ഉയിര്‍പ്പുകാലത്തിന്റെ ആത്മീയത

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോയുടെ ഉത്ഥാനം കേന്ദ്രമാക്കിയുള്ള ആരാധനാക്രമവത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണിത്. ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഓരോരുത്തരുടെയും ഉയിര്‍പ്പിന്റെ അച്ചാരമാണെന്ന് സഭ ഈ കാലഘട്ടത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൂദാശകളിലൂടെ ഈശോയുടെ മരണത്തിലും ഉയിര്‍പ്പിലും പങ്കുപറ്റുന്ന ജീവിതമാണ് ക്രൈസ്തവജീവിതമെന്ന് ഇക്കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അമ്പതുനോമ്പിന്റെ അനുഷ്ഠാനത്തിലൂടെ സഭ ലക്ഷ്യം വെച്ചത് ക്രിസ്തീയ അസ്തിത്വത്തിനു തന്നെ നിദാനമായ ഈശോയുടെ ഉത്ഥാന രഹസ്യം ഒരുക്കത്തോടെ ആചരിക്കുക എന്നതാണ്. ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പെന്തക്കൂസ്താ ഞായര്‍ വരെയുള്ള അമ്പതുദിനങ്ങളാണ് ഉയിര്‍പ്പുകാലഘട്ടത്തില്‍ വരുന്നത്. ഇക്കാലഘട്ടം മുഴുവനും സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ചൈതന്യമാണ് പ്രാര്‍ത്ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചില സഭകളില്‍ ഉയിര്‍പ്പുകാലഘട്ടത്തില്‍ പ്രാര്‍ത്ഥനാവസരങ്ങളില്‍ മുട്ടുകുത്താറേ ഇല്ല. ദുഃഖവെള്ളിയുടെ ശോകമൂകതകളില്‍ നിന്ന് ഉത്ഥാനത്തിന്റെ ഞായറിലേയ്ക്കാണ് – സന്തോഷത്തിന്റെ ചൈതന്യത്തിലേയ്ക്കാണ് – നാം ആദ്യദിനം തന്നെ പ്രവേശിക്കുന്നത്.

സഭയിലെ ഏറ്റവും പുരാതനമായ തിരുനാളാണ് ഉത്ഥാനത്തിരുന്നാള്‍. നാലാം നൂറ്റാണ്ടുവരെ സഭയില്‍ ആചരിക്കപ്പെട്ടിരുന്ന ഏകതിരുനാളായിരുന്നു ഇത്. ഈ ദിനത്തിന് ”വലിയ ദിവസം”, ”ദിവസങ്ങളുടെ ദിവസം” ”ദിവസങ്ങളുടെ രാജ്ഞി”, ”ദൈവത്തിന്റെ യഥാര്‍ത്ഥ ദിവസം”, ”ഏറ്റം സന്തോഷകരമായ ദിവസം”, എന്നിങ്ങനെ പേരുകളുണ്ട്.

ഉയിര്‍പ്പു ഞായറിനുശേഷം വരുന്ന ഒരാഴ്ചയെ ”ആഴ്ചകളുടെ ആഴ്ച” എന്നാണ് വിളിക്കുന്നത്. പുതുതായി വിശ്വാസം സ്വീകരിച്ചവരുടെ ബഹുമാനാര്‍ത്ഥം ഈ ആഴ്ച മാറ്റിവച്ചിരുന്നു. ഉയിര്‍പ്പുകാലഘട്ടത്തില്‍ ആചരിക്കുന്ന പ്രധാനതിരുനാളുകള്‍ സ്വര്‍ഗ്ഗാരോഹണ തിരുനാളും, പുതുഞായര്‍ തിരുനാളും, സകല വിശുദ്ധരുടെയും തിരുനാളുമാണ്.

പൗരസ്ത്യ സുറിയാനിസഭാ പാരമ്പര്യം പിന്തുടരുന്ന സീറോ-മലബാര്‍ സഭയില്‍ ഉയിര്‍പ്പുതിരുന്നാളിനുശേഷം വരുന്ന വെള്ളിയാഴ്ച സകല വിശുദ്ധരുടെയും തിരുനാളാണ്. അന്നേദിവസം മാംസവര്‍ജ്ജനം നിര്‍ബന്ധമല്ല. ശെമയോന്‍ ബര്‍സബായുടെയും മറ്റുള്ളവരുടെയും രക്തസാക്ഷിത്വമാണ് ഇന്നേ ദിവസം സകല വിശുദ്ധരുടെയും തിരുനാളായി ആചരിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം. അദ്ദേഹം സെലുഷ്യ- സ്റ്റെസിഫോണിലെ കാതോലിക്കാ ആയിരുന്നു. ശാബോര്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒരു ദുഃഖവെള്ളിയാഴ്ച അദ്ദേഹം വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെ 40 പേരും വധിക്കപ്പെട്ടു. അവരില്‍ മെത്രാന്മാരും അല്മയന്മാരും ഉണ്ടായിരുന്നു. ഇത് എ.ഡി. 341-ലാണ് സംഭവിക്കുന്നത്. രക്തസാക്ഷിയുടെ മരണദിനമാണല്ലോ അവരുടെ തിരുനാള്‍ ദിനം. ഇവര്‍ മരിച്ചത് ദുഃഖവെള്ളിയാഴ്ച ആയിരുന്നതിനാല്‍ അവരുടെ ഓര്‍മ്മദിനം അടുത്ത വെള്ളിയാഴ്ച ആചരിക്കാന്‍ തുടങ്ങി. അതാണ് സകലവിശുദ്ധരുടെയും തിരുനാളായി ആചരിക്കപ്പെടാന്‍ ഇടയായത്. കുരിശും ഉത്ഥാനവും തമ്മിലുള്ള ബന്ധം കാണിക്കുവാനും ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ ഉത്ഥാനത്തിന്റെ ആചാരമാണെന്ന് ബോധ്യപ്പെടാനും ഈ ക്രമീകരണം സഹായിക്കുന്നു.

ഉയിര്‍പ്പുകാലത്തിന്റെ രണ്ടാം ഞായര്‍ പുതുഞായറാഴ്ചയാണ്. മാമ്മോദീസ സ്വീകരിച്ചതിനുശേഷം വെള്ളവസ്ത്രമണിഞ്ഞ് അവര്‍ ദൈവാലയത്തില്‍ വരുന്ന ഞായറാഴ്ച ആയതിനാല്‍ ലത്തീന്‍ സഭ ഇതിനെ ”വെളുത്ത ഞായര്‍” എന്നു വിളിക്കുന്നു. പുതുതായി വിശ്വാസം സ്വീകരിച്ചവര്‍ വിശുദ്ധകുര്‍ബാനയില്‍ ആദ്യന്തം പങ്കെടുക്കുന്ന ദിനം കൂടിയായതുകൊണ്ടാകാം ‘പുതുഞായര്‍’ എന്ന് ഈ ദിനത്തെ വിളിക്കുന്നത്. പുതുഞായറിനെ ‘തോമ്മാശ്ലീഹായുടെ ഞായര്‍’ എന്നും നമ്മുടെ സഭയില്‍ വിളിക്കുന്നു. ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞുപോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലത്തീന്‍ സഭയില്‍ ഉടലെടുക്കുന്നതെല്ലാം യാതൊരുവിവേചനവും കൂടാതെ ഇന്നും നാം സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ സീറോ-മലബാര്‍ സഭയിലും അത് രൂപപ്പെട്ടുവരുന്നത് ആ സഭയുടെ ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമാകുകയില്ലേ?

ഉയിര്‍പ്പുകാലത്തെ ആറാമത്തെ വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ തിരുനാളാണ്. മനുഷ്യാവതാരത്തോടെ തുടങ്ങിയ ദൈവപുത്രന്റെ ശാരീരികസാന്നിധ്യത്തിന് വിരാമമിട്ട ഈ സംഭവം ഉയിര്‍പ്പിനുശേഷം നാല്‍പ്പതാം നാള്‍ ആചരിക്കുന്നു. നാലാം നൂറ്റാണ്ടോടുകൂടിയാണ് ഈ തിരുനാളിന് സഭയില്‍ പ്രാധാന്യം ലഭിച്ചത്. പ്രപഞ്ചശക്തികളുടെ മേല്‍ ഈശോയ്ക്കുള്ള അധികാരത്തെയും ഈ തിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നു. കുരിശുമരണത്തിലൂടെ ഈശോ നേടിയെടുത്ത വിജയത്തിന്റെ ഉച്ചകോടിയാണ് സ്വര്‍ഗ്ഗാരോഹണം. ഈശോയുടെ സഭയിലുള്ള നിരന്തര സാന്നിധ്യത്തെയും ഇത് ഓര്‍മ്മപ്പെടുത്തുന്നു. ഈശോയുടെ രാജത്വത്തെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളാണ് ഈ ദിവസത്തെ യാമപ്രാര്‍ത്ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ”സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു” (മത്താ 28:18). സകലത്തിന്മേലും അധികാരം സ്വര്‍ഗ്ഗാരോഹണത്തിലൂടെ ലഭിച്ച ഈശോയുടെ രാജത്വത്തിരുനാള്‍ ദിനമല്ലേ സീറോ-മലബാര്‍ സഭയില്‍ ഇന്നേ ദിനം?
ഉയിര്‍പ്പുകാലത്തെ പ്രാര്‍ത്ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്ധ്യാത്മിക ചിന്തകളെ നാല് ഗണത്തില്‍പ്പെടുത്താം.

1. മരണത്തിന്മേലും പാപത്തിന്മേലും ഈശോ വിജയിച്ചു.
2. പ്രപഞ്ചം പുതുജീവന്‍ പ്രാപിച്ചു.
3. സ്ലീവാ മഹത്വീകരിക്കപ്പെട്ടു.
4. രക്ഷകനും സ്ലീവായും ഒന്നുതന്നെ.

ഫാ. കുരിയാക്കോസ് മൂഞ്ഞേലി എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.