ഉത്ഥിതനെ തേടി – 40 – ഒരുക്കം

ഉത്ഥിതനെ തേടിയുള്ള യാത്ര നാല്പതാം വെള്ളിയിൽ എത്തിനിൽക്കുകയാണ്. അടുത്ത ഒരുക്കത്തിലേക്ക് പ്രവേശിക്കാൻ സമയമായി. ആത്മീയമായ ചില ഒരുക്കത്തിന്റെ തിടുക്കങ്ങൾ കൂട്ടണം. ഒന്നു കുമ്പസാരിക്കാൻ തിടുക്കം കൂട്ടണം, മുറിഞ്ഞുപോയ ബന്ധങ്ങൾ ഉണ്ടെങ്കിൽ വിളക്കിച്ചേർക്കാൻ തിടുക്കം കൂട്ടണം. അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണം. സ്നേഹബന്ധങ്ങൾ പവിത്രമാക്കണം. പരോപകാരപ്രവർത്തികൾ ചെയ്യണം എങ്കിൽ ഉത്ഥിതനെ തേടിയുള്ള ഈ യാത്ര തീർച്ചയായും ഫലം ചെയ്യും. എന്റെ ഹൃദയത്തിൽ വരാൻ ഉത്ഥിതനും തിടുക്കം കൂട്ടും. ഒരുങ്ങാം തിടുക്കത്തിൽ…

നിയോഗം

ഇന്ന് വിശുദ്ധ കുമ്പസാരം നടത്തുന്ന എല്ലാവർക്കും വേണ്ടി.

പ്രാർത്ഥന

ഈശോയെ, അങ്ങയുടെ ഉയിർപ്പിന്റെ അടുത്ത ഒരുക്കത്തിലേക്ക് ഞാൻ എത്തിയിരിക്കുന്നു. എന്റെ ഹൃദയത്തിലേയ്ക്ക് കടന്നുവരണമേ, അതിനു തക്കതായ വിശുദ്ധി എന്റെ ഹൃദയത്തിന് നൽകണമേ. അങ്ങയെ സ്വീകരിക്കുവാൻ, ആരാധിക്കുവാൻ, സ്നേഹിക്കുവാൻ ഒക്കെയുള്ള ഒരു തിടുക്കം എന്റെ മനസിനും ഹൃദയത്തിനും നൽകണമേ. ഇന്നേ ദിവസം വിശുദ്ധ കുമ്പസാരം നടത്തുന്ന എല്ലാ മക്കളെയും വിശുദ്ധിയിൽ കൈപിടിച്ച് നടത്തണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളെയും സഫലമാക്കണമേ. ആമ്മേൻ.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, ഇന്ന് വിശുദ്ധ കുമ്പസാരം നടത്തുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്ന് പ്രവാചകന്മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു. (അപ്പ. പ്രവ. 10:43).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു