന് തോന്നിക്കാവുന്ന ഒരു കാര്യം. പക്ഷെ ആ വിളി സ്വീകരിക്കുന്നവർ, വെറുതെ സ്വീകരിക്കുന്നത് അല്ല. പൂർണ്ണ ഹൃദയത്തോടെ, തീവ്രമായ ആഗ്രഹത്തോടെ ഏറ്റെടുക്കുന്നവർ അനുഭവിക്കുന്ന സ്വർഗ്ഗീയമായ ഒരു ആനന്ദം ഉണ്ട്. ചുരുക്കത്തിൽ അത് വർണ്ണിക്കാൻ വാക്കുകൾ ഇല്ല. പലര്‍ക്കും ആ വിളിയുടെ ആഴം മനസിലാകുകയും ഇല്ല.

പിന്നെ, വീട്ടിൽ ഗതിയില്ലാത്തതുകൊണ്ട് മാതാപിതാക്കൾ തള്ളിവിടുന്നതാണ്, നേർച്ച നേരുന്നതാണ് എന്നൊക്കെയുള്ള പഴമ്പുരാണം. അത് അവസാനിപ്പിക്കാൻ സമയമായി. കാരണം സ്വമനസാലെ അല്ലെങ്കിൽ ദൈവികമായ പ്രേരണയാൽ അല്ലാതെ സന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വരുവാനോ അതിൽ നിലനിൽക്കുവാനോ ആർക്കും കഴിയില്ല. സ്വന്തം ഇഷ്ടത്താൽ പ്രായപൂർത്തിയായ വ്യക്തികൾ എടുക്കുന്ന തീരുമാനം ആണ് അവരെ സന്യാസത്തിലേയ്ക്ക് നയിക്കുന്നത് എന്നത് കൊണ്ടാണ് ഇക്കാലമത്രയും സന്യസ്തർ ലോകത്ത് പിടിച്ചു നിന്നത്. വിമർശിക്കുന്നവരും വ്യാജപ്രചാരണം നടത്തുന്നവരും എന്തുകൊണ്ട് ഇത് ചിന്തിക്കുന്നില്ല. ഇനിയെങ്കിലും പറഞ്ഞു തഴമ്പിച്ച വാക്കുകൾ മാറ്റിപ്പിടിക്കാം. ചിന്തിക്കാം എന്നിട്ട് അനാവശ്യ പ്രതികരണങ്ങളിൽ നിന്ന് അകന്നു നിൽക്കാം.

കഴുതയ്ക്ക് പറക്കാനറിയില്ല, ആവില്ല എന്നതാണ് സത്യം. എന്നു കരുതി ഉയരങ്ങളില്‍ പറക്കുന്ന കഴുകന് പറക്കാന്‍ അറിയില്ല എന്നു കഴുത എന്തടിസ്ഥാനത്തിലാണ് എല്ലാവരോടും പറഞ്ഞു നടക്കുന്നത്?

സി. സൗമ്യ DSHJ

8 COMMENTS

  1. Congratulations Sr.Soumya,
    സമർപ്പണജീവിതത്തിന്റെ അർത്ഥവും മൂല്യവും ഇനിയും തിരിച്ചറിയാത്ത ഒരുകൂട്ടം ആളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്…പക്ഷെ അവരുടെ അനാവശ്യമായ വിവാദങ്ങളും ആരോപണങ്ങളും നമ്മുടെ ജീവിതത്തിന്റെയും സേവനമേഖലകളുടേയും ശക്തി കെടുത്തുന്നില്ലായെന്നതു തന്നെയാണ് ഈ ജീവിതാന്തസിന്റെ സംതൃപ്തി….ആരുമില്ലാത്തവർക്ക് ആശ്വാസമേകാൻ….അഭയമാകാൻ നമ്മുടെ ജീവിതവും പ്രവർത്തനങ്ങളും സ്വതന്ത്രമനസ്സോടെ സമർപ്പിച്ച നമുക്ക് അവരുടെ ആരോപണങ്ങൾ കാറ്റിൽ പറക്കുന്ന കരിയിലക്കു സമമായി മാത്രം കാണാം…കാരണം ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു, മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു…..അതിനാൽ അവരുടെ ഭോഷത്വങ്ങൾക്കു നിന്നുകൊടുക്കാൻ നമുക്ക് സമയമില്ല….

  2. നിറവേറിയ അഭിലാഷംആത്‌മാവിനു മാധുര്യമിയറ്റുന്നു;

    തിന്‍മ വിട്ടൊഴിയുന്നതുഭോഷര്‍ക്ക്‌ അഹിതമാണ്‌.
    സുഭാഷിതങ്ങള്‍ 13 : 19

  3. Really great n precious thoughts .let them read n realize the greatness of religious life. Congrats Sr. Soumya.. DSHJ

  4. ഇപ്പോൾ ആണ് ഞാൻ ഇതുവായിക്കാൻ സാധിച്ചത് .ഒത്തിരി ഒത്തിരി അഭിനന്ദനഗംൾ.Sr.Daisy Mocambique

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.