ഈശോയുടെ തിരുഹൃദയത്തിരുനാള്‍

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞവരെ,

പരി.കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞുവരുന്ന 8-ാമത്തെ ദിവസമായ വെള്ളിയാഴ്ചയാണ് തിരുസഭയില്‍ പരമ്പരാഗതമായി ഈശോയുടെ തിരുഹൃദയ തിരുനാള്‍ കൊണ്ടാടുന്നത്. ഈശോ നേരിട്ട് വി.മര്‍ഗരീത്താമറിയത്തിന് നല്കിയ വെളിപാടിന്റെ വെളിച്ചത്തിലാണ് 1856 മുതല്‍ ആഗോളസഭയില്‍ ഈ തിരുനാള്‍ ആചരിക്കുവാന്‍ തുടങ്ങിയത്. 1899-ല്‍ ലെയോ 13-ാം മാര്‍പാപ്പ മനുഷ്യവര്‍ഗ്ഗം മുഴുവനെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു.
ഇന്ന് തിരുഹൃദയതിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വേളയില്‍ നാമോരോരുത്തരും ധ്യാന വിഷയമാക്കുവാനായി തിരുസഭ നമ്മോടാവശ്യപ്പെടുന്നത് മിശിഹാ രക്ഷകനാണെന്നും അവിടുന്ന് നേടിത്തന്ന രക്ഷയുടെ ഫലങ്ങള്‍ നാമോരോരുത്തരും സ്വന്തമാക്കണമെന്നും അതിനായി വിളിക്കപ്പെടുന്നവരാണ് നാമെന്നുമാണ്.

ഒരുമാസം മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ കാണുവാനിടയായ ഒരു വാര്‍ത്ത ഏറെ ചിന്തിപ്പിക്കുന്നതാണ്. വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
”യേശുവിനെ രക്ഷകനും നാഥനുമായി അംഗീകരിക്കുവാന്‍ ഇന്നത്തെ സഭ പ്രത്യേകിച്ച് കേരള സഭ വിമുഖത കാണിക്കുന്നു. കേരള സഭയ്ക്ക് ഇന്ന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നത് മിശിഹായെ തങ്ങളുടെ നാഥനും രക്ഷകനുമായി അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇന്ന് തിരുഹൃദയത്തിരുന്നാള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഇതുതന്നെയാണ്. റോമാ 10:9-ല്‍ പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു. ”മിശിഹാ കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.”
അപ്പ. പ്രവ. 16:31 ഇപ്രകാരം പറയുന്നു ”കര്‍ത്താവായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.”

വി. യോഹന്നാന്റെ സുവിശേഷത്തില്‍ 20:24 മുതലുള്ള വാക്യങ്ങളില്‍ ഇപ്രകാരം കാണുന്നു. ”ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ ശ്ലീഹന്മാര്‍ ഇക്കാര്യം തോമസിനോട് പറഞ്ഞപ്പോള്‍ തോമസ് വിശ്വസിക്കാന്‍ കൂട്ടാക്കാതിരിക്കുകയും പിന്നീട് ഈശോ പ്രത്യക്ഷപ്പെട്ട് തോമസിനെ മാത്രം അടുത്തേക്ക് വിളിച്ച് അവിടുത്തെ ഹൃദയത്തിലും മുറിപ്പാടുകളിലും സ്പര്‍ശിക്കുവാന്‍ അനുവാദം നല്‍കിയപ്പോള്‍ തോമസില്‍ വന്ന രൂപാന്തരീകരണവും ‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്ന വിശ്വാസ പ്രഖ്യാപനവും എല്ലാം യേശുക്രിസ്തുവിന്റെ ദൈവത്വത്തിലുള്ള മഹത്തായ വിശ്വാസ പ്രകടനമായിരുന്നു. പിന്നീട് ശ്ലീഹാ തന്റെ അനുഭവം ഭാരതസഭയ്ക്ക് പകര്‍ന്നു നല്‍കി നമ്മുടെ വിശ്വാസത്തിന്റെ പിതാവായി മാറുന്നത് നാം നമ്മുടെ വിശ്വാസത്തില്‍നിന്ന് തിരിച്ചറിയുന്നു.

വി. യോഹന്നാന്റെ സുവിശേഷം 19:31-ല്‍ നാം കാണുന്നു ”പടയാളികളില്‍ ഒരുവന്‍ വന്ന് അവന്റെ തിരുവിലാവില്‍ കുത്തി. അവിടെനിന്ന് രക്തവും വെള്ളവും ഒഴുകി.” ഈ രക്തവും ജലവും ലൊങ്കിനോസ് എന്ന പടയാളിയുടെ കണ്ണിനു കാഴ്ച നല്‍കി. അവന്‍ മിശിഹായെ നാഥനും രക്ഷകനുമായി അംഗീകരിച്ചു. അതിനപ്പുറം തന്നെ ദ്രോഹിച്ചവര്‍ക്കുപോലും സൗഖ്യത്തിന്റെ കരസ്പര്‍ശവുമായി സ്‌നേഹത്തിന്റെ പുതിയ ഭാഷ വിരചിക്കുന്ന യേശുനാഥനെയാണ് നാം ഇന്ന് അനുസ്മരിക്കുക എന്ന സത്യം മറക്കാതിരിക്കാം. തിരുഹൃദയത്തില്‍നിന്നും പുറപ്പെട്ട രക്തത്തിനും വെള്ളത്തിനും തന്നെ കുത്തി മുറിവേല്പിച്ച പടയാളിയുടെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കാന്‍ സാധിച്ചതിലൂടെ അദ്ദേഹത്തിന് പുതിയൊരു ജീവന്‍ നല്‍കാന്‍ സാധിച്ചു. യഹൂദചിന്തയനുസരിച്ച് രക്തം എന്നു പറയുന്നത് ജീവന്റെ അടയാളമാണ്. മിശിഹായെ രക്ഷകനും നാഥനുമായി അംഗീകരിച്ചപ്പോള്‍ അവന്‍ പുതിയൊരു ജീവിതത്തിലേക്കു പ്രവേശിച്ചു. ഇപ്രകാരമൊരു നവമായ ജീവിതത്തിനുടമകളായിത്തീരുവാനാണ് ഈശോ നമ്മോടാവശ്യപ്പെടുന്നത്. നമ്മെ ദ്രോഹിക്കുന്നവരോടുപോലും ഹൃദയപൂര്‍വ്വം നമ്മുടെ നാഥനും രക്ഷകനുമായ ഈശോയുടെ നാമത്തില്‍ ക്ഷമിക്കുവാനും സ്‌നേഹിക്കുവാനും അങ്ങനെ നമുക്ക് സൗജന്യമായി ലഭിച്ച രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരുവാനും സാധിക്കട്ടെ.

വര്‍ഷങ്ങള്‍ക്കുമുമ്പ് നാം ക്രൈസ്തവ കുടുംബങ്ങളില്‍ കയറിച്ചെല്ലുമ്പോള്‍ കട്ടിളപ്പടികളില്‍ ഒരു തിരുഹൃദയരൂപത്തിന്റെ ചിത്രവും ഒപ്പം ഒരു സ്റ്റിക്കറും എഴുതി ഒട്ടിച്ചിരുന്നത് കാണാമായിരുന്നു. ”ഈശോയാണ് ഈ കുടുംബത്തിന്റെ നാഥനും രക്ഷകനു”മെന്ന വിശ്വാസത്തിന്റെ സാക്ഷ്യം. എന്നാല്‍ ഇന്ന് കാലക്രമേണ ആ ആത്മീയ അഭ്യാസം അന്യം നിന്നുപോയി. ജീവിതത്തിലുടനീളം മിശിഹായെ കര്‍ത്താവും ദൈവവുമായി അംഗീകരിച്ച് ഏറ്റുപറയുകയും മിശിഹായുടെ സ്‌നേഹത്തിന്റെ പ്രവര്‍ത്തികള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ തിരുഹൃദയ ചൈതന്യത്തിലേക്ക് വളരുകയുള്ളൂ. ഈ കാഴ്ചപ്പാടില്‍ നമുക്ക് ആയിരിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ…
ആമേന്‍.

ഡീ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ