സൃഷ്ടിയെ സംരക്ഷിക്കാന്‍ ഒരു മാസക്കാലത്തെ കര്‍മ്മപദ്ധതി

പൊതുഭവനമായ ഭൂമിയെയും അതിലെ ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കാന്‍ അനുവര്‍ഷം ക്രൈസ്തവര്‍ ആചരിക്കുന്ന “സൃഷ്ടിക്കായി ഒരു മാസം” (Season of Creation) പരിപാടിയില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന്, സമഗ്ര മാനവ പുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ആഹ്വാനം ചെയ്തു. ജൂലൈ 16-ാο തീയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ സഭകള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സ്ണ്‍ ആഹ്വാനം ചെയ്തത്.

സെപ്തംബര്‍ 1, സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനം മുതല്‍ ഒക്ടോബര്‍ 4, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ വരെ നീണ്ടുനില്‍ക്കുന്ന കാലയളവാണ് “സൃഷ്ടിയുടെ ഒരു മാസം” (Season of Creation). ക്രൈസ്തവര്‍ – ഇടവകകളും, സ്ഥാപനങ്ങളും, സംഘടനകളും, യുവജനപ്രസ്ഥാനങ്ങളും ഇതരസഭകളോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും, പരിസ്ഥിതിയുടെ സംരക്ഷണത്തിന് ആവുന്നത് ചെയ്യാന്‍ ഒത്തൊരുമിച്ചു പ്രാര്‍ത്ഥനാപൂര്‍വ്വം പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അനുസ്മരിപ്പിച്ചു.

മേല്പറഞ്ഞ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ ഉതകുന്ന ആരാധനക്രമ പരിപാടികള്‍, പ്രാര്‍ത്ഥനകള്‍, വിശുദ്ധഗ്രന്ഥ പാരായണ ഭാഗങ്ങള്‍, ദൈവശാസ്ത്രപരമായ പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അറിയിച്ചു. ഒപ്പം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംഘടിതമായ രാജ്യാന്തര-ദേശീയ-പ്രാദേശീയ പരിപാടികളിലും ക്രൈസ്തവര്‍ പങ്കെടുക്കാന്‍ പരിശ്രമിക്കണമെന്നതാണ് സംഘാടകരായ സഭൈക്യക്കൂട്ടായ്മയുടെ ആഗ്രഹം. സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ഈ പ്രകൃതിസംരക്ഷണ പരിപാടിയില്‍ നാം അറിവോടും താല്പര്യത്തോടും കൂടി പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കേണ്ടതാണ് എന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.