ഉത്ഥിതനെ തേടി – 19 – സമാധാനം

സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും എന്നാണ് വചനം പറയുന്നത് (മത്തായി 5:9).

സമാധാനക്കേടിന്റെ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സമാധാനം സ്ഥാപിക്കേണ്ട ഭരണാധികാരികൾ തന്നെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലേക്ക് തള്ളിവിടുന്നു. യുദ്ധങ്ങൾക്ക് മുറവിളി കൂട്ടുന്നു. ലോകത്ത് അനുദിനം ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നു.

നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ ഓർക്കാം. അവിടെ പ്രതിസന്ധികൾക്കിടയിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്ന ധീരരായ നമ്മുടെ സഹോദരങ്ങൾക്ക് ഈശോയിൽ അടിയുറച്ച് തുടർന്നും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

പ്രാർത്ഥന

ഈശോയെ, അങ്ങിലുള്ള വിശ്വാസത്തെപ്രതി പീഡകൾ സഹിക്കുന്ന, വിഷമം അനുഭവിക്കുന്ന എല്ലാവരെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ദുരിതങ്ങളിൽ അവർക്ക് അങ്ങ് ആശ്വാസമേകണമെ. മതത്തിന്റെ പേരിൽ നടക്കുന്ന എല്ലാ കൊലപാതകങ്ങളും അവസാനിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ വിജയിപ്പിക്കണമേ. സമാധാനത്തിലും ശാന്തിയിലും ജനങ്ങളെ നയിക്കാൻ എല്ലാ ഭരണാധികാരികളെയും അനുഗ്രഹിക്കണമേ. ആമ്മേൻ.

നിയോഗം

മതതീവ്രവാദികളുടെ മാനസാന്തരത്തിനു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, എല്ലാ മതതീവ്രവാദികളുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

തന്റെ കല്‍പനകളും പ്രമാണങ്ങളും പ്രവേശിക്കാന്‍ അവിടുന്ന്‌ നിങ്ങളുടെ ഹൃദയം തുറക്കുകയും നിങ്ങള്‍ക്കു സമാധാനം നല്‍കുകയും ചെയ്യട്ടെ! (2 മക്ക. 1:4).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു