ഉത്ഥിതനെ തേടി – 45 – പത്രോസ്

തള്ളിപ്പറയലിന്റെ പാരമ്യത്തിൽ അനുഭവിച്ച പാപബോധത്തെ, പശ്ചാത്താപത്തിന്റെ കണ്ണുനീരിൽ കഴുകി ദൈവത്തിങ്കലേക്ക് തിരികെ വന്നവനാണ് പത്രോസ് (മത്തായി 26:75; മർക്കോ. 14:72; ലൂക്കാ 22:62). നിന്നോടുകൂടെ മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ നിഷേധിക്കുകയില്ല എന്ന പത്രോസിന്റെ ആത്മവിശ്വാസത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നീയും ആ ഗലീലിക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്ന പ്രധാനപുരോഹിതന്റെ പരിചാരികയുടെ ചോദ്യത്തിന് മുന്നിൽ (മത്തായി 26:69) പതറുന്ന പത്രോസ്, ഈശോയെ അറിയുകയില്ല എന്ന് ആവർത്തിക്കുകയാണ് ഒന്നല്ല മൂന്ന് പ്രാവശ്യം.

ഈശോയെ അടുത്തനുഗമിക്കേണ്ടവൻ ആണ് ക്രിസ്തുശിഷ്യൻ. അനുഗമനം അകലെ ആകുമ്പോൾ (ലൂക്കാ 22:54) തള്ളിപ്പറയലുകളുടേയും ഒറ്റിക്കൊടുക്കലിന്റെയും എണ്ണം കൂടും. നമുക്കുണ്ടാകുന്ന പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും വെല്ലുവിളികളിലും ഒക്കെയാണ് ഈശോയിലുള്ള വിശ്വാസത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുന്നത്. ദൈവത്തിൽ നിന്നകന്നു പോകാനിടയാകുമ്പോൾ, കുറ്റബോധം കൊണ്ട് നാശത്തിലേക്ക് പോയ യൂദാസിനെ മാതൃകയാക്കാതെ മനംനൊന്ത് കരഞ്ഞ പത്രോസിനെ മാതൃകയാക്കാം.

പ്രാർത്ഥന

ഈശോയെ, ജീവിതത്തിൽ കിട്ടുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതെ നിന്നെ കൂടുതൽ അടുത്തനുഗമിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. പാപബോധവും പശ്ചാത്താപവും നൽകി, നിർമ്മലമായ മനസോടെ ജീവിക്കാനുള്ള കൃപ തരണമേ. ആമ്മേൻ.

നിയോഗം

അനുതാപം ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, അനുതപിക്കുന്ന എല്ലാ പാപികളുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു (ലൂക്കാ 22:62).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു