അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സന്യാസിനി 108 വയസ്സിന്റെ നിറവിൽ

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സന്യാസിനി 108 വർഷങ്ങൾ പിന്നിടുന്ന വിശ്വാസത്തിന്റെ നേർസാക്ഷ്യമാകുന്നു. ഏപ്രിൽ 20 -ന് തന്റെ നൂറ്റിയെട്ടാം പിറന്നാൾ ആഘോഷിച്ച സി. ഫ്രാൻസിസ് ഡൊമിനിസി പിസ്കറ്റെല്ല ഇപ്പോഴും താൻ സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. ജീവിതത്തിൽ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ദൈവത്തിന്റെ പദ്ധതിയെ ചേർത്തു പിടിച്ച ഈ സന്യാസിനി ഒൻപതു മാർപ്പാപ്പാമാരുടെയും 18 പ്രസിഡന്റുമാരുടെയും ജീവിതത്തിനും ഭരണത്തിനും സാക്ഷിയായിരുന്നു.

രണ്ടാം വയസ്സിൽ സംഭവിച്ച ഗുരുതരമായ അപകടത്തെ തുടർന്നു ഈ സന്യാസിനിയുടെ ഇടത് കൈത്തണ്ട മുറിച്ചുമാറ്റിയിരുന്നു. ഈ വൈകല്യം പിന്നീട് ഒരു സന്യാസ ആശ്രമത്തിൽ പ്രവേശിക്കുന്നതിന് തടസമായി എങ്കിലും ദൈവത്തിന്റെ പദ്ധതിയിൽ അവർ ഉറച്ചു വിശ്വസിച്ചു. നിരവധി ആശ്രമങ്ങൾ കയറിയിറങ്ങിയ അവർ ഒടുവിൽ ഡൊമിനിക്കൻ സന്യാസ ആശ്രമത്തിൽ പ്രവേശിച്ചു. കൈകളെ ബാധിച്ച കുറവ് ഒരിക്കലും തന്റെ കർത്തവ്യങ്ങൾ ചെയ്യുന്നതിൽ തടസമായിരുന്നില്ല. അതിനു ഇവർ നന്ദി പറയുന്നത് തന്റെ അമ്മയോടാണ്. ചെറുപ്പം മുതല്‍ എല്ലാകാര്യങ്ങളും സ്വയം ചെയ്യുവാനുള്ള പ്രാപ്തി അമ്മ പകർന്നു നൽകിയിരുന്നു.

സന്യാസിനി ആയ ശേഷം അധ്യാപക വൃത്തിയിലേയ്ക്ക് പ്രവേശിച്ച ഈ സന്യാസിനിക്ക് തന്റെ ജീവിതം കൊണ്ട് അനേകം ആളുകളെ സ്വാധീനിക്കുവാൻ കഴിഞ്ഞു. തന്റെ കൂടെയുള്ള സന്യാസിനിമാർ മാത്രമല്ല അൽമായരെയും ജീവിത മാതൃകയുടെ മാറ്റത്തിന്റെ പാതയിൽ എത്തിക്കുവാൻ ഈ സന്യാസിനിക്ക് കഴിഞ്ഞിരുന്നു. ഇന്ന് പ്രായത്തിന്റേതായ അവശതകൾ ഉണ്ടെങ്കിലും തന്റെ സമയം മുഴുവൻ പ്രാർത്ഥനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ഈ സന്യാസിനി. കഴിയും ദിവസങ്ങളിൽ എല്ലാം വിശുദ്ധ കുർബാനയ്ക്കു എത്തുന്ന ഇവർ തനിക്കു ഒരിക്കലും വിരസതയോ ഏകാന്തതയെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.