ഉത്ഥിതനെ തേടി – 36 – വിധി

പാപിനിയായ സ്ത്രീ ചെയ്തുകൂട്ടിയ പാപത്തിന്റെ എണ്ണമോ വലിപ്പമോ അല്ല ഈശോ നോക്കിയത്. തന്റെ പാദത്തിനരികെ കരഞ്ഞുകൊണ്ട് നിന്ന അവളുടെ ഹൃദയവേദനയും മനസ്താപവും ആണ്. ഒരുപക്ഷെ, അവളെ കല്ലെറിയാൻ വന്നവരിൽ പലരും അവളുടെ കൂടെ കിടക്ക പങ്കിട്ട കപടസദാചാരവാദികൾ ആയിരുന്നിരിക്കാം. അതായിരിക്കാം ഈശോ പറഞ്ഞത്: “നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ” എന്ന്.

പാപം ഒന്നിന്റെയും അവസാനമല്ല. യഥാർത്ഥമ നസ്താപത്തോടെ ഈശോയിൽ അഭയം പ്രാപിച്ചാൽ അത് പുതിയ ഒരു തുടക്കമാണ്. വിശുദ്ധിയിലേക്കുള്ള ഒരു പുതിയ യാത്ര. ആ യാത്ര ആരംഭിക്കുമ്പോൾ ഈശോയുടെ സ്‌നേഹപൂർണ്ണമായ കല്പന മനസ്സിൽ ഉണ്ടാവട്ടെ, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌.”

പ്രാർത്ഥിക്കാം

ഈശോയെ, ഓരോ കുമ്പസാരവും വിശുദ്ധിയിലേയ്ക്കുള്ള അങ്ങയുടെ സ്നേഹപൂർണ്ണമായ വിളിയാണല്ലോ. എന്നാൽ പലപ്പോഴും ആ വിളിക്ക് ചെവികൊടുക്കാതെ വീണ്ടും തിന്മയുടെ വഴിയേ ഞാൻ സഞ്ചരിച്ച് നിന്നിൽനിന്നും അകന്നുകൊണ്ടിരിക്കുന്നു. ഈശോയെ, വിശുദ്ധിയിൽ ജീവിക്കുവാനും വളരാനുമുള്ള ആഗ്രഹം എന്നിൽ നിറയ്ക്കണമേ. വിശുദ്ധ കുമ്പസാരത്തിലൂടെ ആത്മാവിൽ പുത്തനാക്കപ്പെടുവാനും പാപത്തിന്റെ വഴിയിൽ നിന്നും അകന്നുനില്‍ക്കുവാനും തിന്മയെ ചെറുക്കാനും എന്നെ അനുഗ്രഹിക്കണമെ. ആമ്മേൻ.

നിയോഗം

കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാതെ പാപത്തിൽ തുടരുന്ന കഠിനപാപികൾക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, അനുതപിക്കാത്ത എല്ലാ പാപികളുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അവര്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു: “നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ” (യോഹ. 8:7).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു